സിമെന്റിനും കമ്പിക്കും പൈപ്പിനും ‘പൊന്നുംവില’ ; നിര്‍മാണ മേഖല സ്തംഭിച്ചു – UKMALAYALEE

സിമെന്റിനും കമ്പിക്കും പൈപ്പിനും ‘പൊന്നുംവില’ ; നിര്‍മാണ മേഖല സ്തംഭിച്ചു

Tuesday 15 December 2020 10:34 PM UTC

തിരുവനന്തപുരം Dec 15: സാധന സാമഗ്രികള്‍ക്ക് ‘പൊന്നുംവില’ ആയതോടെ സംസ്ഥാനത്ത് നിര്‍മാണ മേഖല സ്തംഭിച്ചു. സിമെന്റിനും കമ്പിക്കും ​പൈപ്പിനും ഉള്‍പ്പെടെ നിര്‍മാണത്തിന് ആവശ്യമായ മുഴുവന്‍ സാധനങ്ങള്‍ക്കും കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത് വന്‍ വിലവര്‍ധനയാണ്.

ഇതോടെ ചെറുകിട കരാറുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണികള്‍ ഉപേക്ഷിച്ചതോടെ സര്‍ക്കാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും അവതാളത്തിലായി. വില വര്‍ധിച്ചതോടെ നികുതിവെട്ടിപ്പും കൂടി. സിമെന്റിനാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത്. കഴിഞ്ഞ മാസം 380 രൂപ ആയിരുന്ന എ കാറ്റഗറി സിമെന്റിന് 450 രൂപയായി ചില്ലറ വില. മൊത്തവില 435-ല്‍ എത്തി നില്‍ക്കുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള എ കാറ്റഗറി സിമെന്റിന് ഇനിയും വില ഉയരുമെന്നാണു വിപണിയില്‍ നിന്നുള്ള സൂചന. 350 രൂപ ആയിരുന്ന ബി ഗ്രേഡിലുള്ള ആന്ധ്രാ സിമെന്റിന് 400 രൂപയായി വില.

തമിഴ്‌നാട് കമ്പനികളുടെ സിമെന്റിന് തമിഴ്‌നാട്ടില്‍തന്നെ ആവശ്യം കൂടിയതും കോവിഡ് മൂലം ഉല്‍പാദത്തില്‍ വന്ന കുറവുമാണ് വില ഉയരാന്‍ കാരണം. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കടത്തുചെലവു കൂടിയതും വില കൂടാന്‍ കാരണമായിട്ടുണ്ട്.

കമ്പിക്ക് മൊത്ത വില 15 രൂപയ്ക്കടുത്തു വര്‍ധിച്ചു. കിലോയ്ക്ക് 42 രൂപാ വിലയുണ്ടായിരുന്ന ഐ.എസ്.ഐ. നിലവാരമുള്ള കമ്പിക്ക് പാലക്കാട് വില 54 രൂപയിലെത്തി. 60 രൂപയില്‍ കിടന്ന ബ്രാന്‍ഡഡ് കമ്പിക്ക് 72 രൂപയായി വില കൂടി. പൈപ്പിന് 15 രൂപയാണ് കൂടിയത്. 63-ല്‍ കിടന്ന െപെപ്പ് വില 78-ല്‍ എത്തി നില്‍ക്കുകയാണ്. റൂഫിങ് ഷീറ്റിനു നാലു രൂപാ മുതല്‍ ഏഴു രൂപ വരെ ചില്ലറ വിപണിയില്‍ വില കൂടിയിട്ടുണ്ട്.

വില ഉയര്‍ന്നതോടെ വീണ്ടും ”വിത്ത് ഔട്ട് വില്‍പ്പന” എന്ന പേരില്‍ അറിയപ്പെടുന്ന ബില്ലിലാതെയുള്ള വില്‍പ്പന പൊടിപൊടിക്കുകയാണ്. കമ്പനികളില്‍ നിന്നു തന്നെ നികുതിവെട്ടിപ്പു നടത്തിയാണ് വില്‍പ്പന. സംസ്ഥാനത്ത് ജി.എസ്.ടി. എറണാകുളം സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമായിരുന്ന സെപ്റ്റംബറില്‍വിത്ത് ഔട്ട് വില്‍പ്പന കുറവായിരുന്നെങ്കിലും തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് സംസ്ഥാനം മാറിയതോടെ വീണ്ടും നികുതിവെട്ടിപ്പ് വ്യാപകമായി.

കമ്പനികളും മൊത്തവിതരണക്കാരും പല പേരുകളില്‍ ബില്ലടിച്ച് വിത്ത് ഔട്ട് എന്ന നികുതിവെട്ടിപ്പ് സുഗമമായി നടത്തുകയാണ്. ഇതിനായി ഉദ്യോഗസ്ഥര്‍ക്കു 30,000 മുതല്‍ മുകളിലോട്ട് ”പ്രതിമാസ കിമ്പളം” നല്‍കുന്നതായും ആക്ഷേപമുണ്ട്.

CLICK TO FOLLOW UKMALAYALEE.COM