ഹണി ട്രാപ്പ് സംഘം വിലസുന്നു: പുരോഹിതരും പോലീസുകാരും വിദ്യാര്‍ഥികളും ഇരകള്‍ – UKMALAYALEE

ഹണി ട്രാപ്പ് സംഘം വിലസുന്നു: പുരോഹിതരും പോലീസുകാരും വിദ്യാര്‍ഥികളും ഇരകള്‍

Wednesday 8 August 2018 3:51 AM UTC

വൈപ്പിന്‍ Aug 8: യുവാക്കളെയും വിദ്യാര്‍ഥികളെയും മധ്യവയസ്‌കരെയും വശത്താക്കി കെണിയില്‍ വീഴ്ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന ഹണി ട്രാപ്പ് സംഘം വൈപ്പിനിലും വിലസുന്നു.

 കൊച്ചി നഗരവുമായി ബന്ധമുള്ള ഈ സംഘത്തില്‍ വൈപ്പിന്‍കരക്കാരായ ചില യുവതികളാണു പ്രധാന കണ്ണികളെണാന്നു സൂചന.

ഈ അടുത്തിടെ പോലീസിനു ലഭിച്ച ഒരു ബലാത്സംഗം സംബന്ധിച്ചുള്ള പരാതിയുടെ കേസ് അന്വേഷിച്ചണത്തിനിടെയാണ് ഈ ഹണിട്രാപ്പ് സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ വെളിവായത്.

എന്നാല്‍ ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായവരാരും ഇതുവരെ ഒരിടത്തും പരാതി നല്‍കാത്തതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിനാകുന്നില്ല.

ഇരകളില്‍ പുരോഹിതന്മാര്‍ വരെയുണ്ടെന്നാണു പോലീസ് നല്‍കുന്ന സൂചന. ആദ്യം ഏതുവിധേനയും ഇരയോട് അടുത്തുകൂടി ഇവരുമായി സൗഹൃദം സമ്പാദിക്കുകയാണത്രേ സംഘം ചെയ്യുന്നത്.

ഇതിനായി സമൂഹമാധ്യമങ്ങളായ വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. കൂടാതെ മറ്റ് പരിചയംവച്ചും ഇവര്‍ അടുത്തുകൂടാറുണ്ട്.

ഇതിനിടയില്‍ ഇരയെ എവിടേക്കെങ്കിലും ക്ഷണിച്ച് കൊണ്ടുപോകുകയും കാര്യങ്ങള്‍ കണ്ടശേഷം തിരിച്ചുവരുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ഇവര്‍ ബോധപൂര്‍വം ഇരകളുമൊത്തുള്ള സെല്‍ഫി എടുത്ത് ഫോണില്‍ സൂക്ഷിക്കും.

ഇതിനുശേഷം പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് പറയുകയും ഇരയോട് പണം ആവശ്യപ്പെടുകയും ചെയ്യും. ചിലര്‍ സൗഹൃദംവച്ച് ആദ്യം പണം നല്‍കും. ചിലര്‍ നല്‍കില്ല.

നല്‍കാത്തവരെ സെല്‍ഫി ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വാങ്ങും. സ്‌നേഹത്തോടെ ആദ്യം പണം നല്‍കുന്നവര്‍ പിന്നീട് പണം തിരികെ ചോദിക്കുമ്പോഴാണ് സെല്‍ഫി കാണിച്ച് ഭീഷണി മുഴക്കുന്നത്. വഴങ്ങാത്തവരെ ബലാത്സംഗം കേസില്‍പെടുത്തുകയാണ് പതിവ്.

ഉന്നത പോലീസ് ഉദ്യഗോസ്ഥന്മാരുമായി ചങ്ങാത്തമുണ്ടെന്നു കാണിക്കാനായി മുന്‍ സിറ്റി പോലീസ് കമ്മിഷണറും ഇപ്പോള്‍ തെക്കന്‍ ജില്ലയില്‍ പോലീസിന്റെ തലപ്പത്തുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനും ഒത്ത് സംഘത്തിലെ പ്രധാനിയായ യുവതി നില്‍ക്കുന്ന ഫോട്ടോയുണ്ടത്രേ.

കൂടാതെ കൊച്ചി നഗരത്തിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമൊത്തുള്ള ഫോട്ടോയും ഈ സംഘത്തിലെ പ്രധാനിയുടെ പക്കല്‍ ഉണ്ടെന്നാണ് അറിവ്.

വ്യാജ പരാതിയുമായി പോലീസിനെ സമീപിക്കുമ്പോള്‍ ഇവ കാണിച്ച് സ്വാധീനിക്കാനാണിതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ വൈപ്പിനിലും പിന്നീട് നഗരത്തിലും ജോലി നോക്കിയിരുന്ന ഒരു സബ് ഇന്‍സ്‌പെക്ടറുമായി അടുത്ത ബന്ധമാണ് ഈ സംഘത്തിനുള്ളതെന്നും സൂചനയുണ്ട്.

CLICK TO FOLLOW UKMALAYALEE.COM