സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍; മികച്ച നടന്‍ ശിവജി ഗുരുവായൂര്‍, നടി അശ്വതി ശ്രീകാന്ത് – UKMALAYALEE

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍; മികച്ച നടന്‍ ശിവജി ഗുരുവായൂര്‍, നടി അശ്വതി ശ്രീകാന്ത്

Wednesday 1 September 2021 8:56 PM UTC

KOCHI Sept 1: 29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മികച്ച നടനായി ശിവജി ഗുരുവായൂരും മികച്ച നടിയായി അശ്വതി ശ്രീകാന്തും തെരഞ്ഞെടുക്കപ്പെട്ടു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചക്കപ്പഴം ‘എന്ന സീരിയലിലെ പ്രകടനത്തിനാണ് അശ്വതിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ‘കഥയറിയാതെ’ എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം ശിവജി ഗുരുവായൂരിനെ തേടിയെത്തിയത്.

ഏറ്റവും മികച്ച രണ്ടാമത്തെ നടിയായി ‘അക്ഷരത്തെറ്റ്’ എന്ന പരമ്പരയിലെ ശാലു കുര്യനും മികച്ച രണ്ടാമത്തെ നടനായി റാഫിയും തെരഞ്ഞടുക്കപ്പെട്ടു. ‘ചക്കപ്പഴം’ എന്ന സീരിയലിലെ പ്രകടനമാണ് റാഫിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്‌കാരം ഈ വര്‍ഷവും മഴവില്‍ മനോരമയിലെ ‘മറിമായം’സ്വന്തമാക്കി. മറിമായത്തിലെ അഭിനയത്തിന് സലിം ഹസന്‍ മികച്ച ഹാസ്യ നടനുള്ള പ്രത്യേക പരാമര്‍ശം നേടി.

മികച്ച ബാലതാരമായി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഒരിതള്‍’ എന്ന പരമ്പരയിലെ ഗൗരി മീനാക്ഷി തെരഞ്ഞെടുക്കപ്പെട്ടു.

ദൂരദര്‍ശനിലെ ‘സൗമ്യം, ശ്രീത്വം, ഭാവദ്വയം’ എന്ന പരിപാടിയിലൂടെ രാജശ്രീ വാര്യര്‍ മികച്ച അവതരണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം നടത്തി വരുന്ന ‘വല്ലാത്തൊരു കഥ’യുടെ അവതാരകനായ ബാബു രാമചന്ദ്രന്‍ മികച്ച അവതാരകനായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഇന്റര്‍വ്യൂവര്‍ക്കുള്ള പുസ്‌കാരം 24 ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ. ആര്‍. ഗോപീകൃഷ്ണനും വാര്‍ത്താ അവതാരകയ്ക്കുള്ള പുരസ്‌കാരം ന്യൂസ് 18ലെ രേണുജ എന്‍. ജിയും നേടി

മികച്ച കമന്റേറ്റര്‍ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ സി. അനൂപാണ് കരസ്ഥമാക്കിയത്. ‘പാട്ടുകള്‍ക്ക് കൂടൊരുക്കിയ ആള്‍’ എന്ന പരിപാടിക്കാണ് പുരസകാര നേട്ടം.

നന്ദകുമാര്‍ തോട്ടത്തലിന്റെ ‘ദി സീ ഓഫ് എക്റ്റസി’യാണ് മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയത്. മികച്ച ന്യൂസ് ക്യാമറാമാനുള്ള പുരസ്‌കാരം മനോരമ ന്യൂസിലെ ജെയ്ജി മാത്യു സ്വന്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM