സിപിഎം ഓഫീസില്‍ നടന്ന പീഡനത്തില്‍ അറസ്റ്റ് ഉടനെന്ന് സൂചന – UKMALAYALEE

സിപിഎം ഓഫീസില്‍ നടന്ന പീഡനത്തില്‍ അറസ്റ്റ് ഉടനെന്ന് സൂചന

Saturday 23 March 2019 1:59 AM UTC

പാലക്കാട് March 23: പാലക്കാട് ചെര്‍പ്പുളശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നേരത്തെ പോലീസിനു നല്‍കിയ മൊഴി യുവതി മജിസ്‌ട്രേറ്റിനു മുന്നിലും ആവര്‍ത്തിച്ചതായാണ് സൂചന.

പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്.

സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ ഡിവൈഎഫ്‌ഐയുടെ മുറിയില്‍ വെച്ച് കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് പോലീസിന് യുവതി നല്‍കിയ ആദ്യ മൊഴി.

2018 ജൂണിലാണ് സംഭവം നടന്നതെന്നും യുവതി മുന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയനായ ചെര്‍പ്പുളശ്ശേരി സ്വദേശിയായ പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി.പ്രകാശനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മൊഴിയില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. ഇതോടെ തെളിവെടുപ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം പരാതിക്കാരിയും ആരോപണവിധേയനും പാര്‍ട്ടിക്കാരനല്ലെന്നാണ് സിപിഎം വിശദീകരണം.

യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മങ്കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്.

CLICK TO FOLLOW UKMALAYALEE.COM