സോപ്പു മുതല്‍ കാര്‍ വരെ ആഡംബരവിഭാഗത്തില്‍ പെടുന്ന എല്ലാറ്റിനും വില കൂടും – UKMALAYALEE

സോപ്പു മുതല്‍ കാര്‍ വരെ ആഡംബരവിഭാഗത്തില്‍ പെടുന്ന എല്ലാറ്റിനും വില കൂടും

Friday 1 February 2019 2:35 AM UTC

തിരുവനന്തപുരം Feb 1: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ മിക്ക സാധനങ്ങള്‍ക്കും വില കൂടുമെന്ന് ഉറപ്പായി.

നവകേരള നിര്‍മ്മാണത്തെ മുന്‍ നിര്‍ത്തി സെസ് രണ്ടു വര്‍ഷത്തേക്ക് നടപ്പിലാക്കുന്നതോടെ നിര്‍മ്മാണ മേഖലയ്ക്ക് ശക്തമായ തിരിച്ചടി നേരിടുമെന്ന് ഉറപ്പായി. നിത്യോപയോഗത്തിലെ ആഡംബര വസ്തുക്കള്‍ എന്ന രീതിയില്‍ വരുന്ന എല്ലാ കാര്യങ്ങള്‍ക്കും വില കൂടും.

സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍, മദ്യം, സിഗററ്റ്, പാന്‍മസാല, ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, സിനിമാ ടിക്കറ്റ്, ശീതളപാനീയങ്ങള്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയ്ക്കും ചെലവേറും.

ഇലക്‌ട്രോണിക് സാധനങ്ങള്‍ക്ക് വിലകൂടുന്നതിനാല്‍ കമ്പ്യൂട്ടര്‍, വാട്ടര്‍ഹീറ്റര്‍, മൊബൈല്‍ ഫോണ്‍, പവര്‍ബാങ്ക്, കമ്പ്യൂട്ടര്‍ പ്രിന്റര്‍ എസി, ഫ്രിഡ്ജ്, ടെലിവിഷന്‍ എന്നിവയുടെ വിലകൂടും.

നിത്യോപയോഗ സാധനങ്ങളില്‍ ടൂത്ത്‌പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍, നോട്ട്ബുക്ക്, ആയുര്‍വേദ മരുന്നുകള്‍, ബിസ്‌ക്കറ്റ്, ചോക്‌ളേറ്റ് എന്നിവയുടെ വിലയും കൂടും. പാകം ചെയ്ത ഭക്ഷണം, ശീതളപാനീയത്തിനും വില കൂടും.

ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, 500 രൂപയ്ക്ക് മുകളിലുള്ള ചെരുപ്പ്, സ്‌കൂള്‍ബാഗ്, ശുദ്ധീകരിച്ച പഞ്ചസാര, ഐസ് ക്രീം, കുട, കണ്ണട, മുള, വെണ്ണ നെയ്യ് ഉല്‍പ്പന്നങ്ങള്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്കും വില കൂടും.

പ്രളയാനന്തരം വീടു നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നവര്‍ക്കും കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബജറ്റ് തിരിച്ചടിയാകും. കെട്ടിട നിര്‍മ്മാണ സാമഗ്രികളില്‍ സിമെന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, സെറാമിക് ടൈല്‍, പ്‌ളൈവുഡ് പെയ്ന്റ് എന്നിവയ്ക്കും വില കൂടും.

വിനോദ നികുതി 10 ശതമാനം പിരിച്ചെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ സിനിമാടിക്കറ്റിനും വില കൂടും.

വീടുകള്‍ക്ക് ആഡംബര നികുതി പുതുക്കിയതോടെ 3000 മുതല്‍ 5000 ചതുരശ്രീ അടിവരെ 4000 രൂപയും 5000 മുതല്‍ 7000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് 6000 രൂപ 7500 മുതല്‍ 10,000 ചതുരശ്ര അടിവരെയുള്ളവയ്ക്ക് 8000 രൂപയും അതിന് മുകളിലുള്ളതിന് പതിനായിരം രൂപയും നികുതി നല്‍കണം.

20 മുതല്‍ 50,000 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് സേവന നികുതി ആറ് ശതമാനമാക്കി.

പ്രളയ പുനര്‍ നിര്‍മ്മാണത്തിനായി രണ്ടു വര്‍ഷത്തേക്ക് സെസ് പ്രഖ്യാപിച്ചു. 12,18, 28 ശതമാനം ജിഎസ്ടി സ്‌ളാബില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വര്‍ണം വെള്ളി വില 0.25 % സെസ് ഈടാക്കും. എല്ലാ മദ്യത്തിനും ബിയറിനും വൈനിനും രണ്ടു ശതമാനം വില വര്‍ദ്ധിക്കും. അതേസമയം ഇലക്ട്രിക്ക് ഓട്ടോകള്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് 50 ശതമാനം നികുതിയില്‍ ഇളവ് കിട്ടും.

മറ്റു ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 25 ശതമാനം കുറവ് വരും. റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ചു രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM