സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ബിക്കിനിയണിഞ്ഞ ആ ചിത്രങ്ങള്‍ വഫയുടെതല്ല – UKMALAYALEE

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ബിക്കിനിയണിഞ്ഞ ആ ചിത്രങ്ങള്‍ വഫയുടെതല്ല

Wednesday 7 August 2019 5:42 AM UTC

തിരുവനന്തപുരം Aug 7: മദ്യ ലഹരിയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ഇപ്പോഴും പലകാര്യങ്ങള്‍ക്കും വ്യക്തത വന്നിട്ടില്ല.

അപകടസമയം ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയെ ചുറ്റിപ്പറ്റിയും ചില വാര്‍ത്തകള്‍ പുറത്തെത്തുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ വഫയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങള്‍ അവരുടേത് അല്ലെന്ന് വ്യക്തമായിരിക്കുകയാണ്.

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ നിന്നുള്ള പ്രമുഖ മോഡലും ഹെന്ന ആര്‍ട്ടിസ്റ്റുമായ തലീമ ജുമാന്‍ എന്ന യുവതിയുടെ ചിത്രങ്ങളാണ് വഫയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്.

വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം ശ്രീറാം വെങ്കിട്ടരാമനെ കടുത്ത സമ്മര്‍ദത്തിനൊടുവില്‍ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

പത്തു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണു ശ്രീറാമിനെതിരേ കേസെടുത്തിട്ടുള്ളത്. സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് 48 മണിക്കൂറിലേറെ ഒരു ഉദ്യോഗസ്ഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നാല്‍ സസ്പെന്‍ഡ് ചെയ്യാം.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു മണിക്കാണു ശ്രീറാം വെങ്കിട്ടരാമന്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം. ബഷീര്‍ മരിച്ചത്.

അതിനിടെ, ശ്രീറാമിനെ രക്ഷിക്കാനും പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും ഇപ്പോഴും ശ്രമങ്ങള്‍ നടക്കുന്നതായാണു സൂചന.

അപകടം നടന്ന് ഒമ്പത് മണിക്കൂറിനു ശേഷം രക്തപരിശോധന നടത്തിയതുകൊണ്ടുതന്നെ മദ്യത്തിന്റെ അളവ് കണ്ടെത്താനായിട്ടില്ലെന്നാണു സൂചന.

ശ്രീറാം മദ്യപിച്ചിരുന്നെന്ന് ഉറപ്പിച്ചു പറയാതെയാണു കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിമാന്‍ഡ് പ്രതികള്‍ക്കും തടവുകാര്‍ക്കുമുള്ള മെഡിക്കല്‍ കോളജിലെ പോലീസ് സെല്ലില്‍ പ്രവേശിപ്പിക്കുന്നതിനു പകരം ശ്രീറാമിനെ ഐ.സിയുവിലാണു പ്രവേശിപ്പിച്ചത്.

എന്നാല്‍ ആന്തരികക്ഷതം ഉള്ളതിനാലാണു മള്‍ട്ടി സ്പെഷല്‍ ഐ.സിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗിക വിവരം.

ഇതു സംബന്ധിച്ച വിശദീകരണം നല്‍കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറായിട്ടില്ല.

CLICK TO FOLLOW UKMALAYALEE.COM