സിറോ മലബാര്‍ സഭയെ ഉലച്ച്‌ വ്യാജരേഖക്കേസ്‌ – UKMALAYALEE

സിറോ മലബാര്‍ സഭയെ ഉലച്ച്‌ വ്യാജരേഖക്കേസ്‌

Thursday 21 March 2019 1:30 AM UTC

കൊച്ചി March 21: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക്‌ രേഖ ചമച്ചെന്ന കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്തിനെ രണ്ടാം പ്രതിയാക്കി എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു.

തനിക്കു കിട്ടിയ രേഖകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ മാര്‍ മനത്തോടത്തിനു കൈമാറിയ ഫാ. പോള്‍ തേലക്കാട്ടിനെ നേരത്തേ ഒന്നാം പ്രതിയാക്കിയിരുന്നു. ഭൂമിവിവാദത്തിനു പിന്നാലെയുണ്ടായ വ്യാജരേഖക്കേസ്‌ സഭയെ വീണ്ടും കലുഷമാക്കി.

വൈദികനും സഭയുടെ ഐടി സെല്‍ മേധാവിയുമായ ഫാ. ജോബി മാപ്രക്കാവിലിന്റെ പരാതിയുടെയും മൊഴിയുടെയും അടിസ്‌ഥാനത്തിലാണു കേസെന്ന്‌ പോലീസ്‌ അറിയിച്ചു.

നിജസ്‌ഥിതി അന്വേഷിക്കണമെന്നു നിര്‍ദേശിച്ച്‌ വ്യാജരേഖകള്‍ സഭാനേതൃത്വത്തിനു കൈമാറിയവര്‍ക്കെതിരേ കേസെടുത്തതില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കിടയില്‍ അമര്‍ഷം പടരുകയാണ്‌.

കേസ്‌ വലിയ വിവാദമായതോടെ അന്വേഷണം സി.ഐ. സാജു ദാസില്‍നിന്ന്‌ തൃക്കാക്കര അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ സ്‌റ്റുവര്‍ട്ട്‌ കീലര്‍ ഏറ്റെടുത്തു. എറണാകുളത്തെ വന്‍കിട ബിസിനസുകാരുമായി കര്‍ദിനാളിന്‌ ഇടപാടുകള്‍ ഉണ്ടെന്നും കോടിക്കണക്കിന്‌ രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ടെന്നുമാണു വ്യാജരേഖയുടെ ഉള്ളടക്കം.

ഇതു ഫാ. തേലക്കാട്ടിനാണ്‌ ആദ്യം ലഭിച്ചത്‌. അദ്ദേഹം കൈമാറിയ രേഖ മാര്‍ മനത്തോടത്ത്‌ കര്‍ദിനാളിനെ ഏല്‍പ്പിക്കുകയും കര്‍ദിനാള്‍ അതു സഭാ സിനഡില്‍ സമര്‍പ്പിക്കുകയുമായിരുന്നു.

രേഖ വ്യാജമാണെന്ന കര്‍ദിനാളിന്റെ വാദം ശരിയെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ പരാതി നല്‍കാന്‍ ഇന്റര്‍നെറ്റ്‌ മിഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ കൂടിയായ ഫാ. ജോബി മാപ്രക്കാവിലിനെ നിയോഗിച്ചത്‌.

സിനഡില്‍ മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചെന്നാണു ഫാ. തേലക്കാടിനെതിരേ ആരോപിക്കുന്ന പ്രധാന കുറ്റം.

വ്യാജരേഖ സഭാനേതൃത്വത്തിനു കൈമാറുക മാത്രം ചെയ്‌ത ഫാ. തേലക്കാട്ടിനെയും മാര്‍ മനത്തോടത്തിനെയും മനഃപൂര്‍വം കരി വാരിത്തേക്കുകയാണെന്നാണ്‌ ഇവരെ അനുകൂലിക്കുന്ന വൈദികരുടെ പരാതി.

തന്നെ പ്രതിയാക്കിയതില്‍ മാര്‍ മനത്തോടത്ത്‌ കടുത്ത അമര്‍ഷത്തിലാണ്‌. മാര്‍ മനത്തോടത്തിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ നേരിട്ടാണു നിയമിച്ചത്‌.

ഭൂമിക്കച്ചവട വിവാദത്തില്‍ അന്വേഷണം നടത്തി മാര്‍പാപ്പയ്‌ക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ്‌ അദ്ദേഹത്തിനെതിരേ വ്യാജരേഖക്കേസ്‌ വരുന്നത്‌.

ഫാ. തേലക്കാട്ട്‌ ഇത്തരമൊരു വ്യാജരേഖ ചമയ്‌ക്കില്ലെന്ന്‌ ഒരു വിഭാഗം വൈദികര്‍ വ്യക്‌തമാക്കുന്നു. ഭൂമി വിവാദം, ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ ബലാത്സംഗക്കേസ്‌ തുടങ്ങിയവയില്‍ സഭാ നേതൃത്വത്തിന്റെ സമീപനത്തോടു രൂക്ഷമായി പ്രതികരിച്ചതിനുള്ള പ്രതികാരമാണ്‌ അദ്ദേഹത്തിനെതിരായ പരാതിക്കു പിന്നിലെന്നാണ്‌ അവരുടെ അഭിപ്രായം.

വൈദികര്‍ക്കിടയില്‍ വിവാദമായെങ്കിലും കേസ്‌ പിന്‍വലിക്കേണ്ടെന്നാണു സഭാ സ്‌ഥിരം സിനഡിന്റെ തീരുമാനം. അതേസമയം, മാര്‍ മനത്തോടത്തിന്റെ പേരില്‍ കേസ്‌ വന്ന സാഹചര്യം പരിശോധിക്കും.

വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്നും സിനഡ്‌ ആവശ്യപ്പെട്ടു.

CLICK TO FOLLOW UKMALAYALEE.COM