സെന്‍കുമാറിന്റെ വഴിയേ… ജേക്കബ്‌ തോമസിനെ ഉടന്‍ തിരിച്ചെടുക്കണം: ട്രിബ്യൂണല്‍ – UKMALAYALEE

സെന്‍കുമാറിന്റെ വഴിയേ… ജേക്കബ്‌ തോമസിനെ ഉടന്‍ തിരിച്ചെടുക്കണം: ട്രിബ്യൂണല്‍

Tuesday 30 July 2019 7:52 AM UTC

കൊച്ചി July 30: ഒന്നര വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി. ജേക്കബ്‌ തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ട്രിബ്യൂണല്‍ (സി.എ.ടി) ഉത്തരവിട്ടു. പോലീസില്‍ ഒഴിവില്ലെങ്കില്‍ ഡി.ജി.പി. റാങ്കിനു തത്തുല്യമായ മറ്റേതെങ്കിലും തസ്‌തികയില്‍ നിയമിക്കണം.
തനിക്കെതിരായ അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും കാരണം വ്യക്‌തമാക്കാതെ സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തുകയാണെന്നും ചൂണ്ടിക്കാട്ടി ജേക്കബ്‌ തോമസ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചിന്റെ ഉത്തരവ്‌.

സംസ്‌ഥാന പോലീസിലെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനാണ്‌ അദ്ദേഹം.

നേരത്തേ, സുപ്രീം കോടതിയില്‍നിന്ന്‌ അനുകൂല ഉത്തരവു നേടി ടി.പി. സെന്‍കുമാര്‍ സംസ്‌ഥാന പോലീസ്‌ മേധാവി സ്‌ഥാനം തിരിച്ചുപിടിച്ചത്‌ എല്‍.ഡി.എഫ്‌. സര്‍ക്കാരിനു വലിയ തിരിച്ചടിയായിരുന്നു.

ഇപ്പോള്‍ ജേക്കബ്‌ തോമസിന്റെ തിരിച്ചുവരവ്‌ സമാനമായ സാഹചര്യമാണു സൃഷ്‌ടിക്കുന്നത്‌. ഈ സാഹചര്യത്തില്‍, തുടര്‍നടപടി സംബന്ധിച്ച്‌ സര്‍ക്കാര്‍ അഡ്വക്കേറ്റ്‌ ജനറലിനോടു നിയമോപദേശം തേടി.

പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ്‌ തോമസിനെ സര്‍വീസിനു പുറത്തു നിര്‍ത്തിയിരിക്കുകയാണ്‌. ആറു മാസം കൂടുമ്പോള്‍ സസ്‌പെന്‍ഷനു മേല്‍ സസ്‌പെന്‍ഷന്‍ എന്നതായിരുന്നു സമീപനം. ഓഖി പുനരധിവാസ വിഷയത്തില്‍ സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ആദ്യത്തെ നടപടി.

“സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” എന്ന പുസ്‌തകം മുന്‍കൂര്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതു സര്‍വീസ്‌ ചട്ടങ്ങളുടെയും ഔദ്യോഗിക രഹസ്യനിയമത്തിന്റെയും ലംഘനമാണെന്നാണ്‌ അടുത്ത സസ്‌പെന്‍ഷനു കാരണം പറഞ്ഞത്‌.

തുറമുഖ ഡയറക്‌ടറായിരിക്കെ ക്രമക്കേട്‌ നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചതോടെ മൂന്നാമത്തെ സസ്‌പെന്‍ഷനെത്തി.

ഒരു ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനെ ഇത്രയേറെക്കാലം സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തുന്നതെങ്ങനെ എന്ന ചോദ്യമാണ്‌ ജേക്കബ്‌ തോമസ്‌ ട്രിബ്യൂണലില്‍ പ്രധാനമായും ഉന്നയിച്ചത്‌.

തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ സര്‍വീസ്‌ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍ വിലയിരുത്തി.

സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥരുടെ സേവനവുമായി ബന്ധപ്പെട്ട്‌ പ്രത്യേക ചട്ടങ്ങളുണ്ടെന്നിരിക്കെ, തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും വ്യക്‌തമാക്കിയാണ്‌ ഉത്തരവ്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ അദ്ദേഹം സര്‍വീസില്‍നിന്നു സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ചാലക്കുടി മണ്ഡലത്തില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിക്കാനുള്ള ഉദ്ദേശ്യം വെളിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍, സസ്‌പെന്‍ഷനിലാണെന്നതടക്കം ചൂണ്ടിക്കാട്ടിയുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌ സ്വയം വിരമിക്കലിനു തടസമായി.

പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ വിജിലന്‍സ്‌ മേധാവിയുടെ സുപ്രധാന തസ്‌തികയിലിരുത്തിയ ഉദ്യോഗസ്‌ഥനാണു ജേക്കബ്‌ തോമസ്‌.

CLICK TO FOLLOW UKMALAYALEE.COM