സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഭക്തര്‍ സമര്‍പ്പിച്ച ഓട്ടുവിളക്കുകള്‍ ലേലം ചെയ്യാന്‍ ദേവസ്വംബോര്‍ഡ് ; 3000 ഏക്കര്‍ സ്ഥലത്ത് ”ദേവഹരിതം” എന്ന പേരില്‍ കൃഷിയും – UKMALAYALEE

സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഭക്തര്‍ സമര്‍പ്പിച്ച ഓട്ടുവിളക്കുകള്‍ ലേലം ചെയ്യാന്‍ ദേവസ്വംബോര്‍ഡ് ; 3000 ഏക്കര്‍ സ്ഥലത്ത് ”ദേവഹരിതം” എന്ന പേരില്‍ കൃഷിയും

Saturday 23 May 2020 1:54 AM UTC

അടൂര്‍ May 23: ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിച്ച ഓട്ടുവിളക്കുകള്‍ ലേലം ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണക്കെടുപ്പാരംഭിച്ചു. കോവിഡ് ലോക്ക്ഡൗണിനേത്തുടര്‍ന്നു ബോര്‍ഡ് നേരിടുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കാനാണു വിളക്കുകള്‍ വില്‍ക്കുന്നത്.
ക്ഷേത്രങ്ങളില്‍ ഉപയോഗത്തിലില്ലാത്ത വിളക്കുകള്‍, പിത്തള/ചെമ്പുപാത്രങ്ങള്‍ എന്നിവയാണു ലേലം ചെയ്യുന്നത്. അതതു സബ് ഗ്രൂപ്പുകളില്‍ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണു കണക്കെടുപ്പ്.

ഇവയെല്ലാം സബ് ഗ്രൂപ്പ് ഓഫീസുകളിലെ സ്‌റ്റോര്‍ റൂമിലാണു സൂക്ഷിച്ചിരിക്കുന്നത്. കണക്കെടുപ്പിനുശേഷം ബോര്‍ഡ് ഉത്തരവിടുന്നതോടെയാകും ലേലം.

വിളക്കുകളും മറ്റും ലേലം ചെയ്യാന്‍ 2012-ലും ബോര്‍ഡ് കണക്കെടുപ്പ് നടത്തിയിരുന്നെങ്കിലും ശക്തമായ എതിര്‍പ്പിനേത്തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതും ആചാരപരമായി സൂക്ഷിക്കേണ്ടതുമായ ശേഖരം ഒഴികെയുള്ള സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും ബോര്‍ഡിന്റെ പരിഗണനയിലാണ്.

റിസര്‍വ് ബാങ്കിന്റെ സ്വര്‍ണം കരുതല്‍ശേഖരപദ്ധതി പ്രകാരം ഈ നിക്ഷേപത്തിനു 2% പലിശ ലഭിക്കും. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ചെലവുചുരുക്കല്‍ പദ്ധതികളും ഓണ്‍െലെന്‍ വഴിപാട് സംവിധാനവും നടപ്പാക്കി.

ബോര്‍ഡിന്റെ അധീനതയിലുള്ള 3000 ഏക്കര്‍ സ്ഥലത്ത് ”ദേവഹരിതം” എന്ന പേരില്‍ കൃഷിയാരംഭിച്ചു. ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം വീതം അഞ്ചുമാസം പിടിക്കാന്‍ തീരുമാനിച്ചു.

പെന്‍ഷന്‍കാരോടും സംഭാവന അഭ്യര്‍ഥിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാതെതന്നെ ഭക്തര്‍ക്കു വഴിപാട് നടത്താന്‍ സംവിധാനമൊരുക്കി. ജീവനക്കാര്‍ ക്ഷേത്രകവാടത്തിലെത്തി പണം വാങ്ങി വഴിപാട് നടത്തിക്കൊടുക്കും.

സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ ബോര്‍ഡിനു ലഭിച്ചു. കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ബോര്‍ഡില്‍ അയ്യായിരത്തോളം ജീവനക്കാരാണുള്ളത്.

ശമ്പളം നല്‍കാന്‍ 30 കോടി രൂ പയും പെന്‍ഷന് 10 കോടി രൂപയും മറ്റു ചെലവുകള്‍ക്കായി 10 കോടി രൂപയും വേണം. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ടാണു ചെലവുകള്‍ നടന്നിരുന്നത്.

CLICK TO FOLLOW UKMALAYALEE.COM