സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം വേണ്ട: പോലീസ്‌ റിപ്പോര്‍ട്ടായി – UKMALAYALEE

സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം വേണ്ട: പോലീസ്‌ റിപ്പോര്‍ട്ടായി

Tuesday 19 February 2019 2:30 AM UTC

തിരുവനന്തപുരം Feb 19 : സമരവും പ്രതിഷേധവും അവകാശമാണെന്നു ശക്‌തിയുക്‌തം വാദിക്കുന്ന ഇടതു സര്‍ക്കാരിന്റെ കണ്‍മുന്നില്‍, സെക്രട്ടേറിയറ്റ്‌ പടിക്കല്‍ സമരങ്ങള്‍ വേണ്ടെന്നു പോലീസ്‌.

റിപ്പോര്‍ട്ട്‌ വൈകാതെ ആഭ്യന്തര വകുപ്പിനു കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയാല്‍ തുടര്‍നടപടി വേഗത്തിലാകും.

പോലീസ്‌ കമ്മിഷണറേറ്റ്‌ നിലവില്‍ വരുന്നതോടെ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ എല്ലാത്തരം സമരങ്ങളും നിയന്ത്രിക്കാനൊരുങ്ങുകയാണു പോലീസ്‌ നേതൃത്വം.

അതോടൊപ്പം, തിരക്കേറിയ പൊതുവഴിയും നടപ്പാതയും കൈയേറി ജനജീവിതത്തിനു തടസമുണ്ടാക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന.

ഒരു ദിവസത്തെ സമരം അനുവദനീയമാക്കാനും സ്‌ഥിരംപന്തല്‍ കെട്ടിയുള്ള സമരങ്ങള്‍ അവസാനിപ്പിക്കാനുമാണ്‌ നീക്കം.

സെക്രട്ടേറിയറ്റിനു മുന്നിലും പരിസരത്തും നടക്കുന്ന സമരങ്ങള്‍ സുരക്ഷാഭീഷണിയാണെന്നും സമരവേദിയായി മറ്റെവിടെയെങ്കിലും സ്‌ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും എ.ഡി.ജി.പി. മനോജ്‌ ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ചില പ്രക്ഷോഭങ്ങള്‍ക്കിടെ സെക്രട്ടേറിയറ്റിലേക്കു തള്ളിക്കയറുന്ന സംഭവങ്ങളുണ്ടായത്‌ അതീവ ഗൗരവത്തോടെ കാണണം. തമിഴ്‌നാട്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ ജാഥയും പ്രകടനവും അനുവദിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി. സെക്രട്ടേറിയറ്റിനു മുന്നില്‍ പന്തല്‍ കെട്ടി ആഴ്‌ചകളോളം സത്യഗ്രഹസമരം സംഘടിപ്പിച്ചിരുന്നു.

ഇടതു സംഘടനകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുന്നിലെ റോഡ്‌ അടച്ച്‌ പന്തല്‍ കെട്ടിയതു വന്‍ വിവാദമായി. സമരത്തിന്റെ ഭാഗമായി കുടില്‍ കെട്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളായി താമസിക്കുന്നവരുണ്ട്‌.

പ്രകടനത്തിന്റെയും ജാഥയുടെയും പേരില്‍ റോഡ്‌ ഗതാഗതം താറുമാറാകുന്നതും കണക്കിലെടുത്താണു പുതിയ നീക്കം.

ആവശ്യമെങ്കില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നു സി.പിഎമ്മിലെ ഒരു ഉന്നത നേതാവ്‌ മംഗളത്തോടു പറഞ്ഞു.

ജനങ്ങള്‍ക്കു വേണ്ടിയാണു സമരവും പ്രകടനങ്ങളും. ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന സമരമാര്‍ഗങ്ങളില്‍നിന്നു പാര്‍ട്ടി ഒഴിഞ്ഞുനില്‍ക്കും- അദ്ദേഹം പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM