സ്പ്രിംക്ലര്‍ കമ്പനിക്ക് ഇനി ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി – UKMALAYALEE

സ്പ്രിംക്ലര്‍ കമ്പനിക്ക് ഇനി ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി

Wednesday 22 April 2020 12:15 AM UTC

കൊച്ചി April 22: സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. കൊവിഡ് 19വുമായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിംക്ലറിന് കൈമാറുന്നതില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി വളരെ അപകടകരമാണ്.

ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കുന്നതുവരെ ഇനി ഡാറ്റ് സ്പ്രിംക്ലറിന്റെ സെര്‍വറില്‍ അപ്‌ലോഡ് ചെയ്യരുതെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു.

12.50ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കണം. ഡാറ്റ സ്പ്രിംക്ലറിന് കൈമാറുന്നതില്‍ അപാകത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം.

ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ എന്തുകൊണ്ട് അമേരിക്കന്‍ കോടതിയുടെ അധികാരപരിധിയില്‍ കൊണ്ടുവന്നുവെന്ന് 24ന് മറുപടി നല്‍കണമെന്ന് കോടതി താക്കീത് നല്‍കി.

എന്തുകൊണ്ട് നിയമവകുപ്പിന്റെ വിശദീകരം തേടിയില്ല? ‘കൊവിഡ് എപിഡെമിക്’ എന്നത് മാറി ‘ഡാറ്റ എപിഡെമിക്’ എന്ന നിലയിലേക്ക് പോകുമോ എന്ന ആശങ്കയും കോടതി പങ്കുവച്ചു.

ഡാറ്റ ഇടപാടില്‍ എന്തെങ്കിലും അപാകത ഉണ്ടായാല്‍ പൂര്‍ണ്ണമായ ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്പ്രിംക്ലര്‍ കമ്പനിക്ക് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നൂ.

ആരോഗ്യ വിവരങ്ങള്‍ വിദേശ മരുന്നുകമ്പനികള്‍ക്ക് കൈമാറ്റപ്പെടുമെന്നും ഹര്‍ജിക്കാരന്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ഹര്‍ജിക്കാരന് കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്നും ഹര്‍ജിക്ക് പിന്നിലുള്ള കാരണമെന്താണെന്നും കോടതി ആരാഞ്ഞൂ.

താന്‍ എല്ലാവര്‍ക്കും വേണ്ടിയാണ് ഹാജരാകുന്നതെന്നും ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങള്‍ ആശാവര്‍ക്കര്‍ ശേഖരിച്ച് മൊബൈല്‍ വഴി സ്പ്രിംക്ലറിന് അയച്ചുനല്‍കുകയാണെന്നും രോഗികളുടെ അനുവാദമില്ലാതെയാണ് ഇത് ചെയ്യുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഒരു സര്‍ക്കാര്‍ സെര്‍വറിലാണ് ഇവ കലക്ട് ചെയ്യുന്നതെങ്കില്‍ ചോദ്യം ചെയ്യില്ലായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതില്‍ സെന്‍സെറ്റീവ് ആയ വിഷയമില്ലെന്നും ഡാറ്റകള്‍ സുരക്ഷിതമാണെന്നും വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നുമുള്ള ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയത്.

ഇത് കോടതിയെ പ്രകോപിപ്പിച്ചു. ആരോഗ്യ ഡാറ്റ സെന്‍സെറ്റീവ് മാത്രമല്ല, അതിപ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡാറ്റ ചോരില്ലെന്ന് സര്‍ക്കാരിനുറപ്പുണ്ടോയെന്നും കോടതി ആരാഞ്ഞു.

സര്‍ക്കാരിന് ഐ.ടി വിഭാഗമുള്ളപ്പോള്‍ എന്തിനാണ് സ്വകാര്യ കമ്പനികളുടെ സെര്‍വറുകളില്‍ ഡാറ്റ ശേഖരിക്കുന്നതെന്നും കോടതി ആരാഞ്ഞു. സേവനമായി മാത്രമാണ് സര്‍വര്‍ ഉപയോഗിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

നാളെ വിശദമായ സത്യവാങ്മൂലം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ മറുപടി അപകടകരമാണെന്ന് നിരീക്ഷിച്ച ഈ വിഷയങ്ങളില്‍ കൃത്യമായ മറുപടി നല്‍കാതെ ഇനി ഡാറ്റ സ്പ്രിംക്ലറിന് നല്‍കരുതെന്നും നിര്‍ദേശിച്ചു.

ഉച്ചയ്ക്ക് 12.50ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കാനും നിര്‍ദേശം നല്‍കി.

CLICK TO FOLLOW UKMALAYALEE.COM