സി.പി.എമ്മിനു പങ്കെന്ന്‌ എഫ്‌.ഐ.ആര്‍. : ടി.പി. 51 വെട്ട്‌ , ശരത്‌ 15 വെട്ട്‌  – UKMALAYALEE

സി.പി.എമ്മിനു പങ്കെന്ന്‌ എഫ്‌.ഐ.ആര്‍. : ടി.പി. 51 വെട്ട്‌ , ശരത്‌ 15 വെട്ട്‌ 

Tuesday 19 February 2019 2:37 AM UTC

കണ്ണൂര്‍/കാസര്‍ഗോഡ്‌/തിരുവനന്തപുരം Feb 19 : 2012-ല്‍ ടി.പി. ചന്ദ്രശേഖരനെ കൊത്തിനുറുക്കി 51 വെട്ട്‌, 2019-ല്‍ ശരത്‌ലാലിന്റെ പ്രാണനെടുത്ത്‌ 15 വെട്ട്‌, കൂട്ടുകാരന്‍ കൃപേഷിന്റെ നെറുക പിളര്‍ത്തി ഒറ്റവെട്ട്‌…പതിയിരുന്നും പിന്തുടര്‍ന്നും അരിഞ്ഞുതള്ളുന്ന രാഷ്‌ട്രീയ ക്വട്ടേഷനുകളില്‍ മനസ്‌ മരവിച്ച്‌ കേരളം.

കാസര്‍ഗോഡ്‌ പെരിയയില്‍ രണ്ടു യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.എമ്മിന്റെ പങ്ക്‌ വ്യക്‌തമാക്കി പ്രഥമവിവര റിപ്പോര്‍ട്ട്‌.

കൊല്ലപ്പെട്ട ശരത്‌ലാലിനോടും കൃപേഷിനോടും സി.പി.എം. പ്രവര്‍ത്തകര്‍ക്കു വൈരാഗ്യമുണ്ടായിരുന്നെന്നും പ്രാദേശികനേതൃത്വത്തിന്റെ അറിവോടെയാണ്‌ ആക്രമണമെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.

കേസില്‍ രണ്ടുപേരെ പോലീസ്‌ കസ്‌റ്റഡിയില്‍ ചോദ്യംചെയ്‌തുവരുന്നു.

പെരിയ ഏച്ചിലുക്കം സ്വദേശി ടോമി, പെരിയ സ്വദേശി നിഖില്‍ എന്നിവരാണു പിടിയിലായത്‌. അക്രമികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ബൈക്കുകളും കസ്‌റ്റഡിയിലെടുത്തു. കൊലപാതകസ്‌ഥലത്തുനിന്നു വടിവാളിന്റെ പിടി കണ്ടെടുത്തു.

ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി പ്രത്യേകാന്വേഷണസംഘം വിപുലീകരിച്ചു. പ്രതികളെ പിടികൂടാന്‍ ഡി.ജി.പി: ലോക്‌നാഥ്‌ ബെഹ്‌റ കര്‍ണാടക പോലീസിന്റെ സഹായം തേടി.

കൊല്ലപ്പെട്ട കൃപേഷിനു വധഭീഷണിയുണ്ടെന്ന പരാതിയില്‍ ബേക്കല്‍ പോലീസ്‌ കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന്‌ അരുണേശ്‌, നിഥിന്‍, നീരജ്‌ എന്നിവര്‍ക്കെതിരേ കേസെടുത്തിരുന്നു.

നീരജും കൂട്ടരും സാമൂഹികമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ചാണു ബേക്കല്‍ പോലീസില്‍ കൃപേഷ്‌ പരാതി നല്‍കിയത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പോലീസ്‌, കഴിഞ്ഞ ഡിസംബര്‍ 25-നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കൃപേഷിനെയും ശരത്തിനെയും സി.പി.എം. പ്രാദേശികനേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിനു മൊഴി ലഭിച്ചു.

മുന്നാട്‌ പീപ്പിള്‍സ്‌ കോളജില്‍ കെ.എസ്‌.യു. പ്രവര്‍ത്തകന്‍ മര്‍ദിക്കപ്പെട്ടതിനേത്തുടര്‍ന്നുള്ള സംഘര്‍ഷമാണു കൊലപാതകങ്ങളിലേക്കു നയിച്ചതെന്ന നിഗമനത്തിലാണു പോലീസ്‌.

സംഘര്‍ഷത്തേത്തുടര്‍ന്ന്‌ കല്ല്യോട്ട്‌ സി.പി.എം. പ്രവര്‍ത്തകന്‍ പീതാംബരന്‍ ആക്രമിക്കപ്പെട്ട കേസില്‍ കൃപേഷും ശരത്തും പ്രതികളായിരുന്നു. എന്നാല്‍, ഇരട്ടക്കൊലപാതകത്തില്‍ പങ്കില്ലെന്നാണു സി.പി.എം. ജില്ലാനേതൃത്വത്തിന്റെ നിലപാട്‌.

കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കുമെന്നു കാസര്‍ഗോഡ്‌ ജില്ലാ പോലീസ്‌ മേധാവി ഡോ.എ. ശ്രീനിവാസ്‌ പറഞ്ഞു.

കാസര്‍ഗോഡ്‌ പെരിയ കല്ല്യോട്ട്‌ കുരാങ്കര സ്വദേശി ശരത്‌ (ജോഷി-27), കല്ല്യോട്ട്‌ ക്ഷേത്രത്തിനു സമീപം കൃപേഷ്‌ (കിച്ചു-21) എന്നിവരാണു കഴിഞ്ഞ ഞായറാഴ്‌ച രാത്രി കൊല്ലപ്പെട്ടത്‌.

കല്ല്യോട്ട്‌ ക്ഷേത്രത്തില്‍ ഉത്സവത്തിനുപോയി മടങ്ങവേയാണ്‌ തന്നിത്തോട്‌-കൂരാങ്കര റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവര്‍ക്കും വെട്ടേറ്റത്‌. വീടിനു തൊട്ടടുത്തെത്തിയപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക്‌ തടഞ്ഞുനിര്‍ത്തി ഇരുവരെയും അടിച്ചുവീഴ്‌ത്തി വെട്ടുകയായിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: എം. പ്രദീപ്‌കുമാറിനാണ്‌ അന്വേഷണച്ചുമതല. ബേക്കല്‍ പോലീസ്‌ സ്‌റ്റേഷനില്‍ അന്വേഷണസംഘത്തിന്റെ ആദ്യയോഗം ചേര്‍ന്നു.

മൂന്നുപേരാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രാഥമികനിഗമനം. കണ്ണൂര്‍ ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്‌ഥര്‍ സ്‌ഥലത്തു ക്യാമ്പ്‌ ചെയുന്നു.

CLICK TO FOLLOW UKMALAYALEE.COM