72 ദിവസത്തെ ചികിത്സ: മരണത്തെ മുഖാമുഖം കണ്ട കൊവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് – UKMALAYALEE

72 ദിവസത്തെ ചികിത്സ: മരണത്തെ മുഖാമുഖം കണ്ട കൊവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക്

Sunday 20 September 2020 9:03 PM UTC

കൊല്ലം Sept 20: കൊല്ലം ജില്ലയില്‍ മരണത്തെ മുഖാമുഖം കണ്ട കൊവിഡ് രോഗി ജീവിതത്തിലേക്ക്. ഇത് സംസ്ഥാനത്തിന്റെ വലിയ ചികിത്സാ നേട്ടമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലാണ് സംഭവം.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 43 ദിവസം വെന്റിലേറ്ററിലും 20 ദിവസം കോമാ സ്‌റ്റേജിലുമായിരുന്നു രോഗി. ശാസ്താം കോട്ട പള്ളിശേരിക്കല്‍ സ്വദേശി ടൈറ്റസാണ് അത്ഭുതകരമായി ജീവിത്തതിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ജൂലൈ 6 നായിരുന്നു കൊവിഡിനെ തുടര്‍ന്ന് ടൈറ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മത്സ്യ വില്‍പ്പന തൊഴിലാളിയായിരുന്നു ടൈറ്റസ്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ശ്വാസകോശ വിഭാഗം ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലുമായിരുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേണ്ടതായി വന്നു. 6 ലക്ഷം രൂപ വിനിയോഗിച്ച് വെന്റിലേറ്ററില്‍ തന്നെ ഡയാലിസിസ് മെഷീനുകളും സ്ഥാപിക്കുകയായിരുന്നു. 30 ഓളം തവണ ഡയലിസിസും രണ്ട് തവണ പ്ലാസ്മ തെറാപ്പിയും ടൈറ്റസിന് നടത്തിയിരുന്നു.

ജൂലൈ 15 ന് ടൈറ്റസ് കൊവിഡ് നെഗറ്റീവായി. എന്നാല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ ചതുടര്‍ന്ന് ഓഗസ്റ്റ് 17 വരെ വെന്റിലേറ്ററിലും പിന്നീട് ഐസിയുവിലും തുടരുകയായിരുന്നു ഓഗസ്റ്റ് 21 ന് വാര്‍ഡിലേക്ക് മാറ്റി. ഫിസിയോതെറാപ്പിയിലൂടെ സംസാര ശേഷിയും ചലന ശേഷിയും വീണ്ടെടുത്തു. ആരോഗ്യ പ്രവര്‍ത്തകരുടെ 72 ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി ആരോഗ്യ പുരോഗതി നേടിയ ടൈറ്റസ് ഇന്നലെ ആശുപതി വിടുകയായിരുന്നു.

സാധാരണ നിലക്ക് സ്വകാര്യ ആശുപത്രിയിലായിരുന്നുവെങ്കില്‍ 30 ലക്ഷം രൂപയെങ്കിലും ചികിത്സാ ചെലവ് വേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും മനോബലം പകരുന്ന അതിജീവന മാതൃകയായിതിനാലാണ് ഇത് എടുത്ത് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റസിനെ ചികിത്സിച്ച് എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ ഇത്രയേറെ പ്രത്യേകതകളുള്ള ഇടപെടലാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അതിനിടയില്‍ രോഗ വ്യാപനത്തിന് കാരണമാവുന്ന ശ്രമങ്ങള്‍ ഉണ്ടാക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതിന് കൂടിയാണ് ഇത് വാര്‍ത്ത സമ്മേളനത്തില്‍ പ്രത്യേകം സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM