സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാവാന്‍ സാധ്യത ; വിമാനയാത്രയ്ക്ക് മുമ്പ് സ്‌ക്രീനിംഗ് നിര്‍ബന്ധം : മുഖ്യമന്ത്രി – UKMALAYALEE

സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാവാന്‍ സാധ്യത ; വിമാനയാത്രയ്ക്ക് മുമ്പ് സ്‌ക്രീനിംഗ് നിര്‍ബന്ധം : മുഖ്യമന്ത്രി

Thursday 25 June 2020 4:53 AM UTC

തിരുവനന്തപുരം June 25: ഒരാളില്‍നിന്ന് ഒരുപാട് പേരിലേക്ക് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡ് എന്ന ഭീകരാവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യത്തില്‍ പ്രൈമറി കോണ്ടാക്ട് വഴി കൂടുതല്‍ മരണങ്ങളുണ്ടാകുന്നുണ്ടെന്നും സൂപ്പര്‍ സ്‌പ്രെഡിന് വിമാനയാത്രകള്‍ കാരണമാകുന്നു എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രകള്‍ക്ക് മുമ്പായി സ്‌ക്രീനിങ്ങ് നിര്‍ബന്ധമാക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാര്യക്ഷമമായി സ്‌ക്രീനിങ്ങ് നടത്താനുള്ള സൗകര്യങ്ങളൊരുക്കി യാത്രയെ തടയാതെയും നീട്ടിവെപ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്.

അതെങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റുമായും എംബസികളുമായും ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉറവിടമറിയാത്ത രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെങ്കിലും സമൂഹ വ്യാപനത്തിലേക്ക് നമ്മള്‍ എത്തിയിട്ടില്ലെന്നും എന്നാല്‍ സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുവെന്ന് കരുതാനാവില്ലെന്നും അതുകൊണ്ടാണ് ജാഗ്രത തുടരണമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM