ഹര്‍ത്താല്‍, പണിമുടക്ക്‌ അക്രമങ്ങള്‍ സി.പി.എം-ബി.ജെ.പി. രഹസ്യധാരണ; നേതാക്കള്‍ അകത്താകില്ല – UKMALAYALEE
foto

ഹര്‍ത്താല്‍, പണിമുടക്ക്‌ അക്രമങ്ങള്‍ സി.പി.എം-ബി.ജെ.പി. രഹസ്യധാരണ; നേതാക്കള്‍ അകത്താകില്ല

Friday 11 January 2019 1:55 AM UTC

തിരുവനന്തപുരം Jan 11: ഹര്‍ത്താല്‍, ദേശീയപണിമുടക്ക്‌ അക്രമങ്ങളില്‍ നേതാക്കള്‍ പ്രതികളായതോടെ കൊടിയുടെ നിറം മറന്ന്‌ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു. ആളുംതരവും നോക്കാതെ, ഇടയ്‌ക്കുനിന്ന്‌ ഏറുവാങ്ങിയ പോലീസും കണ്ടുനിന്ന ജനവും വിഡ്‌ഢികളായി!

ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താല്‍, തൊഴിലാളി സംഘടനകളുടെ സംയുക്‌ത ദേശീയപണിമുടക്ക്‌ എന്നിവയോടനുബന്ധിച്ചു നടന്ന അക്രമങ്ങളില്‍ സംഘപരിവാര്‍, ഇടതുനേതാക്കളെ പ്രതിസ്‌ഥാനത്തുനിന്ന്‌ ഒഴിവാക്കാനാണ്‌ അണിയറയില്‍ പരസ്‌പരധാരണയായത്‌.

പൊതുമുതല്‍ നശീകരണം ഗൗരവമായെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതും സ്വകാര്യസ്വത്ത്‌ നശീകരണത്തിനെതിരേ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാന്‍ സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനിച്ചതും നേതാക്കള്‍ക്കു കുരുക്കായി.

സമരങ്ങളുടെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അകത്തിടാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനു പക്ഷേ ആദ്യ ഇരകളായി കിട്ടിയതു സ്വന്തം പക്ഷത്തുള്ളവരെയാണ്‌.

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയവര്‍ക്കെതിരെയും കേസുകള്‍ വന്നതോടെയാണു സമവായത്തിനു ധാരണയായത്‌.

തിരുവനന്തപുരം ജില്ലയില്‍ ഇരുപക്ഷത്തുമുള്ള രണ്ടു പ്രമുഖനേതാക്കള്‍ ഇതുസംബന്ധിച്ച്‌ പ്രാഥമികചര്‍ച്ച നടത്തി.

ദേശീയപണിമുടക്കിന്റെ പേരില്‍ തിരുവനന്തപുരത്ത്‌ എസ്‌.ബി.ഐ. ശാഖ അടിച്ചുതകര്‍ത്ത കേസില്‍ രണ്ട്‌ എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളാണ്‌ ആദ്യപ്രതികള്‍.

പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ റെയില്‍വേ പ്ര?ട്ടക്‌ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്‌) വ്യാപകമായി കേസെടുത്തു. എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും പല നിയുക്‌ത സ്‌ഥാനാര്‍ഥികളും പ്രതികളായതോടെയാണ്‌ അനുരഞ്‌ജനനീക്കം സജീവമായത്‌.

ശബരിമല ഹര്‍ത്താലിനോടനുബന്ധിച്ച അക്രമങ്ങളില്‍ ബി.ജെ.പിയുടെ 25 സംസ്‌ഥാനഭാരവാഹികള്‍ക്കെതിരേ പോലീസ്‌ കേസെടുത്തിരുന്നു.

ഇതേത്തുടര്‍ന്നാണു പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ ബി.ജെ.പി. സമ്മര്‍ദപ്രകാരം ആര്‍.പി.എഫ്‌. കേസെടുത്തത്‌.

റെയില്‍വേ വകുപ്പ്‌ കേന്ദ്രസര്‍ക്കാരിനു കീഴിലാണ്‌. മൂന്നുവര്‍ഷം തടവുള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ്‌ ആര്‍.പി.എഫ്‌. കേസുകള്‍.

ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയതിനു 174-ാം വകുപ്പുപ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകളിലായി 49 ട്രെയിനുകളാണു രണ്ടു ദിവസങ്ങളിലായി തടഞ്ഞത്‌.

മിനിറ്റിന്‌ 400 രൂപ വീതം പിഴ ഈടാക്കാനും നീക്കമുണ്ടായി. സി.പി.എം. സംസ്‌ഥാനസമിതിയംഗം വി. ശിവന്‍കുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങി എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും 130 പ്രമുഖര്‍ക്കെതിരേ പണിമുടക്ക്‌ അക്രമങ്ങളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്‌.

ജാമ്യമെടുത്തില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നതിനാല്‍ നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയിലായി. ജില്ലാനേതാക്കള്‍ ഇന്നലെ നടത്തിയ പ്രാഥമികചര്‍ച്ച വിജയമായതോടെ ഇന്നുമുതല്‍ സംസ്‌ഥാനനേതാക്കളുടെ ഇടപെടലുണ്ടാകും.

ശബരിമല പ്രക്ഷോഭത്തില്‍ പങ്കാളിയായ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കാര്യത്തില്‍ കടുത്തനടപടിക്കു മറുപക്ഷം മുതിരില്ല.

CLICK TO FOLLOW UKMALAYALEE.COM