സെക്രട്ടേറിയറ്റും ഓഫീസുകളും തുറക്കില്ല; തിരുവനന്തപുരം അടച്ചുപൂട്ടി – UKMALAYALEE

സെക്രട്ടേറിയറ്റും ഓഫീസുകളും തുറക്കില്ല; തിരുവനന്തപുരം അടച്ചുപൂട്ടി

Monday 6 July 2020 4:43 AM UTC

തിരുവനന്തപുരം July 6 : കോവിഡ്‌ സമ്പര്‍ക്കവ്യാപനം വര്‍ധിച്ചതോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരാഴ്‌ചത്തേക്കു ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായും അടച്ചു.ആശുപത്രികള്‍ പ്രവര്‍ത്തിക്കും. സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്‌ചത്തേക്കു തുറക്കില്ല. മെഡിക്കല്‍ ഷോപ്പുകളൊഴികെ കടകളും സ്വകാര്യ സ്‌ഥാപനങ്ങളും അടച്ചിടും. അവശ്യസേവനങ്ങള്‍ക്കായി നഗരത്തിലേക്ക്‌ ഒരു വഴി മാത്രം തുറക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ, ചീഫ്‌ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്ത തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളും അടച്ചിടും.

കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറക്കൂ. ഒരാഴ്‌ചത്തേക്ക്‌ തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പരിഗണിക്കും.

മെഡിക്കല്‍ സ്‌റ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ്‌മൂലം കൈവശമുണ്ടാകണം. അവശ്യ ആരോഗ്യ സേവനങ്ങള്‍ക്കായി മാത്രമേ പുറത്തിറങ്ങാവൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണം നിജപ്പെടുത്തും.

കട തുറന്നാലും ജനങ്ങള്‍ക്കു പോകാനാകില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ അറിയിച്ചാല്‍ അവ പോലീസ്‌ വീട്ടിലെത്തിക്കും. നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ സ്‌ഥലങ്ങളിലും റോഡുകളിലും സഹായത്തിനായി പോലീസ്‌ ഡ്യൂട്ടിയിലുണ്ടാകും.

പോലീസിന്റെ ഏതു സഹായത്തിനും ഈ നമ്പറുകളില്‍ വിളിക്കാം:

സ്‌റ്റേറ്റ്‌ പോലീസ്‌ കണ്‍ട്രോള്‍ റൂം 112,

തിരുവനന്തപുരം സിറ്റി പോലീസ്‌ കണ്‍ട്രോള്‍ റൂം 0471 2335410, 2336410, 2337410,

സംസ്‌ഥാന പോലീസ്‌ മേധാവിയുടെ കണ്‍ട്രോള്‍ റൂം 0471 2722500, 9497900999,

പോലീസ്‌ ആസ്‌ഥാനത്തെ സ്‌റ്റേറ്റ്‌ കോവിഡ്‌ കണ്‍ട്രോള്‍ റൂം 9497900121, 9497900112.

CLICK TO FOLLOW UKMALAYALEE.COM