സി.പി.എമ്മിനെ തകര്‍ക്കാന്‍ ചാരന്‍മാരുടെ നുഴഞ്ഞുകയറ്റം? – UKMALAYALEE

സി.പി.എമ്മിനെ തകര്‍ക്കാന്‍ ചാരന്‍മാരുടെ നുഴഞ്ഞുകയറ്റം?

Thursday 18 July 2019 1:55 AM UTC

തിരുവനന്തപുരം July 18: സംസ്ഥാനത്ത് ഏറ്റവും അധികം കേഡര്‍ സംവിധാനമുണ്ടെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിനെ തകര്‍ക്കാന്‍ ചാരന്‍മാര്‍ നുഴഞ്ഞുകയറിയെന്നു സംഘടനാ വിലയിരുത്തല്‍.

സ്വന്തം പ്രസ്ഥാനത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചാരന്‍മാര്‍ നുഴഞ്ഞു കയറിയിട്ടുണ്ടോയെന്നാണ് സംശയം.

ഏറ്റവും സുതാര്യമെന്ന് അവകാശപ്പെടുന്ന മെമ്പര്‍ഷിപ്പ് സംവിധാനത്തിലും തിരിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ വരെ പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് സൂചന.

ഇതു സംബന്ധിച്ച് പാര്‍ട്ടിയില്‍ അന്വേഷണം നടത്താന്‍ രഹസ്യ നിര്‍ദേശം. അതീവ രഹസ്യമായി റിപ്പോര്‍ട്ട് സ്വീകരിക്കാനാണ് നിര്‍ദേശം.

പാര്‍ട്ടി സംസ്ഥാനകമ്മിറ്റി മുതല്‍ ബ്രാഞ്ച് തലം വരെയുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കും.

സ്വതന്ത്ര സംഘടനകളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പോഷക സംഘടനകളായ സി.ഐ.ടി.യുവിലും ഡി.വൈ.എഫ്.ഐയിലും, എസ്.എഫ്.ഐയിലും,ഇതു സംബന്ധിച്ച് പരിശോധന നടത്തും.

വിശ്വസ്തരായ ഒരു ടീമിനെയാണ് സമാന്തര അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍പും പാര്‍ട്ടിയില്‍ കേഡര്‍മാര്‍ ചമഞ്ഞ് ചിലര്‍ കയറുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പല പ്രശ്‌നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നതും വഷളാക്കുന്നതും ഇത്തരക്കാരാണന്നും ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പ്രശ്‌നങ്ങള്‍ വീണ്ടും പാര്‍ട്ടിയുടെ പ്രതിഛായയ്ക്കു മങ്ങലേല്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ക്രിമിനലുകള്‍ എങ്ങനെ പാര്‍ട്ടിയിലെത്തി എന്ന് അന്വേഷിക്കണമെന്ന് മന്ത്രി ജി.സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. വരുന്ന സംസ്ഥാന കമ്മിറ്റിയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.

ചിലയാളുകള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നീക്കം നടത്തുന്നു. ഇവര്‍ പാര്‍ട്ടി ലേബലില്‍ പല മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നുവെന്നും പാര്‍ട്ടി കണ്ടെത്തലുണ്ട്.

സി.പി.എമ്മില്‍ മെമ്പര്‍ഷിപ്പ് സ്‌കൂട്ടണി പല ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഗ്രൂപ്പ്‌മെമ്പര്‍മാര്‍ ഷിപ്പാണ് ആദ്യഘട്ടം. ഇതിനുശേഷമാണ് മെമ്പര്‍ഷിപ്പ് നല്‍കുക.

എന്നാല്‍ വര്‍ഷങ്ങളായി ഘടകങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധനകള്‍ നടത്തുന്നില്ലായെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പല തവണ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ മെമ്പര്‍ഷിപ്പില്‍ ഇടിവില്ലെന്ന് കാട്ടാനായി പോഷകസംഘടനകള്‍ കൃത്യമായി പരിശോധനകള്‍ നടത്താറില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി അഴിച്ചു പണി നടത്താനാണ് നീക്കം.

CLICK TO FOLLOW UKMALAYALEE.COM