സ്വകാര്യവാഹനങ്ങളില്‍ ഇറങ്ങുന്നവര്‍ സത്യവാങ്‌മൂലം നല്‍കണം – UKMALAYALEE

സ്വകാര്യവാഹനങ്ങളില്‍ ഇറങ്ങുന്നവര്‍ സത്യവാങ്‌മൂലം നല്‍കണം

Wednesday 25 March 2020 3:55 AM UTC

തിരുവനന്തപുരം March 25 : പൊതുജനങ്ങള്‍ക്കു നിരത്തിലിറങ്ങുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തിറങ്ങുന്ന എല്ലാവരില്‍നിന്നും വിശദമായ സത്യവാങ്‌മൂലം പോലീസ്‌ എഴുതിവാങ്ങുമെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്നു പോലീസിനു ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരിടുന്നതു കോവിഡ്‌ 19 എന്ന മഹാമാരിയെയാണെന്നും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട്‌ എല്ലാവരും പെരുമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്തുതരം ഒത്തുചേരലായാലും ആളുകളുടെ എണ്ണം അഞ്ചില്‍ താഴെയായിരിക്കണം.

ടാക്‌സികള്‍, ഓട്ടോ റിക്ഷകള്‍ എന്നിവ അടിയന്തര സാഹചര്യത്തില്‍മാത്രമേ പോകാവൂ. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ മുതിര്‍ന്ന ഒരാള്‍മാത്രമേ വരാന്‍ പാടുള്ളൂ. അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണം.

സുഹൃത്തുകളുടെ വീട്ടില്‍ പോകുക, ക്ലബില്‍ പോകുക, വായനശാലയില്‍ പോകുക ഇതൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പാടില്ല. ഡിപ്പാര്‍ട്ടമെന്റല്‍ സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക്‌-പച്ചക്കറി കടകള്‍, പാല്‍, മുട്ട, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ അഞ്ചു വരെ പ്രവര്‍ത്തിക്കും.

ആഡംബര വസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കേണ്ടതില്ല. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ എത്രയും പെട്ടെന്നു മടങ്ങിപ്പോകണം. ഈ സാഹചര്യം മുതലെടുത്ത്‌ വിലക്കയറ്റത്തിനോ പൂഴ്‌ത്തിവയ്‌പിനോ വ്യാപാരികള്‍ ശ്രമിക്കരുത്‌.

അവശ്യ സര്‍വീസുകള്‍ക്കു പുറത്തിറങ്ങുന്നവര്‍ക്കു പോലീസ്‌ പ്രത്യേക പാസ്‌ നല്‍കും. മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരും അവരവരുടെ കാര്‍ഡുകള്‍തന്നെ ഉപയോഗിച്ചാല്‍ മതി. കടകളിലും മറ്റു ജോലി ചെയ്യുന്നവര്‍ പാസ്‌ ഉപയോഗിക്കണം.

സംസ്‌ഥാനത്തു ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമായ ഇന്നലെ ചിലര്‍ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടില്ല. സ്വകാര്യ വാഹനങ്ങളില്‍ ആളുകള്‍ കൂടുതലായി ഇറങ്ങുന്ന സാഹചര്യം കാണുന്നുണ്ട്‌. പോലീസ്‌ ഇനി കര്‍ശന നടപടികളിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ പോലീസിനു സത്യവാങ്‌മൂലം എഴുതി നല്‍കണമെന്നു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. സ്വന്തം വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ എന്തിനു വേണ്ടിയാണു പുറത്തുപോകുന്നതെന്നും എവിടേക്കാണ്‌ പോകുന്നതെന്നും എഴുതി നല്‍കണം.

തെറ്റായ വിവരം നല്‍കിയാല്‍ നിയമനടപടിയുണ്ടാകും.
മരുന്നുകളും മറ്റ്‌ അവശ്യവസ്‌തുക്കളും എത്തിക്കുന്ന വാഹനങ്ങള്‍ തടയില്ല. അവശ്യവസ്‌തുക്കള്‍, മരുന്ന്‌ തുടങ്ങിയവ വാങ്ങാനും ആശുപത്രി സേവനങ്ങള്‍ക്കുംമാത്രമേ ടാക്‌സി, ഓട്ടോറിക്ഷ (ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉള്‍പ്പെടെ) എന്നിവ ഉപയോഗിക്കാന്‍ അനുമതിയുണ്ടാകൂ.

മെഡിക്കല്‍ ഷോപ്പ്‌, പലചരക്കു കട, പാല്‍, പച്ചക്കറി, ഡേറ്റ സെന്റര്‍, ഇന്റര്‍നെറ്റ്‌, ടെലികോം തുടങ്ങി ലോക്ക്‌ഡൗണില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയ മേഖലകളിലെ ജീവനക്കാര്‍ക്കു പാസ്‌ ലഭ്യമാക്കും.

ജില്ലാ പോലീസ്‌ മേധാവിമാരാകും ഈ പാസുകള്‍ വിതരണം ചെയ്യുക. അടച്ചുപൂട്ടല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌ കണിശമായി നടപ്പാക്കാന്‍ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കു ഡി.ജി.പി. നിര്‍ദേശം നല്‍കി.

CLICK TO FOLLOW UKMALAYALEE.COM