ഹനാന്റെ മൊഴിയെടുത്തു; ‘വെടി’പൊട്ടിച്ചവര്‍ക്കെതിരേ കേസ്‌ – UKMALAYALEE

ഹനാന്റെ മൊഴിയെടുത്തു; ‘വെടി’പൊട്ടിച്ചവര്‍ക്കെതിരേ കേസ്‌

Saturday 28 July 2018 2:23 AM UTC

കൊച്ചി/തിരുവനന്തപുരം July 28: പട്ടിണിയകറ്റാന്‍ വഴിയരികില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാന്‍ ഹമീദ്‌ എന്ന വിദ്യാര്‍ഥിനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവര്‍ഷം നടന്ന സംഭവത്തില്‍ പാലാരിവട്ടം പോലീസ്‌ കേസെടുത്തു.<

/div>

ഹനാനെതിരേ ആദ്യം പോസ്‌റ്റിട്ട വയനാട്‌ സ്വദേശി നൂറുദ്ദീന്‍ ഷെയ്‌ഖ്‌ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തു. അവഹേളിക്കുന്ന പോസ്‌റ്റുകള്‍ ഷെയര്‍ ചെയ്‌തവരും അനുകൂലിച്ച്‌ കമന്റിട്ടവരും പ്രതികളായേക്കും.

വ്യക്‌തിഹത്യ നടത്തിയതിനു വിവരസാങ്കേതികവിദ്യാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസ്‌. പ്രതികളെ കണ്ടെത്താന്‍ ഹൈടെക്‌ സെല്ലും സൈബര്‍ഡോമും അന്വേഷണം തുടങ്ങി.

അധിക്ഷേപം നടത്തിയവര്‍ക്കെതിരേ സ്വകാര്യാവകാശ നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയേക്കും. പേരും ചിത്രവും ഉപയോഗിച്ചു വിദ്യാര്‍ഥിനിയെ അപകീര്‍ത്തിപ്പെടുത്തിയതു വ്യക്‌തിയുടെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്റെ ഗുരുതരമായ ലംഘനമാണെന്നാണു പോലീസിന്റെ വിലയിരുത്തല്‍.

സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡി.ജി.പിക്കും എറണാകുളം ജില്ലാ കലക്‌ടര്‍ക്കും ന്യൂനപക്ഷ കമ്മീഷനും നിര്‍ദേശം നല്‍കി.

ഹനാനെതിരേ അവഹേളനപരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്‌തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്‌ടറോടും ആവശ്യപ്പെട്ടു.

പോലീസ്‌ ഇന്നലെ ആശുപത്രിയിലെത്തി ഹനാന്റെ മൊഴി രേഖപ്പെടുത്തി. വ്യാജപ്രചാരണങ്ങളും ഭീഷണികളും ബുദ്ധിമുട്ടുണ്ടാക്കിയെന്ന മൊഴിയെത്തുടര്‍ന്നാണ്‌ കേസെടുത്തത്‌.

തൊടുപുഴ അല്‍ അസര്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ ഹനാന്‍ എറണാകുളം തമ്മനത്ത്‌ മത്സ്യക്കച്ചവടം നടത്തുന്നതു വാര്‍ത്തയായതോടെയാണു സൈബര്‍ ആക്രമണം തുടങ്ങിയത്‌.

തലയില്‍ തട്ടമിടാത്തതിനായിരുന്നു ഒരു വശത്തുനിന്നുള്ള വിമര്‍ശനം. ഇതു നാട്യവും സിനിമാ പ്രചാരണത്തിന്റെ തന്ത്രവുമാണെന്നും വാദിച്ചവരുമുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM