സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു – UKMALAYALEE

സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

Tuesday 25 September 2018 4:10 AM UTC

വയനാട് Sept 25: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ മാനന്തവാടി കാരയ്ക്കാമല ഇടവക പ്രഖ്യാപിച്ച അച്ചടക്ക നടപടി പിന്‍വലിച്ചു.

ഇന്ന് ചേര്‍ന്ന ഇടവക പാരീഷ് കൗണ്‍സില്‍ യോഗമാണ് നടപടി മരവിപ്പിച്ചത്. പാരീഷ് കൗണ്‍സില്‍ യോഗത്തിലേക്ക് വിശ്വാസികള്‍ തള്ളിക്കയറി.

വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്. സിസ്റ്റര്‍ ലൂസിക്കെതിരായ എല്ലാ വിലക്കുകളും നീക്കിയതായി ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍ അറിയിച്ചു.

നീതി വിജയിച്ചുവെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. വിശ്വാസികളുടെ ശക്തിയാണ് പ്രകടമായതെന്നും ഇടവക സമൂഹത്തോട് നന്ദിയുണ്ടെന്നും സിസ്റ്റര്‍ ലൂസി‍ പ്രതികരിച്ചു.

സിസ്റ്റര്‍ ഇനി വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്കിയത്.

സിസ്റ്റര്‍ ലൂസി വേദപാഠം പഠിപ്പിക്കുകയും കുര്‍ബാന നല്‍കുകയും ചെയ്യുന്നതിനോട് എതിര്‍പ്പുണ്ടെന്ന് വിശ്വാസികള്‍ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി.

സംഭവം വിവാദമായതോടെ സിസ്റ്റര്‍ക്കെതിരെ നടപടിയില്ലെന്ന് വിശദീകരിച്ച് സഭ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

സിസ്റ്റർ ലൂസി തങ്ങളുടെ മക്കളെ വേദപാഠം പഠിപ്പിക്കേണ്ടന്നും, ഇവരുടെ പക്കൽ നിന്നും വിശുദ്ധ കുർബാന സ്വീകരിക്കാൻ താത്പര്യമില്ലെന്നും ഇടവകയിലെ വിശ്വാസികൾ ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ വികാരിയച്ചനേ നേരിൽ കണ്ട് ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിവരം കോൺവെന്റിലെ മദറിനേ വികാരിയച്ചൻ അറിയിക്കുകയായിരുന്നെന്നുമാണ് ഇടവകയുടെ വാര്‍ത്താക്കുറിച്ച്.

സിസ്റ്ററിന്റെ സേവനം ഇനി ഇടവകയിലെ മേൽ ശുശ്രൂഷകളിൽ അവശ്യമില്ല എന്ന ഇടവകക്കാരുടെ വികാരം മദർ സിസ്റ്ററേയും അറിയിച്ചു.

ഇതാണ് സംഭവിച്ചത് എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. പ്രത്യക്ഷമായി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വിശദീകരിക്കുമ്പോഴും വിശ്വാസികളുടെ പേരില്‍ പരോക്ഷ വിലക്ക് തന്നെയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നിലവിലുണ്ടായിരുന്നത്.

CLICK TO FOLLOW UKMALAYALEE.COM