സ്‌റ്റേജ്‌ഷോകള്‍ കള്ളക്കടത്തിനും വേദി ; സിനിമയിലും മോഡലിംഗിലും കരിയര്‍ മങ്ങുന്നവരെ സ്വര്‍ണ്ണവും മയക്കുമരുന്നും കടത്തുന്ന കാരിയര്‍മാരാക്കും – UKMALAYALEE

സ്‌റ്റേജ്‌ഷോകള്‍ കള്ളക്കടത്തിനും വേദി ; സിനിമയിലും മോഡലിംഗിലും കരിയര്‍ മങ്ങുന്നവരെ സ്വര്‍ണ്ണവും മയക്കുമരുന്നും കടത്തുന്ന കാരിയര്‍മാരാക്കും

Sunday 5 July 2020 5:28 AM UTC

കൊച്ചി June 5: സിനിമാ, മോഡലിങ് രംഗങ്ങളില്‍ കരിയര്‍ മങ്ങുന്നവരെ സ്‌റ്റേജ് ഷോകളുടെ മറവില്‍ കള്ളക്കടത്തിനു വാഹകരായി (കാരിയര്‍) ഉപയോഗിക്കുന്നു. ഇതുള്‍പ്പെടെ സിനിമാ, മോഡലിങ് രംഗത്തെ തട്ടിപ്പുകള്‍ക്കും ഭീഷണികള്‍ക്കും പിന്നില്‍ സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങള്‍ക്കു പങ്കുണ്ടെന്നു പോലീസ്.

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.
സിനിമ, ടി.വി. മോഡലിങ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്തുള്ളവരെയാണു വ്യാപകമായി തട്ടിപ്പിനുപയോഗിക്കുന്നത്.

രണ്ടോ മൂന്നോ സിനിമകള്‍ക്കുശേഷം ഫീല്‍ഡ് ഔട്ടാവുന്നവര്‍ക്കു പിന്നീടുള്ള വരുമാനം സ്‌റ്റേജ് ഷോകളാണ്. മലയാളത്തില്‍ ഏതാനും സിനിമയ്ക്കുശേഷം തമിഴിലും തെലുങ്കിലും ചില അവസരങ്ങള്‍ ലഭിക്കും. പിന്നീടു മിക്കവരുടെയും കരിയര്‍ മങ്ങുന്നതോടെ സ്‌റ്റേജ് ഷോകളാകും ആശ്രയം.

കള്ളക്കടത്തുകാര്‍തന്നെ സ്‌റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്നതായും പോലീസിനു വിവരം ലഭിച്ചു. സ്‌റ്റേജ് ഷോയുടെ മറവില്‍ വിദേശത്തുനിന്ന് എത്തിക്കുന്ന സ്വര്‍ണം സംസ്ഥാനത്തിനകത്തും പുറത്തും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ രണ്ടാംനിര നടിമാരെയും മറ്റുമാണ് ഉപയോഗിക്കുന്നത്.

ആഡംബരവാഹനങ്ങളില്‍ ദമ്പതിമാര്‍ ചമഞ്ഞു യാത്രചെയ്താണു പരിശോധനകളില്‍നിന്നു രക്ഷപ്പെടുന്നത്. ആഡംബരജീവിതം ആഗ്രഹിക്കുന്ന വിവാഹമോചിതരും ഭര്‍ത്താവുമായി അകന്നുകഴിയുന്നവരുമൊക്കെ എളുപ്പത്തില്‍ കള്ളക്കടത്തിന്റെ കണ്ണികളാകുന്നു.

ഇത്തരം യാത്രകളില്‍ കുട്ടികളെയും മറയാക്കാറുണ്ട്.
തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി കള്ളക്കടത്തിനു പ്രേരിപ്പിച്ചതായി ഇരുപതോളം യുവതികള്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകും.

വിദേശത്തെ സ്‌റ്റേജ് പരിപാടികളുടെ മറവില്‍ വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ്, റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ സംയുക്ത അന്വേഷണവും നടത്തുന്നുണ്ട്. ആരെങ്കിലും വരവില്‍കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുക്കും.

സ്വര്‍ണം നാട്ടിലെത്തിച്ചശേഷം കാരിയര്‍മാര്‍ മുങ്ങുന്നതും കൊണ്ടുവന്നതിന്റെ ഒരുഭാഗം െകെക്കലാക്കുന്നതുമെല്ലാം ഭീഷണിക്കും സംഘര്‍ഷത്തിനും കാരണമാകുന്നതായി അന്വേഷണസംഘം പറയുന്നു.

ഇതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോകലും െലെംഗികചൂഷണവും മുതല്‍ കൊലപാതകം വരെ നടക്കുന്നുണ്ട്. എന്നാല്‍, ഇരകളില്‍ പലരും പരാതിപ്പെടാറില്ല. പരസ്യ മോഡലുകളെയും ഇവന്റ് മാനേജ്‌മെന്റ്, മിനിസ്‌ക്രീന്‍ താരങ്ങളെയുമൊക്കെ കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്നു.

നടിമാരായ നര്‍ത്തകിമാര്‍ക്കും നടന്മാരായ മിമിക്രിക്കാര്‍ക്കും 2-2.5 ലക്ഷം രൂപവരെയാണു വിദേശഷോയ്ക്കു ലഭിക്കുന്നത്.
സിനിമയില്‍ സജീവമായുള്ളവര്‍ക്കു 10 ലക്ഷം വരെയും സജീവമല്ലെങ്കിലും അറിയപ്പെടുന്ന നടിമാര്‍ക്കു 3-5 ലക്ഷവും പ്രതിഫലമുണ്ടെന്ന് ഈരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

സ്‌റ്റേജ് ഷോ കഴിഞ്ഞ് തിരികെക്കൊണ്ടുവരുന്ന ഉപകരണങ്ങള്‍ക്കു ഡ്യൂട്ടി ഇളവുണ്ട്. അതിന്റെ മറവിലാണു പലതും കടത്തുന്നത്. വാദ്യോപകരണങ്ങള്‍ പോലും കള്ളക്കടത്തിന് ഉപയോഗിക്കുന്നു.

പലരും താരപ്രഭയില്‍ ഗ്രീന്‍ചാനലിലൂടെയാണു പുറത്തുവരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു ചിലപ്പോഴെങ്കിലും ഇവര്‍ പിടിക്കപ്പെടാറുള്ളത്. നിരന്തരം യാത്രചെയ്യുന്നവരെയും നിരീക്ഷിക്കാറുണ്ട്.

CLICK TO FOLLOW UKMALAYALEE.COM