സ്വര്‍ണവില കുതിക്കുന്നു , പവന്‌ 34,000 രൂപ – UKMALAYALEE

സ്വര്‍ണവില കുതിക്കുന്നു , പവന്‌ 34,000 രൂപ

Saturday 25 April 2020 2:46 AM UTC

മുംബൈ April 25: ലോക്ക്‌ഡൗണിനിടയിലും മിന്നിത്തിളങ്ങി സ്വര്‍ണം. പവന്‌ 34,000 രൂപയിലാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. ഗ്രാമിന്‌ 4,250 രൂപയും. ഇന്നലെമാത്രം ഒരു പവന്‌ 200 രൂപകൂടിയത്‌. വ്യാഴാഴ്‌ചയും പവന്‌ 200 രൂപ കൂടിയിരുന്നു. ഈ മാസം മാത്രം 2,400 രൂപയാണ്‌ പവന്‌ വര്‍ധിച്ചത്‌.
രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയനിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലച്ചത്‌. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1,724.04 ഡോളറാണ്‌.

കോവിഡ്‌ ലോകത്താകമാനം സൃഷ്‌ടിച്ച അനശ്‌ചിതത്വം ഓഹരി വിപണികളേയും എണ്ണയേയും വേട്ടയാടാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു ചേക്കേറുകയായിരുന്നു.

സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ ആഗോളനിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്‌. രാജ്യാന്തര ഫ്യൂച്ചര്‍ വിപണികളില്‍ കഴിഞ്ഞദിവസം എണ്ണവില നെഗറ്റീവിലെത്തിയിരുന്നു.

ഏപ്രില്‍ 26ന്‌ രാജ്യം അക്ഷയത്രിതീയ ആഘോഷിക്കാനിരിക്കേ ലോക്ക്‌ഡൗണ്‍ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചതായി സ്വര്‍ണക്കച്ചവടക്കാര്‍ വ്യക്‌തമാക്കി.

സ്വര്‍ണവില പ്രാദേശിക വിപണികളില്‍ സര്‍വകാല റെക്കോഡിലിരിക്കെയാണ്‌ അക്ഷയത്രിതീയയും ലോക്ക്‌ഡൗണും വിപണികളിലെത്തുന്നത്‌. കഴിഞ്ഞ വര്‍ഷം അക്ഷയത്രിതീയയ്‌ക്കു ഗ്രാമിന്‌ 2,945 രൂപയും പവന്‌ 23,560 രൂപയും മാത്രമായിരുന്നു നിരക്ക്‌.

ഒരു കൊല്ലത്തിനിടെ പവന്‌ 10440 രൂപയുടെ വര്‍ധനയാണുണ്ടായത്‌.
വില 82,000 കടക്കും !

മുംബൈ: അടുത്ത വര്‍ഷം അവസാനത്തോടെ 10 ഗ്രാം സ്വര്‍ണത്തിന്‌ 82,000 രൂപ കടക്കുമെന്നു വിദഗ്‌ധര്‍. ഒന്നര വര്‍ഷത്തിനുള്ളില്‍ 75 ശതമാനം വില വര്‍ധിച്ച സ്വര്‍ണം 18 മാസത്തിനുള്ളില്‍ 76 ശതമാനം കൂടി ഉയരുമെന്നാണു വിലയിരുത്തല്‍.

2021 അവസാനത്തോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 3000 ഡോളറായി ഉയരുമെന്നാണ്‌ ബാങ്ക്‌ ഓഫ്‌ അമേരിക്ക സെക്യൂരിറ്റീസിന്റെ പ്രവചനം. ഇതനുസരിച്ച്‌ ബ്രോക്കറേജ്‌ സ്‌ഥാപനം സ്വര്‍ണത്തിന്റെ ടാര്‍ഗറ്റ്‌ വില 2,000 ഡോളറില്‍ നിന്ന്‌ 3,000 ഡോളറായി ഉയര്‍ത്തി.

അതായത്‌ ഇന്ത്യന്‍ രൂപ 82,000 രൂപ. നിലവില്‍ ഡല്‍ഹി ബുള്ളിയനില്‍ 10 ഗ്രാം സ്വര്‍ണത്തിന്‌ 46,352 രൂപയാണ്‌. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന്‌ 1,750 ഡോളറും.

ഓഹരി വിപണികളുടെ തളര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയും വര്‍ധിപ്പിക്കുന്നുണ്ട്‌. ഇതും വില ഉയരാന്‍ കാരണമാണ്‌.

CLICK TO FOLLOW UKMALAYALEE.COM