തെറ്റ് വേട്ടക്കാരന്റേത് തന്നെയെന്ന് മംമ്‌തയോട് റിമ : കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റൂ- മംമ്‌ത – UKMALAYALEE

തെറ്റ് വേട്ടക്കാരന്റേത് തന്നെയെന്ന് മംമ്‌തയോട് റിമ : കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റൂ- മംമ്‌ത

Saturday 21 July 2018 3:42 AM UTC

KOCHI July 21: ലൈംഗിക അതിക്രമങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാര്‍ അവര്‍ തന്നെ ആണെന്ന തരത്തിലും ഡബ്ലിയുസിസി ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നുമുള്ള നടി മംമ്‌ത മോഹന്‍ദാസിന്റെ പ്രസ്താവനയെ തിരുത്തി നടി റിമാ കല്ലിങ്കല്‍.

നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ നിങ്ങളല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണ് റിമ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിമ തന്റെ നിലപാട് പ്രഖ്യാപിച്ചത്. മറ്റൊരാളുടെ പ്രവൃത്തിയില്‍ കുറ്റബോധം തോന്നേണ്ടെന്നും റിമപറഞ്ഞു.

റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയായി മംമ്‌തയും കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. സമൂഹത്തില്‍ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് അവബോധമുണ്ട്. ഞാന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നതിനാല്‍ എനിക്കത് മനസ്സിലാകാതിരിക്കില്ല.

സ്വാഭാവികമായി അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നൊരു സമൂഹത്തിലാണ് ഞാനും ജീവിക്കുന്നത്. സ്ത്രീയെ അപലകളെന്ന് ചിത്രീകരിക്കാനും വായ് അടപ്പിക്കാനും വളരെ എളുപ്പമുള്ളൊരു പരിതസ്ഥിതി.

ഞാന്‍ വിശ്വസിച്ച ചില പുരുഷന്മാരില്‍നിന്ന് എനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുരുഷന്‍ ശക്തനാണോ, പരിചയമുള്ള ആളാണോ എന്നതിന് പ്രസക്തിയില്ല സ്ത്രീയെ സംബന്ധിച്ച് ഫലം ഒന്ന് തന്നെയാണ്.

പ്രിയപ്പെട്ട സ്ത്രീകളെ, തന്റെ ഉള്ളില്‍നിന്ന് നിലവിളിക്കുന്ന സ്ത്രീകള്‍ക്ക് എതിരെ തിരിയരുത്. പ്രതികരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക.

ചുരുക്കത്തില്‍, എനിക്ക് ഇല്ലാത്തത് എമ്പതിയോ ഐക്യുവോ അല്ല.. എനിക്ക് ഇല്ലാത്തത് തെറ്റ് ചെയ്തവരോടുള്ള ക്ഷമയാണ്. ബലാത്സംഗിയെന്ന് തെളിഞ്ഞാല്‍ നീതിപീഠത്തോട് ആവശ്യപ്പെടേണ്ടത് അവരെ തൂക്കിലേറ്റാനാണ്.

രണ്ടാമതൊരു അവസരം കൊടുക്കരുത്. സ്ത്രീകളെ നിങ്ങള്‍ പ്രതികരിക്കുകയും ശബ്ദമുണ്ടാക്കുകയും വേണം, ചരിത്രം ആവര്‍ത്തിക്കാന്‍ സമ്മതിക്കരുത്. പരസ്പരം പോര്‍വിളിക്കുന്നതിന് മുന്‍പ് ജുഡീഷ്യല്‍ സിസ്റ്റത്തിന് നേരെ വിരല്‍ച്ചൂണ്ടുക’

 

CLICK TO FOLLOW UKMALAYALEE.COM