ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കെത്തിയ നൊബേല്‍ ജേതാവിനെ തടഞ്ഞു – UKMALAYALEE

ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കെത്തിയ നൊബേല്‍ ജേതാവിനെ തടഞ്ഞു

Thursday 9 January 2020 4:45 AM UTC

ആലപ്പുഴ Jan 9: കുട്ടനാട്ടില്‍ ഹൗസ്‌ബോട്ട്‌ യാത്ര നടത്തിയ നോബേല്‍ സമ്മാനജേതാവിനേയും പത്‌നിയേയും ദേശീയ പണിമുടക്കിന്റെ പേരില്‍ രണ്ടു മണിക്കൂറിലേറെ തടഞ്ഞത്‌ സംസ്‌ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്‌ക്ക് അന്തര്‍ദേശീയ തലത്തില്‍ നാണക്കേടായി.

2013ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ എഴുപത്തിരണ്ടുകാരനായ മൈക്കല്‍ ലെവിറ്റ്‌, പത്‌നി റിന എന്നിവരെയാണ്‌ ആര്‍ ബ്ലോക്കിലെ കമലന്റെ ജെട്ടിക്ക്‌ സമീപം ഇന്നലെ രാവിലെ പണിമുടക്ക്‌ അനുകൂലികള്‍ തടഞ്ഞത്‌.

മൈക്കല്‍ ലെവിറ്റും ഭാര്യയും ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ്‌ കുമരകത്തുനിന്ന്‌ ലേക്ക്‌ വ്യൂ മണിയറ എന്ന ഹൗസ്‌ബോട്ടില്‍ രണ്ടുദിവസത്തെ കുട്ടനാട്‌ സന്ദര്‍ശനത്തിനു പുറപ്പെട്ടത്‌.

രാത്രിയില്‍ ആര്‍ ബ്ലോക്കില്‍ നങ്കൂരമിട്ട ബോട്ട്‌ ഇന്നലെ രാവിലെ പത്തോടെ യാത്ര പുനരാരംഭിക്കാന്‍ ഒരുങ്ങിയപ്പോഴാണ്‌ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകരെന്ന്‌ പരിചയപ്പെടുത്തിയ ഒരു സംഘം ആളുകള്‍ എത്തി പണിമുടക്കാണ്‌ ഹൗസ്‌ബോട്ട്‌ യാത്ര അനുവദിക്കില്ലെന്ന്‌ പറഞ്ഞത്‌.

സമീപത്തു നങ്കൂരമിട്ടിരുന്ന മറ്റ്‌ ഹൗസ്‌ബോട്ടുകളിലെ ജീവനക്കാരോടും പണിമുടക്കില്‍ പങ്കെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടല്ലോയെന്ന്‌ ചോദിച്ച ലേക്ക്‌ വ്യൂ ബോട്ടിലെ ഡ്രൈവര്‍ കുമരകം സ്വദേശി ശരത്തിനെ സംഘം അസഭ്യം പറയുകയും ബോട്ട്‌ പുറപ്പെട്ടാല്‍ കാണിച്ചുതരാമെന്ന്‌ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇതോടെ വിവരമറിഞ്ഞ ഉടമ 100 എന്ന പോലീസിന്റെ കണ്‍ട്രോള്‍ റൂം നമ്പരിലേക്ക്‌ വിളിച്ച്‌ പരാതി അറിയിച്ചു. വൈകാതെ പുളിങ്കുന്ന്‌ പോലീസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ ബന്ധപ്പെട്ടെങ്കിലും സ്‌പീഡ്‌ ബോട്ടില്ലാത്തതിനാല്‍ സംഭവസ്‌ഥലത്ത്‌ വരാന്‍ വൈകുമെന്നാണ്‌ അറിയിച്ചതെന്ന്‌ ഹൗസ്‌ബോട്ടുകാര്‍ പറയുന്നു.

പ്രതിഷേധക്കാര്‍ പോയതോടെ ബോട്ട്‌ പുറപ്പെടാത്തതെന്താണെന്ന്‌ മൈക്കില്‍ ലെവിറ്റ്‌ ചോദിച്ചപ്പോള്‍ കൈയേറ്റം ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ മൈക്കല്‍ ലെവിറ്റ്‌ അതൃപ്‌തി അറിയിച്ചതോടെ 12.30ന്‌ ശേഷം ജീവനക്കാര്‍ തന്നെ ഹൗസ്‌ബോട്ട്‌ യാത്ര പുനരാരംഭിച്ചു.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ജനിച്ച മൈക്കല്‍ ലെവിറ്റിന്‌ നിലവില്‍ അമേരിക്കന്‍, ഇസ്രയേലി, ബ്രിട്ടീഷ്‌ പൗരത്വങ്ങളുണ്ട്‌. അമേരിക്കയിലെ സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ ഘടനാ ജീവശാസ്‌ത്രത്തില്‍ പ്രഫസറായി സേവനം അനുഷ്‌ഠിക്കുന്നുണ്ട്‌. ഇന്ന്‌ രാവിലെ അദ്ദേഹം കുമരകത്ത്‌ നിന്ന്‌ മടങ്ങും.

സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും സ്വമേധയാ കേസെടുത്ത്‌ അന്വേഷണം നടത്തുമെന്നും മൈക്കല്‍ ലെവിറ്റിന്റെ മൊഴിയെടുക്കാനായി പുളിങ്കുന്ന്‌ എസ്‌.ഐ ഗോപാലകൃഷ്‌ണനെ ചുമതലപ്പെടുത്തിയതായും ജില്ലാ പോലീസ്‌ മേധാവി കെ.എം. ടോമി പറഞ്ഞു.

സംഭവം അങ്ങേയറ്റം അപലപനീയമെന്ന്‌ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരിന്റെ അതിഥിയായി കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ അദ്ദേഹത്തിന്‌ നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടില്‍ മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.

CLICK TO FOLLOW UKMALAYALEE.COM