സ്വര്‍ണവില 12 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ – UKMALAYALEE

സ്വര്‍ണവില 12 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Sunday 14 March 2021 10:11 AM UTC

കൊച്ചി March 14: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയുമായി ഞായറാഴ്ച്ച സ്വര്‍ണവില തുടരുന്നു. വെള്ളിയാഴ്ച്ച 33,480 രൂപയായിരുന്നു പവന് വില. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി.

ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും. ഈ മാസം ആദ്യത്തെ 14 ദിവസം കൊണ്ട് പവന് 840 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്).

വെള്ളി നിരക്കിലും ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 66.90 രൂപയാണ് ഞായറാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 535.20 രൂപ. ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് നേരിയ വിലവിലര്‍ധനവ് സംഭവിച്ചത് കാണാം. പ്രധാന നഗരങ്ങളില്‍ 24 കാരറ്റ് പരിശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന് 330 രൂപയോളം കൂടി. 10 ഗ്രാമിന് 44,860 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിലവാരം.

22 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. 10 ഗ്രാമിന് 43,860 രൂപയായി 22 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക്. ശനിയാഴ്ച്ച 22 കാരറ്റിന് 43,530 രൂപയും 24 കാരറ്റിന് 44,530 രൂപയുമായിരുന്നു നിരക്ക്. ഹൈദരാബാദിലും ബെംഗളൂരുവിലും 22 കാരറ്റ് 10 ഗ്രാം സ്വര്‍ണം 42,000 രൂപയാണ് വില രേഖപ്പെടുത്തുന്നത്.

ഇതേസമയം, ദില്ലിയിലും മുംബൈയിലും പൊന്നിന് വില കൂടുതലാണ്. 22 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 44,150 രൂപയാണ് രാജ്യതലസ്ഥാനമായ ദില്ലിയില്‍ വില. മുംബൈയില്‍ വില 43,860 രൂപയും. എക്‌സൈസ് തീരുവ, സംസ്ഥാന നികുതി, മറ്റു നിരക്കുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണവില ചുവടെ കാണാം. മധുര: 42,300 രൂപ (22 കാരറ്റ് 10 ഗ്രാം സ്വര്‍ണം) കൊല്‍ക്കത്ത: 44,290 രൂപ (22 കാരറ്റ് 10 ഗ്രാം സ്വര്‍ണം) വിജയവാഡ: 42,000 രൂപ (22 കാരറ്റ് 10 ഗ്രാം സ്വര്‍ണം) പൂനെ: 43,860 രൂപ (22 കാരറ്റ് 10 ഗ്രാം സ്വര്‍ണം) പാറ്റ്‌ന: 43,860 രൂപ (22 കാരറ്റ് 10 ഗ്രാം സ്വര്‍ണം) അഹമ്മദാബാദ്: 44,300 രൂപ (22 കാരറ്റ് 10 ഗ്രാം സ്വര്‍ണം) ലഖ്‌നൗ: 44,150 രൂപ (22 കാരറ്റ് 10 ഗ്രാം സ്വര്‍ണം) സ്വര്‍ണം താഴോട്ട് രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. 10 ഗ്രാമിന് 44,458 രൂപ വിലനിലവാരം സ്വര്‍ണം എംസിഎക്‌സില്‍ കാഴ്ച്ചവെക്കുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡ് കയ്യടക്കിയതിന് ശേഷമാണ് സ്വര്‍ണത്തിന്റെ പിന്‍വാങ്ങല്‍. ഇതുവരെ 12,000 രൂപയോളം സ്വര്‍ണം 10 ഗ്രാമിന് ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യയില്‍ സ്വര്‍ണവില കുറയുന്നത്. അമേരിക്കയുടെ ട്രഷറി വരുമാനം കൂടുന്നതും കോവിഡ് വാക്‌സിനേഷന്‍ സജീവമായ പശ്ചാത്തലത്തില്‍ ആഗോള സമ്പദ്ഘടനകള്‍ തിരിച്ചുവരുന്നതും സ്വര്‍ണത്തിന് ക്ഷീണം ചെയ്യുന്നു. ഡോളര്‍ സൂചികയുടെ കുതിപ്പും പൊന്നിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്.

എന്തായാലും ദീര്‍ഘകാലടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സമയം ഇതാണ്. ഇതേസമയം, ഹ്രസ്വകാലം നേട്ടം ലക്ഷ്യമിട്ട് സ്വര്‍ണം വാങ്ങുന്നവര്‍ കനത്ത നഷ്ടം നേരിടാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

CLICK TO FOLLOW UKMALAYALEE.COM