തൃശൂര്‍ May 13: കലക്ടര്‍ ടി.വി. അനുപമയും സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയും കഴിഞ്ഞദിവസം രാത്രി തെക്കേഗോപുരനടയില്‍ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി നടത്തിയ സുരക്ഷാപരിശോധന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
കൊമ്പന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ആന കടന്നുപോകുന്ന വഴികള്‍ ഇരുവരും പരിശോധിച്ചു. ഇതിന്റെ ചിത്രം സോഷ്യല്‍മീഡിയയും ആഘോഷിച്ചു.
രാത്രിയിലെ ജാഗ്രത, സുരക്ഷാക്കണ്ണുകള് എന്നെല്ലാമുള്ള അടിക്കുറിപ്പുകളോടെയാണ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
കൊമ്പന്റെ എഴുന്നള്ളിപ്പ് തെക്കേഗോപുരനട വഴി ഇറങ്ങുന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുന്നോടിയായിരുന്നു പരിശോധന.
ആനയെ 10 മീറ്റര്‍ അകലത്തില്‍ നിര്‍ത്തണമെന്ന വ്യവസ്ഥയോടെയാണ് എഴുന്നള്ളിപ്പിനു അനുമതി നല്‍കിയത്. മുമ്പ് കലക്ടറുടെ നേതൃത്വത്തിലുള്ള നാട്ടാന എഴുന്നള്ളിപ്പു സമിതിയാണ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്.
തുടര്‍ന്ന് വന്‍ സമ്മര്ദമുയര്ന്നതോടെ തീരുമാനം മാറ്റി ഒരു മണിക്കൂര്‍ നേരത്തേക്ക് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ശ്രീലങ്കയില്‍ തീവ്രവാദി അക്രമത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിനു കര്‍ക്കശ സുരക്ഷ വേണമെന്നു പോലീസ് തീരുമാനിച്ചിരുന്നു.
അതിന്റെകൂടി ഭാഗമായാണ് പരിശോധന. അതേസമയം, രാമവിജയം എന്ന പേരിലാണ് തെച്ചിക്കോട്ടു രാമചന്ദ്രന്റെ വരവ് സാമൂഹികമാധ്യമം വൈറലാക്കിയത്. കൊമ്പന്റെ തലയെടുപ്പുള്ള ചിത്രങ്ങളും പങ്കുവച്ചു.
CLICK TO FOLLOW UKMALAYALEE.COM