സെന്‍കുമാറിന് രാഷ്ട്രീയ പദവികള്‍ ലഭിക്കില്ല, ഒ രാജഗോപാല്‍ കാലം കഴിയുന്നു – UKMALAYALEE

സെന്‍കുമാറിന് രാഷ്ട്രീയ പദവികള്‍ ലഭിക്കില്ല, ഒ രാജഗോപാല്‍ കാലം കഴിയുന്നു

Thursday 27 February 2020 3:56 AM UTC

തിരുവനന്തപുരം Feb 27: പ്രസിഡന്റായി കെ. സുരേന്ദ്രന്റെ വരവോടെ സംസ്ഥാന ബി.ജെ.പിയില്‍ സമവാക്യം മാറിമറിയുന്നു. ആര്‍.എസ്.എസിന്റെ ആശിര്‍വാദത്തോടെ നിയമിതനായ സുരേന്ദ്രന്റെ കോര്‍ ഗ്രൂപ്പില്‍ പി.പി. മുകുന്ദനു നിര്‍ണായക പങ്കുണ്ടാകും.

ഔദ്യോഗിക ബി.ഡി.ജെ.എസിനെ ഒപ്പംനിര്‍ത്താനാണു തീരുമാനമെന്നിരിക്കെ, മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിന് രാഷ്ട്രീയ പദവികള്‍ ലഭിക്കില്ല. പാര്‍ട്ടിയുടെ ഏക എം.എല്‍.എ. കൂടിയായ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനെ വിശ്രമത്തിലേക്കു വിടും.

ശബരിമല ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിനോടുള്ള അതൃപ്തി ആര്‍.എസ്.എസ്. കേന്ദ്രത്തെ അറിയിച്ചിരുന്നു. ശബരിമല സമരത്തില്‍ മുന്നില്‍നിന്ന സുരേന്ദ്രനോട് ആര്‍.എസ്.എസിനു മുമ്പുണ്ടായിരുന്ന അതൃപ്തി മാറുകയും ചെയ്തു.

സുരേന്ദ്രന്റെ നിയമനം സംസ്ഥാന നേതാക്കളില്‍ പലരെയും നീരസപ്പെടുത്തിയതു തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയുമായി അകന്നുനിന്നിരുന്ന പഴയ നേതാക്കളില്‍ പ്രമുഖനായ പി.പി. മുകുന്ദനെ തിരികെയെത്തിച്ചത്.

വി. മുരളീധരനും കുമ്മനം രാജശേഖരനും പി.എസ് .ശ്രീധരന്‍ പിള്ളയും പ്രസിഡന്റായപ്പോള്‍ സഹകരിക്കാതെ നിന്ന കെ. രാമന്‍ പിള്ള അടക്കമുള്ള നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

ബി.ജെ.പിക്കൊപ്പം എന്‍.ഡി.എയും ശക്തിപ്പെടുത്തും. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസിനെ ഒപ്പം നിര്‍ത്തും. എന്‍. എസ്. എസടക്കം വിവിധ സമുദായങ്ങളുടെ നേതൃത്വവുമായി അടുപ്പവുമുള്ള മുകുന്ദനു വലിയ സ്വാധീനമാകും ലഭിക്കുക.

നവതി പിന്നിട്ട ഒ. രാജഗോപാലിന് ആചാര്യസ്ഥാനം നല്‍കി പിന്നണിയിലേക്കു മാറ്റും. രണ്ടാഴ്ചയ്ക്കകം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ എം. ഗണേശ് ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

എറണാകുളം, കോട്ടയം ജില്ലാ പ്രസിഡന്റുമാരെയും ഉടന്‍ പ്രഖ്യാപിക്കും. കാസര്‍ഗോഡ് ഇടഞ്ഞുനില്‍ക്കുന്ന രവീശ തന്ത്രിയെ സംസ്ഥാന നേതൃത്വത്തിലേക്കു കൊണ്ടുവരും.

CLICK TO FOLLOW UKMALAYALEE.COM