സി.പി.എമ്മില്‍ പീഡന ആരോപണം തുടരുന്നു – UKMALAYALEE

സി.പി.എമ്മില്‍ പീഡന ആരോപണം തുടരുന്നു

Thursday 4 October 2018 1:19 AM UTC

പാലക്കാട്‌ Oct 4: മണ്ണാര്‍ക്കാട്ട്‌ സി.പി.എമ്മില്‍ വീണ്ടും ലൈംഗികപീഡന ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍ ബ്രാഞ്ച്‌ സെക്രട്ടറി റിമാന്‍ഡില്‍.

സി.പി.എം. കൊടക്കാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ. കോട്ടോപ്പാടം മേഖലാ ജോയിന്റ്‌ സെക്രട്ടറിയുമായ മാട്ടയില്‍ വീട്ടില്‍ വിജേഷി(28)നെയാണ്‌ നാട്ടുകല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ആറു മാസം മുമ്പ്‌ ഇയാള്‍ വിവിധ സ്‌ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്‌ പോലീസില്‍ നല്‍കിയ പരാതി. പീഡന ദൃശ്യങ്ങളുടെ വീഡിയോ ക്ലിപ്പുകളും ഫോട്ടോയും കാണിച്ചു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഫോട്ടോ വാട്ട്‌സ്‌ ആപ്പ്‌ വഴി തന്റെ മകന്‌ അയച്ചുകൊടുത്തതായും യുവതി പരാതിയില്‍ പറയുന്നു.

ഇവ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്‌.

കഴിഞ്ഞദിവസം ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ ഇന്നലെയാണു വിജേഷിനെ നാട്ടുകല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ബലാല്‍സംഗത്തിന്‌ ഐ.പി.സി. 376-ാം വകുപ്പും വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്‌തതിന്‌ ഐടി ആക്‌ടിലെ വകുപ്പ്‌ ആറും ചുമത്തിയാണു കേസെടുത്തത്‌.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. പ്രതി ഒരു മഹിളാ നേതാവിന്റെ ഡ്രൈവര്‍കൂടിയാണെന്നു പറയുന്നു.

പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരേ ഉയര്‍ന്ന പീഡനപരാതിയില്‍ പ്രതിരോധത്തിലായ പാലക്കാട്ടെ സി.പി.എമ്മിനു മണ്ണാര്‍ക്കാട്‌ ഏരിയയില്‍നിന്നുതന്നെ വീണ്ടും ലൈംഗിക പീഡന വിവാദം ഉയര്‍ന്നതു തിരിച്ചടിയായി.

ചേര്‍ത്തലയില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും വിവാദം

ചേര്‍ത്തല: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി, നേതാക്കളുടെ വഴിവിട്ട ബന്ധത്തിന്റെ പേരില്‍ വീണ്ടും വിവാദം. നഗരത്തിലെ ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരേയാണ് ആരോപണം. സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റി രണ്ടംഗ കമ്മിഷനെ നിയോഗിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു നിയോഗിച്ച ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പുരുഷ, വനിത നേതാക്കള്‍ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതു വിവാദമായിരുന്നു.

തുടര്‍ന്ന് ഇരുവരെയും കമ്മിറ്റിയില്‍നിന്നൊഴിവാക്കി പാര്‍ട്ടി അന്വേഷണം തുടരുകയാണ്. ഇരുവരും ഔദ്യോഗികപക്ഷക്കാരാണ്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ തങ്ങളെ ബലിയാടുകളാക്കുകയാണെന്ന് ഇരുവരും ജില്ലാ നേതൃത്വത്തിനു പരാതി നല്‍കി.

ഇതിനു പിന്നാലെയാണ് പഴയ പിണറായിപക്ഷത്തിന്റെ തട്ടകമായ സമീപ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട നേതാവിനെതിരേ ആരോപണമുയര്‍ന്നത്.

പ്രാദേശിക പ്രവര്‍ത്തകരുടെ പരാതിയിലാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്നാണു വിവരം.

വിഭാഗീയനീക്കമാണ് ഇതിനു പിന്നിലെന്നും വ്യക്തമായ പരാതി പോലുമില്ലാതെ പ്രതികാര നടപടിക്കുള്ള നീക്കമാണ് നടത്തുന്നതെന്നുമാണ് ഇവരെ അനുകൂലിക്കുന്നവരുടെ വാദം.

CLICK TO FOLLOW UKMALAYALEE.COM