സ്‌പെയിനില്‍നിന്നെത്തിയ ഡോക്‌ടര്‍ക്കു കോവിഡ്‌ : 43 ഡോക്‌ടര്‍മാര്‍ നിരീക്ഷണത്തില്‍; ശ്രീചിത്രയില്‍ ശസ്‌ത്രക്രിയകള്‍ നിര്‍ത്തി – UKMALAYALEE

സ്‌പെയിനില്‍നിന്നെത്തിയ ഡോക്‌ടര്‍ക്കു കോവിഡ്‌ : 43 ഡോക്‌ടര്‍മാര്‍ നിരീക്ഷണത്തില്‍; ശ്രീചിത്രയില്‍ ശസ്‌ത്രക്രിയകള്‍ നിര്‍ത്തി

Tuesday 17 March 2020 4:22 AM UTC

തിരുവനന്തപുരം March 17 : വിദേശപഠനം കഴിഞ്ഞെത്തിയ ഡോക്‌ടര്‍ക്കു കോവിഡ്‌-19 സ്‌ഥിരീകരിച്ചതോടെ ശ്രീചിത്ര ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകള്‍ മാറ്റിവച്ചു.

ഡോക്‌ടര്‍ ജോലിചെയ്‌തിരുന്ന റേഡിയോളജി വിഭാഗം അടച്ചുപൂട്ടി. ആറുവിഭാഗങ്ങളിലെ 43 ഡോക്‌ടര്‍മാരും മറ്റു ജീവനക്കാരും നിരീക്ഷണത്തില്‍.

ഡോക്‌ടര്‍ നിരവധിപേരുമായി ഇടപഴകിയെന്ന സൂചനയേത്തുടര്‍ന്ന്‌ ആരോഗ്യവകുപ്പ്‌ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നു. കഴിഞ്ഞ ഒന്നിനു സ്‌പെയിനില്‍നിന്ന്‌ ഉപരിപഠനം കഴിഞ്ഞെത്തിയ ഡോക്‌ടര്‍ക്കാണു രോഗം സ്‌ഥിരീകരിച്ചത്‌.

കോവിഡ്‌ മുന്‍കരുതല്‍ പട്ടികയില്‍ സ്‌പെയിന്‍ ഇല്ലാത്തതിനാല്‍ ഡോക്‌ടര്‍ ആദ്യഘട്ടത്തില്‍ മുന്‍കരുതലെടുത്തിരുന്നില്ല. ആശുപത്രിയിലെത്തി ജീവനക്കാരുമായി ഇടപഴകി. 10, 11 തീയതികളില്‍ മുഖാവരണം ധരിച്ച്‌ ഒ.പിയിലെത്തി രോഗികളെ പരിശോധിച്ചു.

രോഗികള്‍ക്ക്‌ ഒപ്പമെത്തിയവരും ഒ.പിയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സാഹചര്യം ഗുരുതരമാണെന്ന്‌ ആരോഗ്യവകുപ്പ്‌ വിലയിരുത്തുന്നു.

ഡോക്‌ടറുമായി നേരിട്ട്‌ ഇടപെട്ട 76 പേരെ കണ്ടെത്തി. ഇവര്‍ കര്‍ശന നിരീക്ഷണത്തിലാണ്‌. ഇതില്‍ 43 പേര്‍ ഡോക്‌ടര്‍മാരും 18 നഴ്‌സുമാരും 13 സാങ്കേതികജീവനക്കാരും രണ്ട്‌ ഭരണവിഭാഗം ജീവനക്കാരുമുണ്ട്‌.

വിശദമായ അന്വേഷണത്തിനുശേഷം കൂടുതല്‍പ്പേരെ നിരീക്ഷണപ്പട്ടികയില്‍ ചേര്‍ക്കും. ഡോക്‌ടര്‍ വന്ന വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കണ്ടെത്താന്‍ ശ്രമം നടക്കുന്നു.

ആവശ്യമെങ്കില്‍ പോലീസിന്റെ സഹായവും തേടും.
ശ്രീചിത്രയിലെ വകുപ്പുതലവന്‍മാരടക്കം ഡോക്‌ടര്‍മാര്‍ നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ആശങ്കയിലായി.

വിവിധ ശസ്‌ത്രക്രിയകള്‍ക്കായി മാസങ്ങള്‍ക്കു മുമ്പ്‌ തീയതി നിശ്‌ചയിക്കപ്പെട്ടവരുടെ അവസരം വൈകും. പുതിയ ശസ്‌ത്രക്രിയാ തീയതി നല്‍കുന്നതു നിര്‍ത്തിവച്ചു.

CLICK TO FOLLOW UKMALAYALEE.COM