ഹാമര്‍ തലയില്‍ പതിച്ച വിദ്യാര്‍ഥി മരിച്ചു , അകാലത്തില്‍ അടര്‍ന്നുവീണു; കായികകേരളത്തിന്റെ കണ്ണീര്‍പ്പൂവ്‌ – UKMALAYALEE

ഹാമര്‍ തലയില്‍ പതിച്ച വിദ്യാര്‍ഥി മരിച്ചു , അകാലത്തില്‍ അടര്‍ന്നുവീണു; കായികകേരളത്തിന്റെ കണ്ണീര്‍പ്പൂവ്‌

Tuesday 22 October 2019 5:27 AM UTC

കോട്ടയം Oct 22 : കൊച്ചിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ മിന്നുന്ന ജയം സ്വന്തമാക്കുമ്പോള്‍, അവരുടെ കൗമാരതാരം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയാരവം അടങ്ങും മുമ്പ്‌, കായികകേരളത്തിന്റെ രക്‌തസാക്ഷിയായി ആ കണ്ണീര്‍പ്പൂവ്‌ അടര്‍ന്നുവീണു. പാലായില്‍ നടന്ന സംസ്‌ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ്‌ മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ്‌ ഗുരുതരപരുക്കേറ്റ പാലാ സെന്റ്‌ തോമസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി അഫീലാ(16)ണു 17 ദിവസത്തെ അബോധാവസ്‌ഥയില്‍നിന്നു മരണത്തിലേക്കു വഴുതിവീണത്‌.

മേലുകാവ്‌ ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോണ്‍സണ്‍ ജോര്‍ജിന്റെയും ബിന്‍സി (ഡാര്‍ലി) യുടെയും ഏകമകനാണു ലോകമറിയുന്ന ഫുട്‌ബോള്‍ താരമാകാന്‍ കൊതിച്ച അഫീല്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത്‌, അണ്ടര്‍ 16 ടീമില്‍ ഇടംപിടിച്ചിരിക്കേയാണ്‌ അത്‌ലറ്റിക്‌സ്‌ മൈതാനത്തെ അധികൃതരുടെ അനാസ്‌ഥയ്‌ക്ക്‌ അഫീല്‍ ഇരയായത്‌.

കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്നലെ വൈകിട്ട്‌ 4.10-നാണ്‌ അഫീല്‍ മരണത്തിനു കീഴടങ്ങിയത്‌.

കഴിഞ്ഞ നാലിന്‌ ഉച്ചയ്‌ക്കു 12-ന്‌ പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ തലച്ചോറിനു ക്ഷതമേറ്റ അഫീല്‍ അന്നുമുതല്‍ പൂര്‍ണമായും അബോധാവസ്‌ഥയിലായിരുന്നു.

ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായതു നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, പിന്നീട്‌ തലച്ചോറിനോടു പ്രതികരിക്കാതെ, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണു മരണകാരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌.

സംസ്‌ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ്‌ മീറ്റില്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ മത്സരം നടക്കുന്നതിനിടെയായിരുന്നു കായികകേരളത്തെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം. ജാവലിന്‍ മത്സരങ്ങളിലെ വോളന്റിയറായിരുന്ന അഫീല്‍, ജാവലിന്‍ എടുക്കാന്‍ ഗ്രൗണ്ടിലേക്കു നീങ്ങവേ ഹാമര്‍ തലയില്‍ പതിക്കുകയായിരുന്നു.

രക്‌തം വാര്‍ന്ന്‌ നിലത്തുവീണ അഫീലിനെ അധികൃതര്‍ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലുമെത്തിച്ചു. അടിയന്തര ശസ്‌ത്രക്രിയ നടത്തിയെങ്കിലും ഒരാഴ്‌ചയ്‌ക്കുശേഷം വൃക്കകള്‍ തകരാറിലായത്‌ ആരോഗ്യസ്‌ഥിതി വഷളാക്കി. ന്യൂമോണിയയും പിടിപെട്ടു.

മത്സരസംഘാടകരുടെ പിഴവാണു വോളന്റിയറുടെ ജീവനെടുത്ത അപകടത്തിനു കാരണമായത്‌. അപകടസാധ്യതയേറെയുള്ള ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ അടുത്തടുത്തായി ഒരേ മൈതാനത്തു നടത്തരുതെന്ന ചട്ടം പാലായില്‍ പാലിക്കപ്പെട്ടില്ല.

35 മീറ്റര്‍ അകലെനിന്ന്‌ എറിഞ്ഞ മൂന്നുകിലോ ഭാരമുള്ള ഹാമറാണ്‌ അഫീലിന്റെ തലയില്‍ പതിച്ചത്‌. സംസ്‌കാരം ഇന്നു ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ചൊവ്വൂര്‍ സെന്റ്‌ മാത്യൂസ്‌ പള്ളി സെമിത്തേരിയില്‍. മാതാവ്‌ ബിന്‍സി കൊന്നത്തടി മേലേടത്തു കുടുംബാംഗം.

CLICK TO FOLLOW UKMALAYALEE.COM