20 മണിക്കൂര്‍ ചോദ്യശരശയ്യയില്‍; ശിവശങ്കര്‍ സംശയനിഴലില്‍ത്തന്നെ – UKMALAYALEE

20 മണിക്കൂര്‍ ചോദ്യശരശയ്യയില്‍; ശിവശങ്കര്‍ സംശയനിഴലില്‍ത്തന്നെ

Wednesday 29 July 2020 1:18 AM UTC

കൊച്ചി July 29 : രണ്ടു ദിവസത്തിനിടെ 19.5 മണിക്കൂര്‍ ചോദ്യംചെയ്‌തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു ക്ലീന്‍ ചിറ്റ്‌ നല്‍കാതെ ദേശീയ അന്വേഷണ ഏജന്‍സി.

പ്രതിയോ സാക്ഷിയോ ആക്കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടായേക്കും. കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസില്‍ തുടര്‍ച്ചയായി രണ്ടു പകല്‍ ചോദ്യങ്ങളുടെ മുള്‍മുനയില്‍നിന്ന ശിവശങ്കര്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തിനു മടങ്ങി.

ഫോണ്‍ കോള്‍ പട്ടിക കാണിച്ചെങ്കിലും ബാഗേജ്‌ വിട്ടുകിട്ടാനായി താന്‍ അസിസ്‌റ്റന്റ്‌ കസ്‌റ്റംസ്‌ കമ്മിഷണറെ വിളിച്ചെന്നു സമ്മതിക്കാന്‍ ശിവശങ്കര്‍ തയാറായില്ല. എന്നാല്‍ പ്രതികളുമായുള്ള ബന്ധം തെളിഞ്ഞത്‌ ക്ലീന്‍ ചിറ്റിനു തടസമായി.

ഇന്നലത്തെ 10 മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം രാത്രി 8.40-നാണു ശിവശങ്കര്‍ പുറത്തിറങ്ങിയത്‌. ഇതുവരെയുള്ള തെളിവുകളും മൊഴികളും വിലയിരുത്തുമ്പോള്‍ സ്വര്‍ണക്കടത്തിനു തീവ്രവാദ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ ഉന്നതോദ്യോഗസ്‌ഥര്‍ സൂചിപ്പിച്ചു.

സ്വപ്‌നയുടെ ഭര്‍ത്താവ്‌ തന്റെ അകന്ന ബന്ധുവാണെന്നും അങ്ങനെയാണു സ്വപ്‌നയുമായി പരിചയപ്പെട്ടതെന്നും ശിവശങ്കര്‍ മൊഴി നല്‍കി. സരിത്തിനെ പരിചയപ്പെടുത്തിയതു സ്വപ്‌നയാണ്‌. താനുമായുള്ള പരിചയം പ്രതികള്‍ ദുരുപയോഗം ചെയ്ുയകയായിരുന്നു.

സ്വപ്‌നയുമായുള്ള അടുപ്പം വ്യക്‌തിപരവും ജോലിയുടെ ഭാഗമായുള്ളതുമാണ്‌. സര്‍ക്കാരിന്റെ വിവിധ പരിപാടികളില്‍ അവരുടെ പ്രവൃത്തിപരിചയം ഉപയോഗിച്ചിട്ടുണ്ട്‌.

വിദേശികളായ അതിഥികളെ സ്വീകരിക്കാനും മറ്റും സ്വപ്‌നയുടെ ബഹുഭാഷാ ജ്‌ഞാനം പ്രയോജനപ്പെട്ടു. സ്വപ്‌നയും സരിത്തുമൊഴികെയുള്ള പ്രതികളുമായി യാതൊരു പരിചയവുമില്ല.

ശിവശങ്കറിന്റെ ഫോണിലേക്കു സരിത്ത്‌ ഒമ്പതു തവണയും തിരികെ അഞ്ചുതവണയും വിളിച്ചതിന്റെ രേഖ കാണിച്ചെങ്കിലും ഇതെല്ലാം വ്യക്‌തിപരം എന്നായിരുന്നു മറുപടി. ശിവശങ്കറുടെ മൊഴി പ്രതികളുടെ മൊഴികളുമായും തെളിവുകളുമായും ഒത്തുനോക്കും.

സെക്രട്ടറിയേറ്റിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മൊഴിയുമായി ചേര്‍ച്ചയില്ലെങ്കില്‍ വീണ്ടും വിളിപ്പിക്കും.
സ്വര്‍ണക്കടത്തിനെപ്പറ്റി ശിവശങ്കര്‍ അറിഞ്ഞിരുന്നെന്ന്‌ അന്വേഷണ ഏജന്‍സിക്കു ബോധ്യപ്പെട്ടിട്ടുണ്ട്‌.

കുറ്റകൃത്യം നടക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ചതിന്‌ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 39-ാം വകുപ്പ്‌ പ്രകാരം ആറുമാസം വരെ തടവുശിക്ഷ ലഭിക്കാം. ഈ കേസ്‌ പ്രത്യേകമായി രജിസ്‌റ്റര്‍ ചെയേ്േണ്ടതുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM