സെല്‍ഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധൂവരന്മാര് കിണറ്റില്‍ വീണു: യുവതിയ്ക്ക് ദാരുണാന്ത്യം
Wednesday 6 November 2019 6:45 AM UTC
ചെന്നൈ Nov 6: പ്രതിശ്രുത വരനൊപ്പം കിണറിന്റെ വശത്ത് നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ വധു വരന്മാര് കിണറ്റില്‍ വീണു. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും യുവതി മരിച്ചു. ചെന്നൈയിലെ പട്ടാബിറാമിലുള്ള ഗാന്ധി നഗറിലാണ് സംഭവം.
കിണറിനോട് ചേര്‍ന്ന ഗോവണിയില്‍ നിന്ന് ഇരുവരും സെല്‍ഫി എടുക്കാന്‍ നോക്കുകയായിരുന്നു. അതിനിടെ രണ്ട് പേരും കിണറ്റില്‍ വീണു. മേഴ്സി സ്റ്റെഫി എന്ന പെണ്‍കുട്ടിയ്ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
വരന് അപ്പുവിനെ രക്ഷപെടുത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. മേഴ്സിയും അപ്പുവും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പട്ടാബിറാമിലുള്ള ഒരു ഫാമിലെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി.
ഫാമില്‍ ഒരു കിണറുണ്ട്. അതിന്റെ ഗോവണിയില്‍ കയറി നിന്ന് സെല്‍ഫി എടുക്കണമെന്ന് മേഴ്സി ആഗ്രഹം പ്രകടിപ്പിച്ചു. ഇങ്ങനെ സെല്‍ഫി എടുക്കുന്നതിനിടെ മേഴ്സി കിണറ്റിലേക്ക് വീണു. വീഴുന്നതിനിടെ യുവതിയുടെ തല കിണറ്റില്‍ ഇടിക്കുകയും ചെയ്തു.
മേഴ്സിയെ രക്ഷിക്കാന്‍ അപ്പു ശ്രമം നടത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ അപ്പുവും കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വീണ അപ്പു ശബ്ദം ഉണ്ടാക്കിയപ്പോള്‍ ഫാമിലെ കര്‍ഷകര്‍ ഓടിയെത്തി.
ഉടനെ രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്സിനെ വിളിച്ചു. ഒടുവില്‍ രണ്ട് പേരേയും കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. എന്നാല്‍ മേഴ്സി മരിച്ച നിലയിലായിരുന്നു. അപ്പുവിന് ജീവനുണ്ടായിരുന്നു.
മേഴ്സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം ഉറപ്പിക്കുന്നത്. 2020 ജനുവരിയിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
CLICK TO FOLLOW UKMALAYALEE.COM