
12 വയസിൽ താഴെയുള്ള സ്വന്തം കുട്ടിയുമായി ഒറ്റയ്ക്ക് യുകെയിൽ നിന്നും ഇൻഡ്യയിലേയ്ക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്
Thursday 21 April 2022 8:12 PM UTC

നാട്ടിലേയ്ക്ക് പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ഹരീഷ് പാലാ
LONDON April 21: ഞാനും എന്റെ കുടുംബവും രണ്ടാഴ്ചയ്ക്ക് മുൻപ് നാട്ടിലേയ്ക്ക് പോകാനായി എയർപോർട്ടിൽ ചെന്നപ്പോഴാണ് സംഭവം.
എന്റെ ഭാര്യയും 4 വയസുള്ള ഇളയ മോനുമാണ് ആദ്യം യാത്ര ചെയ്യുന്നത്. ഒരാഴ്ച്ച കൂടി കഴിഞ്ഞാണ് ഞാനും 10വയസുള്ള മോളും യാത്ര ചെയ്യുന്നത്. എയർ ഇൻഡ്യയിലാണു യാത്ര. ഹീത്രൂവിൽ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാനത്തിൽ.
ഭാര്യയേയും മോനേയും ഹീത്രൂ എയർപോർട്ടിൽ വിട്ട് ഞാനും മോളും തിരിച്ച് വരുന്നവഴി ഒരു സർവീസിൽ ഭക്ഷണം കഴിക്കാനായി കയറിയപ്പോഴാണ് ഭാര്യയുടെ കോൾ വരുന്നത്.
എന്റെ കൺസന്റ് ലെറ്ററും പാസ്പോർട്ടിന്റെ കോപ്പിയുമില്ലാതെ കുഞ്ഞിനെ കൊണ്ടുപോകാനാവില്ലത്രേ. അമ്മ കുഞ്ഞിനെ കൊണ്ടുപോകുന്നതിൽ അച്ഛനായ എനിക്ക് എതിർപ്പൊന്നുമില്ല എന്ന് എഴുതി ഒപ്പിട്ടു കൊടുക്കണമത്രേ.
സത്യത്തിൽ ഇങ്ങനെ ഒരു കാര്യം ഞങ്ങൾക്കറിയില്ലായിരുന്നു. ആരും പറഞ്ഞതുമില്ല. ടിക്കറ്റ് തന്ന ഏജൻസി പോലും പറഞ്ഞില്ല. എന്നെ പോലെ ഇതറിയാത്ത നിരവധി ആളുകൾ ഉണ്ടാവും. അവർക്ക് ഇതൊരു ഉപകാരമായിക്കോട്ടെ എന്ന് വിചാരിച്ചാണ് എഴുതുന്നത്.
ഞാൻ നിൽക്കുന്നത് ഏകദേശം 20 മൈലോളം അകലെയുള്ള ഒരു സർവീസിൽ. M25 ലെ ട്രാഫിക്ക് മറി കടന്ന് വീണ്ടും ഹീത്രൂ എയർപോർട്ടിൽ എത്താൻ മിനിമം ഒരു മണിക്കൂറെങ്കിലും എടുക്കും. അപ്പോഴേക്കും ഗേറ്റ് അടക്കുകയും ചെയ്യും.
ഈക്കാര്യം ഭാര്യ അവരോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു, ഇതേപോലെ ഒരു ലെറ്റർ എഴുതി അതിന്റെ ഫോട്ടോയെടുത്ത് ഫോമിന്റെ മുകളിൽ കാണുന്ന ഇമെയിലിൽ പാസ്പോർട്ട് കോപ്പിയും ചേർത്ത് അയച്ചാൽ മതിയെന്ന്.
ഞാൻ ചുറ്റും നോക്കി. ഒരു ഹോളിഡേ ഇൻ കണ്ടു. അവിടത്തെ റിസപ്ഷനിസ്റ്റിനോട് ചോദിച്ച് ഒരു പേപ്പറും പേനയും വാങ്ങി അവിടെ തന്നെ ഇരുന്ന് ഒരു ലെറ്റർ എഴുതി ഫോട്ടോയെടുത്തു. ഫോണിൽ തന്നെ എന്റെ പാസ്പോർട്ടിന്റെ ഫോട്ടോയും ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. രണ്ട് ഫോട്ടോകളും അറ്റാച്ച് ചെയ്ത് വേഗം അയക്കാൻ നോക്കി. അറ്റാച്ച് ആവുന്നില്ല. എത്ര അയച്ചിട്ടും പോകുന്നില്ല. സിഗ്നൽ വളരെ കുറവ്. പല സർവീസുകളിലും സിഗ്നൽ വളരെ കുറവ് തന്നെയാണ്. ഞാൻ ഒരു ഭ്രാന്തനെപ്പോലെ അതുവഴി ഇതുവഴി ഒക്കെ ഓടി നടന്ന് അയക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അപ്പോഴേക്കും ബാക്കിയെല്ലാവരും ചെക്കിൻ കഴിഞ്ഞ് ഗേറ്റിലേയ്ക്ക് പോയ്ക്കഴിഞ്ഞിരുന്നു. ആ ചെക്കിൻ കൗണ്ടറിൽ വളരെയധികം ടെൻഷനടിച്ച് എന്റെ ഭാര്യയും മോനും മാത്രമേയുള്ളൂ. സമയത്ത് ചെന്നില്ലെങ്കിൽ ഗേറ്റ് ക്ലോസ് ചെയ്ത് വിമാനം പുറപ്പെടും. എന്റെ മെയിലാണെങ്കിൽ പോകുന്നുമില്ല. അവൾ കരച്ചിലിന്റെ വക്കിലെത്തി.
അവസാനം ഇത് കണ്ട് മനസലിഞ്ഞ ഒരു ഉദ്യോഗസ്ഥൻ അവളുടെ കയ്യിൽ എന്റെ പാസ്പോർട്ട് കോപ്പിയുണ്ടോ എന്ന് ചോദിച്ചു. ഭാഗ്യവശാൽ അവളുടെ മെയിലിൽ എന്റെ പാസ്പോർട്ട് കോപ്പി ഉണ്ടായിരുന്നു. ഫോണിൽ ഒരാഴ്ചയ്ക്കിടെ എടുത്ത ഞങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കാൻ ആവശ്യപ്പെട്ടു. തലേന്ന് ഞങ്ങൾ ഒരുമിച്ച് എടുത്ത ഒരു സെൽഫി ഫോണിലുണ്ടായിരുന്നു. അതും കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹം അവരെ രണ്ടുപേരെയും ചെക്കിൻ ചെയ്ത് അയച്ചു. അപ്പോഴേയ്ക്കും ഞാൻ അയച്ച മെയിലുകൾ ഓരോന്നായി അവർക്ക് കിട്ടിത്തുടങ്ങി.
ഗേറ്റിൽ ചെന്നപ്പോൾ വിമാനം പുറപ്പെടാൻ തയ്യാറായി നിൽക്കുകയായിരുന്നു. അവർ കയറിയതും വിമാനം പുറപ്പെട്ടു.
ഇങ്ങനെ ഒരു പാഠം പഠിച്ചതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് ഞാനും മോളും യാത്ര ചെയ്യുന്നതിനു മുൻപായി ഭാര്യയുടെ കയ്യിൽ നിന്നും ഇതേ കൺസന്റ് ഒപ്പിട്ട് വാങ്ങി പ്രിന്റെടുത്ത് അവളുടെ പാസ്പോർട്ട് കോപ്പിയും ചേർത്ത് കയ്യിലെടുക്കുകയും അവർ അതു വാങ്ങി വേരിഫൈ ചെയ്യുകയും ചെയ്തു. അതിനുശേഷം ഞങ്ങളുടെ ചെക്കിൻ കഴിഞ്ഞു.
ആരെങ്കിലും 12 വയസിൽ താഴെയുള്ള സ്വന്തം കുട്ടിയുമായി ഒറ്റയ്ക്ക് യുകെയിൽ നിന്നും ഇൻഡ്യയിലേയ്ക്ക് യാത്ര ചെയ്യുന്നുവെങ്കിൽ താഴെ കാണുന്ന ഫോം പൂരിപ്പിച്ച് കുട്ടിയുടെ അച്ഛൻ/അമ്മയുടെ പാസ്സ്പോർട്ട് കോപ്പിയും ചേർത്ത് കയ്യിൽ വയ്ക്കേണ്ടതാണെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുകയാണ്.
സ്നേഹപൂർവ്വം ഹരീഷ് പാലാ
CLICK TO FOLLOW UKMALAYALEE.COM