സുരക്ഷാ വീഴ്ച: മോഡിയുടെ വേദിക്ക് സമീപം വെടിപൊട്ടി
Friday 19 April 2019 1:33 AM UTC
തിരുവനന്തപുരം April 19: തലസ്ഥാനത്തു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗവേദിക്കു സമീപം സിവില്‍ പോലീസ് ഓഫീസറുടെ തോക്കില്‍നിന്നു വെടിയുതിര്‍ന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍, തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെത്തുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം എ.ആര്. ക്യാമ്പിലെ സുമിത്ത് എന്ന സിവില്‍ പോലീസ് ഓഫീസറുടെ തോക്കില്‍നിന്നാണു വെടിയുതിര്‍ന്നത്.
പ്രധാനവേദിക്കു സമീപമുള്ള മറ്റൊരു വേദിയില്‍നിന്നു സുമിത്ത് പിസ്റ്റലില്‍ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നു കരുതുന്നു. ആര്‍ക്കും പരുക്കില്ല. െവെകിട്ട് 5.40 നാണു സംഭവം. സുരക്ഷാ വീഴ്ചയെത്തുടര്‍ന്നു സുമിത്തിനെ ചുമതലയില്‍നിന്ന് ഒഴിവാക്കി.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി മുപ്പത്തഞ്ചോളം പോലീസുകാരെ മഫ്തി വേഷത്തില്‍ പ്രത്യേകവേദിക്കു സമീപം വിന്യസിക്കണമെന്ന് എസ്.പി.ജി. നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നു കൊല്ലം എ.ആര്. ക്യാമ്പില്‍നിന്ന് 36 പോലീസുകാരെ പ്രത്യേക ഡ്യൂട്ടിക്കായി സിറ്റി പോലീസ് കമ്മിഷണര്‍ ഗോറി സഞ്ജയ്കുമാര്‍ നിയോഗിച്ചു.
ഇവരില്‍നിന്നു തെരഞ്ഞെടുത്ത പത്തു പേരെ പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്കു സമീപം ഡ്യൂട്ടിക്കു നിയോഗിച്ചു. മൂന്നുതരം സുരക്ഷാ വലയമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി എസ്.പി.ജി. ഒരുക്കിയത്. കേരള പോലീസിലെ പത്തു പേര്‍ക്കു പിസ്റ്റല്‍ നല്‍കിയെങ്കിലും തിരകള്‍ വേദിക്കു സമീപത്തുവച്ചു നിറയ്ക്കരുതെന്നു പ്രത്യേകനിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, ഇതു കണക്കിലെടുക്കാതെയാണ് പോലീസുകാരന് തോക്കില്‍ തിരനിറയ്ക്കാന്‍ ശ്രമിച്ചതും അബദ്ധത്തില്‍ വെടിപൊട്ടിയതും. പ്രധാനവേദിക്കു സമീപമുള്ള മറ്റൊരു വേദിയിലായിരുന്നു സുമിത്ത്.
ഡി.ജി.പി: ലോക്നാഥ് ബെഹ്റയടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സുരക്ഷാവീഴ്ചയല്ലെന്നും അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CLICK TO FOLLOW UKMALAYALEE.COM