UKMALAYALEE

Saturday 28 December 2019 6:22 AM UTC

തിരുവനന്തപുരം Dec 28: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച കക്ഷികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി ഭരണഘടനാ സംരക്ഷണസമിതി രൂപീകരിക്കാന്‍ സി.പി.എം. ഒരുങ്ങുന്നു.

ശബരിമല യുവതീപ്രവേശവിവാദത്തേത്തുടര്‍ന്ന്‌ സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ നവോത്ഥാന സംരക്ഷണസമിതി രൂപീകരിച്ചിരുന്നു. അതേ മാതൃകയില്‍ ഭരണഘടനാ സംരക്ഷണസമിതി രൂപീകരിക്കാനാണു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.

പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ ആശങ്ക സൃഷ്‌ടിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി നാളെ രാഷ്‌ട്രീയകക്ഷികളുടെയും മത/സാമൂഹികസംഘടനകളുടെയും യോഗം വിളിച്ചിട്ടുണ്ട്‌.

യോഗത്തില്‍ ഭരണഘടനാ സംരക്ഷണസമിതിയെന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവച്ചേക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന, സി.പി.എം. നിലപാടുകളോടു യോജിക്കുന്ന കക്ഷികളെ സമിതിയില്‍ ഉള്‍പ്പെടുത്താനാണു നീക്കം.

വര്‍ഗീയകക്ഷികളെയും സംഘടനകളെയും ഒഴിവാക്കും.
റിപ്പബ്ലിക്‌ ദിനമായ ജനുവരി 26-നു കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ക്കും.

ഭരണഘടനാസംരക്ഷണം ലക്ഷ്യമിട്ടുള്ള മനുഷ്യച്ചങ്ങലയില്‍ അണിചേരാന്‍ ബി.ജെ.പി, എസ്‌.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരൊഴികെ എല്ലാവരെയും ക്ഷണിക്കുമെന്നു സി.പി.എം. നേതൃത്വം വ്യക്‌തമാക്കി.

മുസ്ലിം ലീഗ്‌ ഉള്‍പ്പെടെ, യു.ഡി.എഫ്‌. ഘടകകക്ഷികളെ സഹകരിപ്പിക്കാനുള്ള സാധ്യതയും ആരായും. ഇതിനായി എളമരം കരീം എം.പിയെ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ ചുമതലപ്പെടുത്തിയതായാണു സൂചന.

എന്നാല്‍, മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ്‌ നേതാവുമായ എം.കെ. മുനീര്‍ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്‌തപരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ അറിയിക്കണം. അത്‌ എ.കെ.ജി. സെന്ററില്‍നിന്ന്‌ ആകരുതെന്നും മുനീര്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM