സ്വന്തം കാറിന് മുന്നില്‍ മറ്റൊരു കാര്‍; ഇഷ്ടപ്പെടാതെ പുരോഹിതന്‍ പുതിയ വാഹനത്തില്‍ കുത്തിവരച്ചു – UKMALAYALEE

സ്വന്തം കാറിന് മുന്നില്‍ മറ്റൊരു കാര്‍; ഇഷ്ടപ്പെടാതെ പുരോഹിതന്‍ പുതിയ വാഹനത്തില്‍ കുത്തിവരച്ചു

Tuesday 21 January 2020 4:37 AM UTC

പത്തനംതിട്ട Jan 21: സ്വന്തം വാഹനം എടുക്കാന്‍ കഴിയാത്ത വിധം മുന്നില്‍ പാര്‍ക്ക് ചെയ്ത പുതിയ വാഹനത്തില്‍ കല്ലുകൊണ്ടു വരച്ച് ക്രൈസ്തവ പുരോഹിതന്റെ വിളയാട്ടം. പത്തനംതിട്ട പയ്യനാമണ്ണിലെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ വരച്ചത് മലങ്കര കത്തോലിക്കാ സഭ പുരോഹിതനാണ്.

സംഭവം നാണക്കേടായതോടെ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാനും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തിെന്റ സിസിടിവി ദൃശ്യങ്ങള്‍ എടുത്തുമാറ്റാനും ആവശ്യപ്പെട്ട ബിഷപ്പ് പ്രശ്‌നത്തില്‍ ഇടപെട്ടു.

കഴിഞ്ഞദിവസം രാത്രി മാത്യു എന്ന മലങ്കര കത്തോലിക്കാ പുരോഹിതന്‍ കോന്നി ആനക്കല്ലുക്കല്‍ ഷേര്‍ളി ജോഷ്വായുടെ പുതിയ കാറിലാണ് കുത്തിവരച്ചത്. ഇന്ന് നടക്കുന്ന മകന്‍ ജോജോയുടെ വിവാഹത്തിന് വേണ്ടി വാങ്ങിയ കാറായിരുന്നു.

പയ്യനാ മണ്ണിലെ ബന്ധുവീട്ടില്‍ എത്തിയ ഷേര്‍ളി വീട്ടു മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തു. ഇവിടെ ഒരു റാസയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഫാ. മാത്യൂ. ഇദ്ദേഹവും കാര്‍ പാര്‍ക്ക് ചെയ്തത് ബന്ധുവീടിന്റെ വീട്ടുമുറ്റത്തായിരുന്നു.

റാസ കഴിഞ്ഞ് തിരിച്ചു പോകാന്‍ കാര്‍ എടുക്കാന്‍ കഴിയാതായതോടെയാണ് മുന്നില്‍ കിടന്ന കാറില്‍ കുത്തി വരച്ചത്. സംഭവം പക്ഷേ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ചുവപ്പ് കാറിന് മുന്നിലെത്തി കുനിഞ്ഞ് കല്ലെടുത്ത് ബോണറ്റില്‍ വരയ്ക്കുന്നതും അതിന് ശേഷം ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ളോഹ വലിച്ചു പൊക്കി പിന്നിലുള്ള സ്വന്തം കാറിലേക്ക് പുരോഹിതന്‍ ഓടുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്.

ഷേര്‍ളി പുരോഹിതനെതിരേ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രശ്‌നം വഷളായി മാറിയത്. ഇതോടെ സഭാ നേതൃത്വം ഇടപെടുകയായിരുന്നു.

ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായി മാറിയതോടെയാണ് വിഷയത്തില്‍ സഭ ഇടപെട്ടത്. നശിപ്പിക്കപ്പെട്ട കാര്‍ എടുത്ത് പകരം അതേ മോഡലിലുള്ള പുതിയ കാര്‍ വാങ്ങിക്കൊടുക്കാമെന്നും വിവാഹാവശ്യത്തിന് മറ്റൊരു കാര്‍ വിട്ടുതരാമെന്നും ബിഷപ്പ് കുടുംബത്തിന് ഉറപ്പ് നല്‍കിയിരിക്കുകയാണ്.

പകരം പരാതി പിന്‍വലിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ എടുത്തുമാറ്റണമെന്നുമാണ് ആവശ്യം. പരാതി പിന്‍വലിച്ച കുടുംബം പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

CLICK TO FOLLOW UKMALAYALEE.COM