സിസ്‌റ്റര്‍ അഭയ കൊലക്കേസ്‌ : ഫാ. തോമസ്‌ കോട്ടൂരിന്‌ ഇരട്ടജീവപര്യന്തം, സിസ്‌റ്റര്‍ സെഫിക്കു ജീവപര്യന്തം – UKMALAYALEE

സിസ്‌റ്റര്‍ അഭയ കൊലക്കേസ്‌ : ഫാ. തോമസ്‌ കോട്ടൂരിന്‌ ഇരട്ടജീവപര്യന്തം, സിസ്‌റ്റര്‍ സെഫിക്കു ജീവപര്യന്തം

Wednesday 23 December 2020 11:15 PM UTC

തിരുവനന്തപുരം Dec 23 : സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ്‌ കോട്ടുരിന്‌ ഇരട്ട ജീവപര്യന്തം തടവുശിക്ഷ. മൂന്നാം പ്രതി സിസ്‌റ്റര്‍ സെഫിക്കു ജീവപര്യന്തം തടവ്‌. തെളിവു നശിപ്പിക്കലിന്‌ ഇരുവര്‍ക്കും ഏഴു വര്‍ഷം തടവ്‌. ജയില്‍ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നു കോടതി പറഞ്ഞു.

രണ്ടു പ്രതികള്‍ക്കുമായി കോടതി 12 ലക്ഷം രൂപ പിഴ ചുമത്തി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ജയിലില്‍ കഴിയണം. ശിക്ഷ വിധിച്ചതോടെ ഫാ. കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും സിസ്‌റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അയച്ചു.

വിചാരണ നേരിട്ട ഇരുവരും കുറ്റക്കാരാണെന്നു തെളിഞ്ഞതായി തിരുവനന്തപുരം സി.ബി.ഐ. കോടതി ജഡ്‌ജി കെ. സനല്‍ കുമാര്‍ ചൊവ്വാഴ്‌ച വ്യക്‌തമാക്കിയിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളതു കേട്ടതിനു ശേഷമാണ്‌ ഇന്നലെ ശിക്ഷാവിധി പ്രഖ്യാപിച്ചത്‌. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസായി പരിഗണിച്ച്‌ പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നു സി.ബി.ഐ. പ്രോസിക്യൂട്ടര്‍ എം. നവാസ്‌ കോടതിയോടഭ്യര്‍ഥിച്ചു.

ആസൂത്രിതമായ കൊലപാതകമാണോ എന്ന ചോദ്യത്തിന്‌, അല്ല എന്ന്‌ അഭിഭാഷകന്‍ മറുപടി നല്‍കി. അതേസമയം, പുരോഹിതന്‍ കോണ്‍വെന്റില്‍ കടന്നു കുറ്റകൃത്യം നടത്തിയത്‌ ഗൗരവതരമാണെന്നു ചൂണ്ടിക്കാട്ടി.

73 വയസുകാരനായ ഫാ. കോട്ടൂര്‍ അര്‍ബുദരോഗിയാണെന്നതും പരിഗണിച്ച്‌ ശിക്ഷയില്‍ പരമാവധി പരമാവധി ഇളവു നല്‍കണമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. സിസ്‌റ്റര്‍ സെഫിയുടെ ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി. രണ്ടു പ്രതികളും നേരിട്ടു ശിക്ഷായിളവ്‌ അഭ്യര്‍ഥിച്ചതിനും ശേഷമാണു കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്‌.

രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ്‌ പുതൃക്കയിലിനെ വിചാരണയില്‍നിന്ന്‌ ഒഴിവാക്കിയതിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സി.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്‌.

വിചാരണയ്‌ക്കിടെ കൂറുമാറിയ ഒന്നാം സാക്ഷി സഞ്‌ജു പി. മാത്യുവിനെതിരേയും നിയമനടപടി തുടങ്ങി. പ്രതികള്‍ അപ്പിലീനുപോയാല്‍ നിയമയുദ്ധം തുടരുമെന്ന്‌ ആക്‌ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ പറഞ്ഞു.

ശിക്ഷ ഇങ്ങനെ

ഫാ. തോമസ്‌ കോട്ടൂര്‍ (ഒന്നാം പ്രതി)

ഐ.പി.സി. 302 (കൊലപാതകം) ജീവപര്യന്തം തടവ്‌, 5 ലക്ഷം രൂപ പിഴ
ഐ.പി.സി. 449 (വധശിക്ഷാര്‍ഹമായ കുറ്റകൃത്യത്തിനു വേണ്ടിയുള്ള ഭവനഭേദനം) ജീവപര്യന്തം തടവ്‌, ഒരു ലക്ഷം രൂപ പിഴ.
ഐ.പി.സി. 201 (തെളിവു നശിപ്പിക്കല്‍) ഏഴു വര്‍ഷം തടവ്‌. 50,000 രൂപ പിഴ.

സിസ്‌റ്റര്‍ സെഫി (മൂന്നാം പ്രതി)

ഐ.പി.സി. 302 (കൊലപാതകം) ജീവപര്യന്തം തടവ്‌, 5 ലക്ഷം രൂപ പിഴ
ഐ.പി.സി. 201 (തെളിവു നശിപ്പിക്കല്‍) ഏഴു വര്‍ഷം തടവ്‌. 50,000 രൂപ പിഴ.

ആരോഗ്യപ്രശ്‌നങ്ങള്‍; ശിക്ഷായിളവിന്‌ പ്രതികളുടെ അഭ്യര്‍ഥന

പ്രതികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരമാവധി ശിക്ഷയിളവിനു പ്രതിഭാഗം അഭിഭാഷകന്‍ അഭ്യര്‍ഥിച്ചതിനു ശേഷം ഫാ. തോമസ്‌ കോട്ടൂരും സിസ്‌റ്റര്‍ സെഫിയും ജഡ്‌ജിയുടെ അരികിലെത്തി.

താന്‍ നിരപരാധിയാണെന്നും ദിവസവും 20 എം.ജി. ഇന്‍സുലിന്‍ വേണമെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും വിശദീകരിച്ച്‌ ശിക്ഷ പരമാവധി ലഘൂകരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു.

കാനോന്‍ നിയമപ്രകാരം വൈദികന്‍ കന്യാസ്‌ത്രീക്കു പിതാവിനെപ്പോലെയാണെന്നും കൊലപാതകത്തിനു കാരണമായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും സിസ്‌റ്റര്‍ സെഫി കോടതിയില്‍ പറഞ്ഞു.

രോഗികളായ മാതാപിതാക്കളുടെ സംരക്ഷണം തന്റെ ഉത്തരവാദിത്വമാണ്‌. പെന്‍ഷനാണ്‌ ഏക ജീവിതമാര്‍ഗമെന്നും അവര്‍ കോടതിയോടു പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM