സ്വര്‍ണം പവന്‌ 40000 രൂപയില്‍ – UKMALAYALEE

സ്വര്‍ണം പവന്‌ 40000 രൂപയില്‍

Saturday 1 August 2020 8:43 AM UTC

കൊച്ചി/മുംബൈ Aug 1: സ്വര്‍ണവില പവന്‌ 40000 രൂപയില്‍. ഗ്രാമിന്‌ 5000. ഇന്നലെ പവന്‌ 280 രൂപ കൂടിയാണ്‌ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില തൊട്ടത്‌. ഗ്രാമിന്‌ ഇന്നലെ കൂടിയത്‌ 35 രൂപ. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ്‌ ഈ സ്വര്‍ണക്കുതിപ്പ്‌, ഒന്‍പതു ദിവസം കൊണ്ടുമാത്രം സ്വര്‍ണവിലയില്‍ വന്ന വര്‍ധന.

3240 രൂപ. ഈ നില തുടര്‍ന്നാല്‍ വൈകാതെ ഒരു പവന്റെ വില 50000 കടക്കുമെന്നു വിപണിവൃത്തങ്ങള്‍. ഈ വര്‍ഷം ജനുവരി മുതലുള്ള ഏഴുമാസം കൊണ്ട്‌ 10400 രൂപയാണ്‌ പവന്‌ കുതിച്ചത്‌.

കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ തട്ടി രാജ്യത്ത്‌ ആഭരണ സ്വര്‍ണവില്‍പന ഗണ്യമായി കുറഞ്ഞപ്പോഴാണ്‌ അതിശയിപ്പിക്കുന്ന വിധം വില ഉയര്‍ന്നത്‌.

രാജ്യാന്തര സ്വര്‍ണവിലയിലും കുതിപ്പു തുടരുന്നതാണ്‌ ആഭ്യന്ത വിപണിയിലും വില ഉയര്‍ത്തിയത്‌. കോവിഡ്‌ പ്രതിസന്ധിയില്‍ ഓഹരിയടക്കമുള്ള മറ്റു വിപണികള്‍ ഉലഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണ്‌ രാജ്യാന്തര വില ഉയരാന്‍ കാരണമാക്കിയത്‌്.

രാജ്യാന്തവില ഔണ്‍സിന്‌ ഈ വര്‍ഷം തന്നെ 2300 ഡോളര്‍ വരെ എത്തിയേക്കുമെന്നൂം സൂചനയുണ്ട്‌. നിലവില്‍ 1982 ഡോളറിലാണ്‌ കച്ചവടം നടക്കുന്നത്‌.

ഡല്‍ഹി ബുള്ളിയനില്‍ 10 ഗ്രാം സ്വര്‍ണത്തിന്‌ 53,216 രൂപയാണ്‌. സ്വര്‍ണത്തിനു വില കുതിച്ചതോടെ വെള്ളിക്കും പ്രിയം കൂടി. ഇതോടെ വെള്ളി കിലോയ്‌ക്ക്‌ 865 രൂപ കൂടി 63,355 രൂപയിലെത്തി.

വെള്ളി ആഭരണ വിപണിയില്‍ ആവശ്യകത ദിനംപ്രതി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM