സ്ത്രീലക്ഷങ്ങളെ അണിനിരത്തി സര്‍ക്കാറിന്റെ വനിതാ മതില്‍ – UKMALAYALEE

സ്ത്രീലക്ഷങ്ങളെ അണിനിരത്തി സര്‍ക്കാറിന്റെ വനിതാ മതില്‍

Wednesday 2 January 2019 1:56 AM UTC

KOCHI Jan 2: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ സ്ത്രീലക്ഷങ്ങളെ അണിനിരത്തി വനിതാ മതില്‍.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരമാണു മതില്‍ തീര്‍ത്തത്. നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍ ആരംഭിച്ചത്.

കാസര്‍കോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാസര്‍കോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരന്നു.

വനിതാ മതില്‍ തീര്‍ത്തതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, ആനി രാജ തുടങ്ങിയ പ്രമുഖരും സാമൂഹ്യ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.ആര്‍.ഗൗരിയമ്മ ആലപ്പുഴയിലും ആദിവാസി നേതാവ് സി.കെ.ജാനു ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും കെ. അജിത പി.വല്‍സല, മന്ത്രി എ.കെ ശശീന്ദ്രന്‍ , നടി റിമ കല്ലിങ്കല്‍ ,തുടങ്ങിയവര്‍ കോഴിക്കോട് മതിലില്‍ പങ്കാളികളായി.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി നൽകിയിരുന്നു.

മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വര്‍ഗീയമതില്‍ എന്ന പ്രതിപക്ഷ ആരോപണത്തെ പൂര്‍ണ്ണമായിട്ട് ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

എന്നാല്‍ ശബരിമലയോ, യുവതിപ്രവേശന വിഷയമോ പരാമര്‍ശിക്കാതെയാണ് വനിതാ മതിലില്‍ അണിനിരക്കുന്നവര്‍ ഏറ്റുചൊല്ലാനുളള പ്രതിജ്ഞ തയ്യാറാക്കിയത്.

ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. നാല്‍ക്കവലകളില്‍ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നു.

മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകരടക്കം തലസ്ഥാനത്തുണ്ട്.

CLICK TO FOLLOW UKMALAYALEE.COM