സി.പി.എമ്മിനോടു സി.പി.ഐ. ‘ഇനി അറസ്‌റ്റിന്‌ വന്നാല്‍ ചെറുക്കും’ – UKMALAYALEE

സി.പി.എമ്മിനോടു സി.പി.ഐ. ‘ഇനി അറസ്‌റ്റിന്‌ വന്നാല്‍ ചെറുക്കും’

Tuesday 20 August 2019 6:47 AM UTC

തിരുവനന്തപുരം Aug 20: എറണാകുളം ജില്ലാ സെക്രട്ടറിക്ക്‌ അവഹേളനം, എം.എല്‍.എയ്‌ക്കു ലാത്തിയടി, ലോക്കല്‍ കമ്മിറ്റിയംഗത്തിനു ലോക്കപ്പ്‌… പോലീസ്‌ നടപടികളെച്ചൊല്ലി സി.പി.ഐ. സി.പി.എമ്മിനോടു വീണ്ടുമിടയുന്നു.
എല്‍ദോ ഏബ്രഹാം എം.എല്‍.എയ്‌ക്കു ലാത്തിയടിയേറ്റ പ്രകടനത്തിനിടെ പോലീസിനെ മര്‍ദിച്ചെന്ന കേസില്‍ ലോക്കല്‍ കമ്മിറ്റിയംഗത്തെ അറസ്‌റ്റ്‌ ചെയ്‌തതാണു പുതിയ പ്രകോപനം.കൂടുതല്‍ അറസ്‌റ്റിനു തുനിഞ്ഞാല്‍ ചെറുക്കുമെന്നു സി.പി.ഐ. നേതാക്കള്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനു മുന്നറിയിപ്പ്‌ നല്‍കി.

അതിനിടെ, കൂടുതല്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി വേണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനോടു സി.പി.ഐ. എറണാകുളം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

ലാത്തിച്ചാര്‍ജ്‌ നടന്നപ്പോള്‍ സ്‌ഥലത്തുണ്ടായിരുന്ന അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ കെ. ലാല്‍ജി, സംഘര്‍ഷത്തിലേക്കു നയിച്ച സംഭവത്തിനു കാരണക്കാരനായ ഞാറയ്‌ക്കല്‍ സി.ഐ. മുരളി എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാണ്‌ ആവശ്യം.

എം.എല്‍.എയ്‌ക്കു ലാത്തിയടിയേറ്റ സംഭവത്തില്‍ എസ്‌.ഐ. വിപിന്‍ ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തതിനു പിന്നാലെയാണു പോലീസ്‌ സൗത്ത്‌ വാഴക്കുളം ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഈ കേസില്‍ എല്‍ദോ ഏബ്രഹാമാണ്‌ ഒന്നാം പ്രതി, എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു രണ്ടാം പ്രതിയും. അറസ്‌റ്റ്‌

 

ഇവരിലേക്കുമെത്തുമെന്ന ആശങ്കയിലാണ്‌ കോടിയേരിക്കു സി.പി.ഐ. മുന്നറിയിപ്പു നല്‍കിയത്‌.
വൈപ്പിന്‍ കോളജില്‍ എസ്‌.എഫ്‌.ഐയുമായുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ എ.ഐ.എസ്‌.എഫ്‌. പ്രവര്‍ത്തകരെ സന്ദര്‍ശിച്ചുമടങ്ങിയ പി. രാജുവിനെ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞതിലാണു സംഭവങ്ങളുടെ തുടക്കം.

സ്‌ഥലത്തെത്തിയ സി.ഐ. മുരളി, രാജുവിനെ പരസ്യമായി അധിക്ഷേപിച്ചു. തുടര്‍ന്ന്‌, സി.ഐ. മുരളിക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ ഡി.ഐ.ജിയുടെ ഓഫീസിലേക്കു നടത്തിയ പ്രകടനമാണു ലാത്തിച്ചാര്‍ജിലെത്തിയത്‌.

പോലീസിനു വീഴ്‌ച പറ്റിയിട്ടില്ലെന്നാണ്‌ ആഭ്യന്തര സെക്രട്ടറിക്കു ഡി.ജി.പി. റിപ്പോര്‍ട്ട്‌ നല്‍കിയതെങ്കിലും തൊട്ടുപിന്നാലെ എസ്‌.ഐ. വിപിന്‍ദാസിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു.

സി.പി.ഐയുടെ സമ്മര്‍ദത്തിലായിരുന്നു നടപടി. എന്നാല്‍, അന്‍സാര്‍ അലിയെ അറസ്‌റ്റ്‌ ചെയ്‌തതു പുതിയ പ്രകോപനമായി. ഇതിനെ പോലീസിന്റെ പ്രതികാര നടപടിയായാണ്‌ സി.പി.ഐ. വിലയിരുത്തുന്നത്‌.

എല്‍ദോ ഏബ്രഹാമിനു മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട്‌ നേരത്തേ മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ., സി.പി.എം. തര്‍ക്കമുണ്ടായിരുന്നു.

മുഖ്യമന്ത്രി ഇടപെട്ടതിനു പിന്നാലെ, സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട്‌ മയപ്പെടുത്തിയതു പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. കാനം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അസിസ്‌റ്റന്‍റ്റ്‌ സെക്രട്ടറി പ്രകാശ്‌ ബാബുവിനാണു പകരം ചുമതല.

CLICK TO FOLLOW UKMALAYALEE.COM