സുരേന്ദ്രന്റെ ദൗത്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരിക്കുന്ന ത്രിലല പഞ്ചായത്ത് – UKMALAYALEE

സുരേന്ദ്രന്റെ ദൗത്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരിക്കുന്ന ത്രിലല പഞ്ചായത്ത്

Tuesday 18 February 2020 7:23 AM UTC

തിരുവനന്തപുരം Feb 18: സംസ്ഥാന ബി.ജെ.പിയെ നയിക്കാന്‍ പുതുതായി നിയോഗിക്കപ്പെട്ട കെ. സുരേന്ദ്രനു കൂട്ടായി കേന്ദ്ര നേതൃത്വം പുതിയ കോര്‍ ഗ്രൂപ്പ് സജ്ജമാക്കും. യുവാക്കള്‍ക്കു പ്രാമുഖ്യം നല്‍കുന്ന ഗ്രൂപ്പില്‍ പലരും പുതുമുഖങ്ങളായിരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബി.ജെ.പി. ഭരിക്കുന്ന ത്രിതല പഞ്ചായത്തുകള്‍ ഉണ്ടാകണമെന്ന വലിയ ലക്ഷ്യമാണു സുരേന്ദ്രനു നല്‍കിയിരിക്കുന്നത്. അതിനായി ആെരയൊക്കെയാണ് ആവശ്യമെന്ന് അറിയിക്കാനും നിര്‍ദേശിച്ചു.

പാര്‍ട്ടിയില്‍ ചേരിപ്പോരിനു തുനിയുന്നവര്‍ എത്ര വലിയവരാണെങ്കിലും പാര്‍ട്ടിയിലുണ്ടാകില്ലെന്നു ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെട്ട് ഗ്രൂപ്പ് പ്രവര്‍ത്തനത്തിനു തുനിഞ്ഞാല്‍ മുഖം നോക്കാതെ നടപടി വരും.

വിഭാഗീയ നീക്കങ്ങള്‍ കണ്ടെത്താന്‍ ആര്‍.എസ്.എസിനു പുറമേ ബി.ജെ.പി. ദേശീയ നേതൃത്വവും പ്രത്യേക സംഘത്തെ നിയോഗിച്ചു. അധ്യക്ഷപദവി കൊതിച്ചിരുന്ന നേതാക്കളില്‍ പലരും സുരേന്ദ്രനുമായി നിസഹകരിച്ചേക്കുമെന്ന സൂചന ലഭിച്ചതോടെയാണു ഡല്‍ഹിയില്‍നിന്നുള്ള ഇടപെടല്‍.

ശബരിമല വിഷയമടക്കം അനുകൂല ഘടകങ്ങള്‍ നിരവധിയുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയിലെ ചേരിപ്പോരാണ് അതിനു പ്രധാന കാരണമെന്നും ആര്‍.എസ്.എസും ബി.ജെ.പി. നേതൃത്വവും വിലയിരുത്തുന്നു.

അതിനാല്‍ത്തന്നെ, പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ അഭിപ്രായസര്‍വേ നടത്തിയതിനു ശേഷമാണു സുരേന്ദ്രനെ അധ്യക്ഷനായി നിശ്ചയിച്ചത്.

പി.എസ്. ശ്രീധരന്‍ പിള്ളയെ പൊടുന്നനെ മിസോറം ഗവര്‍ണറാക്കിയ ഒഴിവാണ് ഏറെക്കാലത്തിനു ശേഷം സുരേന്ദ്രനു നിയമനം നല്‍കിയ നികത്തിയത്.

ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന എം.ടി.രമേശും എ.എന്‍. രാധാകൃഷ്ണനും സുരേന്ദ്രനുമായി സഹകരിക്കില്ലെന്ന പ്രചാരണ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കേന്ദ്ര നേതൃത്വം പുതിയ വഴിക്കു നീങ്ങിയത്. നിലവില്‍ ജനറല്‍ സെക്രട്ടറിമാരായ ഇരുവരും ഈ പ്രചാരണം നിഷേധിച്ചു.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ ശോഭാ സുരേന്ദ്രനും േദശീയ നേതൃത്വത്തില്‍ സ്ഥാനം കിട്ടിയേക്കും. പക്ഷേ, കേരളം തന്നെയാകും പ്രവര്‍ത്തന മണ്ഡലം.

മുഴുവന്‍ സമയവും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെയാകും സുരേന്ദ്രനെ സഹായിക്കാനുള്ള കോര്‍ കമ്മിറ്റിയിലേക്കു നിയോഗിക്കുക.

ഇതോടൊപ്പം, കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രചാരകരായി പുതു സംഘത്തെയും നിയോഗിച്ചേക്കും.

CLICK TO FOLLOW UKMALAYALEE.COM