സുരക്ഷയില്ല; ഹൗസ്‌ബോട്ട്‌ ടൂറിസം അപകടസന്ധിയില്‍ – UKMALAYALEE

സുരക്ഷയില്ല; ഹൗസ്‌ബോട്ട്‌ ടൂറിസം അപകടസന്ധിയില്‍

Wednesday 19 February 2020 6:47 AM UTC

ആലപ്പുഴ Feb 19: വേമ്പനാട്ട്‌ കായലില്‍ ഹൗസ്‌ ബോട്ട്‌ അപകടങ്ങള്‍ പതിവാകുമ്പോഴും സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നു. അപകടമുണ്ടാകുമ്പോള്‍ പരിശോധന നടത്തുന്നതൊഴിച്ചാല്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലില്ല.
മൊബൈല്‍ ഫയര്‍ റസ്‌ക്യൂ യൂണിറ്റിന്റെ ആവശ്യകത ഹൗസ്‌ബോട്ട്‌ മേഖലയിലുള്ളവര്‍ ഉന്നയിക്കാറുണ്ടെങ്കിലും അവ ലഭ്യമല്ല. അതുപോലെ തന്നെ പോലീസ്‌ സ്‌റ്റേഷനുകളില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സ്‌പീഡ്‌ബോട്ടോ മറ്റു സംവിധാനങ്ങളോയില്ലായെന്നത്‌ അപകടഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ പ്രധാന കാരണമാകുന്നു.

ഇന്നലെ മുഹമ്മയ്‌ക്ക്‌ സമീപം ഹൗസ്‌ ബോട്ട്‌ മുങ്ങി അപകടത്തില്‍പെട്ട മൂന്ന്‌ പേരുടെ ജീവന്‍ രക്ഷിച്ചത്‌ മത്സ്യത്തൊഴിലാളികളുടെ അവസരോചിത ഇടപെടലാണ്‌. പോര്‍ട്ട്‌ അധികൃതര്‍ നിയമാനുസൃതം ലൈസന്‍സ്‌ നല്‍കിയ ഹൗസ്‌ബോട്ടുകളുടെ കൃത്യമായ കണക്കുണ്ട്‌. ഇവയുടെ ക്ലാസിഫിക്കഷന്‍ നിശ്‌ചയിക്കാവുന്നതുമാണ്‌.

എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സില്ലാതെയും നിര്‍മിച്ച ബോട്ടുകള്‍ പിടിച്ചുകെട്ടി പിന്നീട്‌ പിഴയീടാക്കി ഇവയ്‌ക്കും ലൈസന്‍സ്‌ നല്‍കി മേഖലയിലെ വന്‍കിടക്കാരെ രക്ഷിക്കാനുള്ള നീക്കമാണ്‌ അധികൃതരുടേതെന്ന ആക്ഷേപം ശക്‌തമാണ്‌.

പരിശോധന കര്‍ശനമാക്കുമ്പോള്‍ നിസാരകുറ്റം ചുമത്തി വലിയ പിഴയാണ്‌ ചുമത്തുക. ഇതൊന്നും അനധികൃതമായി ഓടുന്ന ഹൗസ്‌ ബോട്ടുകള്‍ക്ക്‌ ബാധകവുമാകുന്നില്ല. ഹൗസ്‌ബോട്ടിലെ മാലിന്യം സംസ്‌കരിക്കാന്‍ ആലപ്പുഴ ഡി.ടി.പി.സിയുടെ ചുമതലയിലുണ്ടായിരുന്ന സ്‌ഥാപനം ഏറെക്കാലമായി അടച്ചുപൂട്ടിയിരിക്കുകയാണ്‌.

മാലിന്യം എവിടെ തള്ളുമെന്നറിയാതെ ബോട്ടുടമകള്‍ വലയുമ്പോഴും ജില്ലാ ഭരണകൂടം ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന കാരണത്താല്‍ അതിനും വന്‍ പിഴയാണ്‌ പോര്‍ട്ട്‌ അധികൃതര്‍ ചുമത്തുന്നത്‌.

ഇപ്പോള്‍ മാലിന്യം തള്ളണമെങ്കില്‍ കോട്ടയത്തെ കവണാറ്റിന്‍കരയിലുള്ള സ്‌ഥാപനത്തില്‍ കൊണ്ടുപോകണം. ദൂരെയായതിനാല്‍ ഇതിന്‌ ചെലവാകുന്നത്‌ വന്‍ തുകയാണ്‌. കായല്‍ ടൂറിസത്തിന്‌ ഏറെ പ്രാധാന്യമുള്ള ആലപ്പുഴയ്‌ക്ക്‌ സര്‍ക്കാര്‍ ഭാഗത്തുനിന്നു വണ്ടത്ര സഹായം ലഭ്യമാകാത്തതും സാമ്പത്തികമാന്ദ്യവും ഹൗസ്‌ബോട്ട്‌ ഉടമകള്‍ക്കും പ്രതിസന്ധിയുണ്ടാക്കുന്നു.

ഇന്നലെ മുഹമ്മയ്‌ക്ക്‌ സമീപം ഹൗസ്‌ബോട്ട്‌ മുങ്ങിയസംഭവത്തില്‍ സര്‍ക്കാരിനെ പഴിച്ച്‌ പ്ലസന്റ്‌ ഹൗസ്‌ബോട്ട്‌ ഉടമ രംഗത്തുവന്നിട്ടുണ്ട്‌. തന്റെ ബോട്ട്‌ തണ്ണീര്‍മുക്കം ഡോക്കിലേക്ക്‌ പോകുന്നവഴി കോണ്‍ക്രീറ്റ്‌ തൂണുകളിലിടിച്ചാണ്‌ വെള്ളംകയറിയതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച ചാലിലൂടെ പോയപ്പോഴുണ്ടായ അപകടത്തിന്‌ നിയമനനടപടി വേണമെന്നുമാണ്‌ ബോട്ടുടമയുടെ വാദം.

ഒരു മാസം മുമ്പ്‌ സമാനമായ രീതിയില്‍ കുപ്പപ്പുറത്തിന്‌ സമീപം കായലില്‍ അനധികൃതമായി സ്‌ഥാപിച്ച തെങ്ങുംകുറ്റയില്‍ ഹൗസ്‌ബോട്ട്‌ കയറി പലകയിളകി വെള്ളത്തില്‍ താണിരുന്നു. വന്‍ തുക മുടക്കിയാണ്‌ വള്ളം ഡോക്കിലെത്തിച്ചത്‌.

ഇത്തരത്തിലുള്ള അപകടങ്ങളുണ്ടായാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകാറില്ല. ജലയാനങ്ങളില്‍ നിന്നുള്ള നികുതി പിരിവല്ലാതെ മേഖലയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നയാപൈസപോലും മുടക്കാറില്ലെന്ന്‌ ഹൗസ്‌ബോട്ട്‌ ഉടമകള്‍ പറയുന്നു.

സര്‍ക്കാര്‍ ഭാഗത്തുനിന്നും മേഖലയെ രക്ഷിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഉപജീവനത്തിനായി മറ്റു വഴിതേടേണ്ടി വരുമെന്ന്‌ ചെറുകിടക്കാരായ ഹൗസ്‌ ബോട്ട്‌ ഉടമകള്‍ പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM