ഹോസ്റ്റലുണ്ടായിട്ടും എം.എല്‍.എമാര്‍ക്ക് പഞ്ചനക്ഷത്രതാമസം! ; പ്രതിനിധികള്‍ 250, ഉണ്ണാന്‍ മൂന്നിരട്ടിയോളംപേര്‍! ; ലോക കേരളസഭയില്‍ ഭക്ഷണ ചെലവ് 59 ലക്ഷം – UKMALAYALEE

ഹോസ്റ്റലുണ്ടായിട്ടും എം.എല്‍.എമാര്‍ക്ക് പഞ്ചനക്ഷത്രതാമസം! ; പ്രതിനിധികള്‍ 250, ഉണ്ണാന്‍ മൂന്നിരട്ടിയോളംപേര്‍! ; ലോക കേരളസഭയില്‍ ഭക്ഷണ ചെലവ് 59 ലക്ഷം

Friday 21 February 2020 7:09 AM UTC

കൊച്ചി Feb 21: ലോക കേരളസഭയില്‍ പങ്കെടുത്തത് 270 പ്രതിനിധികള്‍; ഭക്ഷണം വിളമ്പിയതാകട്ടെ മൂന്നിരട്ടിയിലധികം പേര്‍ക്ക്! സഭയില്‍ പങ്കെടുത്ത ഭരണപക്ഷ എം.എല്‍.എമാര്‍ക്കു തിരുവനന്തപുരത്തു താമസസ്ഥലമുണ്ടെന്നിരിക്കേ, പഞ്ചനക്ഷത്രതാമസം ഒരുക്കിയതെന്തിനെന്നും ചോദ്യമുയരുന്നു.

270 പ്രതിനിധികളാണുണ്ടായിരുന്നതെങ്കിലും 312 പേര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തങ്ങി. കഴിഞ്ഞ ജനുവരി 1-3 വരെയാണു തിരുവനന്തപുരത്തു ലോക കേരളസഭ നടന്നത്. പ്രതിനിധികളില്‍ 93 പേര്‍ ഭരണപക്ഷ എം.എല്‍.എമാരായിരുന്നു.

പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം പിന്‍വാങ്ങിയതോടെ ഭക്ഷണച്ചുമതല കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിനായിരുന്നു. ജനുവരി ഒന്നിന് 250 പേര്‍ക്ക് അത്താഴം വിളമ്പി. പ്ലേറ്റ് ഒന്നിന് 1700 രൂപയായിരുന്നു നിരക്ക്.

പിറ്റേന്നു 400 പേര്‍ക്ക് 550 രൂപ നിരക്കില്‍ പ്രാതലും 700 പേര്‍ക്ക് 1900 രൂപ നിരക്കില്‍ ഉച്ചഭക്ഷണവും 600 പേര്‍ക്ക് 1700 രൂപ നിരക്കില്‍ അത്താഴവും വിളമ്പി. ഇതിനു പുറമേ 700 പേര്‍ക്കു രണ്ടുനേരം ചായയും ലഘുഭക്ഷണവും നല്‍കി (ഒരാള്‍ക്ക് 250 രൂപ).

ജനുവരി മൂന്നിനു 400 പേര്‍ പ്രാതലിനും 700 പേര്‍ ഉച്ചഭക്ഷണത്തിനും എത്തിയെന്നാണു കണക്ക്. ആകെ 59.82 ലക്ഷം രൂപയാണു ഭക്ഷണച്ചെലവ്. താമസത്തിന് 23.42 ലക്ഷവും.

പ്രതിനിധികള്‍ക്കു ഭക്ഷണം നല്‍കിയതിനു പണം വേണ്ടെന്നു റാവിസ് ഗ്രൂപ്പ്. പ്രതിനിധികളുടെ ഭക്ഷണത്തിന് 59 ലക്ഷം രൂപയാണു ചെലവായത്. ഒരാള്‍ക്കു ശരാശരി രണ്ടായിരത്തോളം രൂപ. കുഞ്ഞുങ്ങള്‍ വിശപ്പടക്കാന്‍ മണ്ണു തിന്നുന്ന കേരളത്തില്‍ ലോക കേരള സഭയ്‌ക്കെത്തിയ പ്രതിനിധികളുടെ ആഡംബരത്തിനായി സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിച്ചെന്നു വിവാദവും പരിഹാസവും വിളിച്ചുവരുത്തിയിരുന്നു.

അതിനു പിന്നാലെയാണ് പണം വേണ്ടെന്നു ഭക്ഷണം വിതരണം ചെയ്ത റാവിസ് ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ പരിപാടിയില്‍ സ്വകാര്യ സ്ഥാപനത്തിനു സൗജന്യമായി ഭക്ഷണം നല്‍കാനാകുമോ എന്നതു നിയമപ്രശ്‌നമാണ്.

രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസച്ചെലവുകള്‍ വലിയ വിവാദത്തിനാണു തിരികൊളുത്തിയത്. തുടര്‍ന്ന്, താന്‍ കഴിച്ച ഭക്ഷണത്തിന്റെ തുകയായ 2500 രൂപ തിരിച്ചുനല്‍കുകയാണെന്നു പ്രഖ്യാപിച്ച സോഹന്‍ റോയ് ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടച്ചു.

ഭക്ഷണത്തെച്ചൊല്ലിയുള്ള വിവാദം വിഷമിപ്പിക്കുന്നുവെന്ന് എം.എ. യൂസഫലി പരിതപിച്ചിരുന്നു. ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്തായിരുന്നു പരിപാടി. 178 പ്രവാസി പ്രതിനിധികള്‍ക്കു പുറമേ ഭരണപക്ഷത്ത് നിന്നുള്ള നിയമസഭാ, ലോക്‌സഭാ അംഗങ്ങളും പങ്കെടുത്തു.

ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി െകെകാര്യം ചെയ്യട്ടെ എന്നാണു തീരുമാനിച്ചത്. അവര്‍ അസൗകര്യം അറിയിച്ചതോടെ ഭക്ഷണവിതരണച്ചുമതല കോവളം റാവിസ് ഹോട്ടലിനെ ഏല്‍പ്പിക്കുകയായിരുന്നു.

പ്രതിനിധികള്‍ക്ക് ജനുവരി ഒന്നു മുതല്‍ മൂന്നു വരെയുള്ള തീയതികളില്‍ താമസസൗകര്യം ഒരുക്കാനായിരുന്നു തീരുമാനം. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിനും റസ്റ്റ് ഹൗസിനും പുറമേ നഗരത്തിലെ ഏഴു ഹോട്ടലുകളിലും സൗകര്യമൊരുക്കി. ചില പ്രതിനിധികള്‍ നേരത്തേയെത്തി, ചിലര്‍ മടങ്ങിയപ്പോള്‍ െവെകി. അതിനാല്‍ താമസം ഡിസംബര്‍ 31 മുതല്‍ ജനുവരി നാലു വരെയെന്നു പുനഃക്രമീകരിച്ചു. ഇതിന് 23,42,725 രൂപ ചെലവായി. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28-നു വിലയിരുത്തി.

തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിന്റെ എണ്ണവും വിലയും നിജപ്പെടുത്തി 59,82,600 രൂപയുടെ അന്തിമ ബില്ല് കണക്കാക്കി. ഇതാണു വിവാദമായത്. ലോകകേരള സഭ ധൂര്‍ത്താണെന്നാരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചിരുന്നു.

തന്റെ ഹോട്ടലില്‍നിന്നു നല്‍കിയ ഭക്ഷണത്തിന്റെ വിലയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. രവി പിള്ള പറഞ്ഞു. ”പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ലോക കേരള സഭയില്‍ ഞാനും അംഗമാണ്. അതില്‍ പങ്കെടുത്ത ഓരോരുവിടെയെത്തിയ ഓരോരുത്തരും എന്റെ സഹോദരീസഹോദരന്മാരാണ്.

സ്വന്തം കുടുംബാംഗങ്ങളുടെ ഭക്ഷണത്തിനു വില ഈടാക്കുന്ന സംസ്‌കാരം നമുക്കില്ല.” ഭക്ഷണത്തിന്റെ മെനുവും റാവിസ് ഹോട്ടലില്‍ സാധാരണനിലയില്‍ ഈടാക്കുന്ന വിലവിവരവുമാണു സംഘാടകര്‍ക്കു നല്‍കിയിരുന്നത്. പണം ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.
പണമടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുമില്ല.

ഏതൊരു പരിപാടിക്കും അഡ്വാന്‍സ് തുക െകെപ്പറ്റുകയും പരിപാടി കഴിഞ്ഞ് ഏതാനും ദിവസത്തിനകം ബാക്കി തുക വാങ്ങുകയുമാണു ചെയ്യാറുള്ളത്. പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതിനാലാണ് ലോക കേരള സഭ കഴിഞ്ഞ് ഇത്ര ദിവസമായിട്ടും പണം ആവശ്യപ്പെടാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

CLICK TO FOLLOW UKMALAYALEE.COM