സൗദിയില്‍ മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മ‌ൃതദേഹം – UKMALAYALEE

സൗദിയില്‍ മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മ‌ൃതദേഹം

Friday 22 March 2019 3:22 AM UTC

പത്തനംതിട്ട March 21: വിദേശത്ത് മരിച്ച മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം! സൗദിയില്‍ മരണപ്പെട്ട കോന്നി കുമ്മണ്ണൂര്‍ ഇൗട്ടിമൂട്ടില്‍ റഫീഖിന്റെ(28) മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം അയച്ചത്.

ഇന്നലെ രാത്രിയാണ് മൃതദേഹം കൊണ്ടുവന്നത്. വൈകുന്നേരത്തോടെയാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റഫീഖിന്റെ മൃതദേഹം കൊണ്ടുവന്നത്.

നെടുമ്പാശ്ശരി വിമാനത്താവളത്തില്‍ ബന്ധുള്‍ മൃതദേഹംഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു.

സംസ്കാരചടങ്ങുകള്‍ക്കായി ശവപ്പെട്ടി ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോള്‍ ആണ് വീട്ടുകാരെ ഞെട്ടിച്ചു മൃതദേഹം മാറിയ വിവരം മനസിലാവുന്നത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു.

പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ചു. പെട്ടിയുടെ പുറത്ത് രേഖപ്പെടുത്തിയിരുന്ന മേല്‍വിലാസവും പാസ്പോര്‍ട്ട് നമ്പരുമെല്ലാം റഫീഖിന്റേതായിരുന്നു.

മൃതദേഹം ശുചിയാക്കി എംബാം ചെയ്യുന്നതിനായി കൊണ്ടുപോകുമ്പോഴും കുഴപ്പമില്ലായിരുന്നുവെന്ന് ഗള്‍ഫില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. എംബാം ചെയ്ത് പെട്ടിയിലാക്കിയിടത്താണ് മാറ്റം സംഭവിച്ചതെന്നാണ് നിഗമനം.

ഇനി യുവതിയുടെ മൃതദേഹം തിരിച്ച് സൗദിയിലേക്ക് കൊണ്ടു പോയി റഫീഖിന്റെ മൃതദേഹം തിരികെ എത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാവണം എന്നാണ് പോലീസ് പറയുന്നത്. റഫീഖിന്റെ മൃതദേഹത്തിനു എന്ത് സംഭവിച്ചു എന്നറിയാതെ ബന്ധുക്കളും ആശങ്കയിലാണ്.

സൗദി അറേബ്യയിലെ അബേയില്‍ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

ആഴ്ചകള്‍ നീണ്ട നടപടിക്രമണത്തിനു ശേഷമാണ് നാട്ടിലേയ്ക്ക്

കൊണ്ടുവരാനുള്ള അനുമതിയായത്. അതിങ്ങനെയുമായി.

CLICK TO FOLLOW UKMALAYALEE.COM