സെബി ദേവസ്യയ്ക്ക് ചൊവ്വാഴ്ചയും അനൂജിന് 13നും യുകെയില്‍ തന്നെ അന്ത്യവിശ്രമമൊരുക്കും – UKMALAYALEE

സെബി ദേവസ്യയ്ക്ക് ചൊവ്വാഴ്ചയും അനൂജിന് 13നും യുകെയില്‍ തന്നെ അന്ത്യവിശ്രമമൊരുക്കും

Monday 4 May 2020 1:24 AM UTC

LONDON May 4: കോവിഡിനെതിരെ പോരാടി മരണപ്പെട്ട കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നഴ്സ് അനൂജ് കുമാര്‍ (ബിജു- 44), സതാംപ്ടണില്‍ മരണമടഞ്ഞ എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസി(49 ) എന്നിവര്‍ക്ക് യുകെയില്‍ തന്നെ അന്ത്യവിശ്രമമൊരുക്കും.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് നിരവധി നടപടി ക്രമങ്ങളുണ്ട്. പ്രാദേശിക മലയാളി സംഘടനകള്‍ കുടുംബത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

ചൊവ്വാഴ്ച സംസ്‌കാരം നടത്തുന്ന സെബിയുടെ കുടുംബത്തെ സഹായിക്കാന്‍ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷനും അനൂജിന്റെ കുടുംബത്തെ സഹായിക്കാന്‍ പ്രാദേശിക മലയാളി സമൂഹവും ഒപ്പമുണ്ട്.

സെബി ദേവസിയുടെ സംസ്‌കാരത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കുന്നതാണ്. ഉച്ചയ്ക്ക് 12.16ന് സൗത്താംപ്ടണ്‍ ആല്‍ഡര്‍മൂര്‍ ക്ലോസിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ കാത്തലിക് ചര്‍ച്ചിലാണ് വിശുദ്ധ കുര്‍ബ്ബാന നടക്കുക.

ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ചാപ്പലില്‍ ഉച്ചയ്ക്ക് 2.30 ന് പ്രാര്‍ത്ഥന നടക്കും. ശേഷം 2.45ന് വുഡ്‌ലി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. സംസ്‌കാരത്തിന്റെ ചടങ്ങുകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യും.

ഏപ്രില്‍ 20നാണ് സെബി മരിച്ചത്. മരണത്തിന് മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്ന് നല്‍കി വീട്ടിലേക്ക് അയച്ചു.വീണ്ടും അസുഖം മൂര്‍ഛിച്ച് ആശുുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കേ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫാണ് ഭാര്യ. 12 കാരനായ മകനുണ്ട്, ഡയാന്‍.

സെമിത്തേരിയുടെ വിലാസം

Woodley cemetery, Braishfield road, Romsey, Hampshire , SO51 7NZ

അനൂജ് കുമാറിന് ഈ മാസം 13 നാണ് യാത്രാ മൊഴിയേകുന്നത് ബോസ്റ്റണ്‍ ക്രിമറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12.30നാണ് സംസ്‌കാരം നടത്തുക.

പില്‍ഗ്രിം ഹോസ്പിറ്റലിലാണ് അനൂജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അവിടെ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഗവണ്‍മെന്റിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ 12 പേര്‍ക്കു മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാകൂ.

ഈ മാസം 27നാണ് കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നഴ്‌സ് അനുജ് കുമാര്‍ മരിച്ചത്.കുറച്ചു ദിവസങ്ങളായി കോവിഡിനോട് പൊരുതിയ അനൂജ് ഏപ്രില്‍ 27ന് രാത്രി ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ച് മരിക്കുകയായിരുന്നു.

ഭാര്യ സന്ധ്യയും മകന്‍ ആകുലും അനൂജിനെ അവസാനമായി കണ്ടിരുന്നു.

തൊടുപുഴ കോലാനി സ്വദേശിനിയാണ് സന്ധ്യ. രണ്ടു മക്കളാണ് ഇവര്‍ക്ക്, ആകുല്‍ (14), ഗോകുല്‍ (3). കുടുംബം കോവിഡ് മുക്തരായി ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിസ്ചാര്‍ജ് ആയത്.

പരേതനായ പവിത്രന്റെ മകനാണ് അനൂജ്, അമ്മ ജഗദമ്മ, സഹോദരി അജിത. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വീട്ടിലെത്തി മടങ്ങിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM