സ്വസ്ഥത കെടുത്തി സ്വര്‍ണവും പവന് 30,200 , വില സര്‍വകാല റെക്കോഡില്‍
Tuesday 7 January 2020 4:13 AM UTC
കൊച്ചി Jan 7: അമേരിക്ക-ഇറാന് സംഘര്‍ഷം പശ്ചിമേഷ്യയില്‍ യുദ്ധഭീതി വിതച്ചതിനേത്തുടര്ന്ന്, എണ്ണവിലയ്ക്കു പിന്നാലെ സ്വര്‍ണവിലയും കുതിച്ചുയരുന്നു. രാജ്യാന്തരവിപണിയില്‍ മഞ്ഞലോഹത്തിനു കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ വന്വിലക്കയറ്റമാണുണ്ടായത്.
ആഭ്യന്തരവിപണിയില്‍ വില സര്‍വകാല റെക്കോഡില്‍. പവന് 520 രൂപ വര്‍ധിച്ച്, 30,200 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടര്‍ന്നാല്‍ ആഭ്യന്തരവിപണിയില്‍ വില 10 ഗ്രാമിനു 42,000 കടക്കുമെന്നു വിദഗ്ധര്‍. രാജ്യാന്തരവ്യാപാരത്തില്‍ യു.എസ്-ചൈന ചര്‍ച്ച പൊളിഞ്ഞതും സ്വര്‍ണവില കൂടാന്‍ കാരണമായി.
രാജ്യാന്തരവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് (31.100 മില്ലിഗ്രാം) 1555 ഡോളറില്‍ കഴിഞ്ഞ വെള്ളിയാഴ്ച നിര്‍ത്തിയ വ്യാപാരം, ഈയാഴ്ച തുടക്കത്തില്‍ 1578 ഡോളറായി ഉയര്‍ന്നതോടെയാണ് ആഭ്യന്തരവിപണിയില്‍ വില കുതിച്ചുകയറിയത്.
ഇതു വ്യാപാരസ്ഥാപനങ്ങളെയും ബാധിച്ചു. വില്‍പ്പന കുത്തനെ ഇടിഞ്ഞു. സ്വര്‍ണം വില്‍ക്കാനാണു കൂടുതല്‍പ്പേരും ജൂവലറികളില്‍ എത്തുന്നതെന്നു വ്യാപാരികള്‍ പറയുന്നു. ഒരു പവന് സ്വര്‍ണം വാങ്ങുന്നവര്‍ക്കു ജി.എസ്.ടി, പണിക്കൂലി, പണിക്കുറവ്, മറ്റു നികുതികള്‍ ഉള്‍പ്പെടെ 35,000 രൂപയിലേറെ മുടക്കേണ്ടിവരുന്നു.
നിക്ഷേപകര്‍ മാത്രമാണു മറിച്ചുവില്പ്പനയ്ക്കായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. ഡോളറിന്റെ വിലയില്‍ സ്ഥിരതയില്ലാത്തതാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്.
ആഭ്യന്തരവിപണിയില്‍ മുംബൈ ബുള്ളിയന്‍ വില ഉയര്ത്തിയതിനേത്തുടര്ന്നു വ്യാപാരം മാന്ദ്യത്തിലായി. മുംബൈയിലെ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ 10 ഗ്രാം സ്വര്‍ണത്തിന് രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 1,800 രൂപ.
അവധിക്കച്ചവടത്തില് 41,000 രൂപ കടന്ന വില പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടര്‍ന്നാല്‍ ഉടന്‍ 42,000 കടക്കുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
CLICK TO FOLLOW UKMALAYALEE.COM