‘സാംസ്‌കാരിക നായകന്മാര്‍ നക്കികളാണ്, പിണറായി ഓട്ടച്ചങ്കാണ്’:  അഡ്വ. ജയശങ്കര്‍ – UKMALAYALEE

‘സാംസ്‌കാരിക നായകന്മാര്‍ നക്കികളാണ്, പിണറായി ഓട്ടച്ചങ്കാണ്’:  അഡ്വ. ജയശങ്കര്‍

Saturday 15 June 2019 6:46 AM UTC

KOCHI June 15: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാപനം വന്‍ വിവാദമായിരിക്കുകയാണ്. അവാര്‍ഡിനെതിരെ കെസിബിസി രംഗത്തെത്തിയിരുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിസ്ഥാനത്തുള്ള ബിഷപ് ഫ്രാങ്കോയെയും അദ്ദേഹത്തെ പിന്തുണച്ച പി.സി ജോര്‍ജ് എം.എല്‍.എയേയും ലൈംഗികാരോപണം നേരിട്ട പി.കെ ശശി എം.എല്‍.എയേയും പശ്ചാത്തലമാക്കിയാണ് കാര്‍ട്ടൂണ്‍.

പോലീസ് തൊപ്പിക്കു മുകളില്‍ കയറിയിരിക്കുന്ന പൂവന്‍കോഴിയായി. ഫ്രാങ്കോയെയും ഇവരെ കണ്ട് ഭയന്നോടുന്ന കന്യാസ്ത്രീകളെയും കാര്‍ട്ടൂണില്‍ ചേര്‍ത്തിരിക്കുന്നൂ.

ഫ്രാങ്കോയുടെ കൈവശമിരിക്കുന്ന അംശവടിയില്‍ കുരിശിന്റെ സ്ഥാനത്ത് അടിവസ്ത്രമാണ് വരച്ചുചേര്‍ത്തിരിക്കുന്നത്. സഭയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുരസ്‌കാരം പിന്‍വലിക്കാന്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ നിര്‍ദേശിച്ചു.

ഈ സംഭവത്തില്‍ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കറിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

സാംസ്‌കാരിക നായകന്മാര്‍ നക്കികളാണ്, പാര്‍ട്ടി ആഫീസുമായി അടുപ്പം പറ്റി കഴിയുന്നവരാണ്. സ്ഥാനമാനങ്ങള്‍ നേടുന്നവരാണ്. നക്കാപ്പിച്ചക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വാലാട്ടി നടക്കുന്ന നായ്ക്കളാണ്, പിണറായി വിജയന്‍ ഇരട്ടച്ചങ്കാണെന്ന് പറഞ്ഞാലും ഫലത്തില്‍ ഓട്ടച്ചങ്കാണ് കാണുന്നത്.- ജയശങ്കര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ജയശങ്കര്‍ പറയുന്നതിങ്ങനെ;

‘സംഘടിത മതങ്ങളുടെ ഗുണ്ടായിസത്തിന് മുമ്പില്‍ പത്രാധിപന്മാരും സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരും ഭയപ്പെടുന്നു. ഗംഗേശാനന്ദ സ്വാമികളാണെങ്കിലും ഫ്രാങ്കോ പിതാവാണെങ്കിലും കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്ന മദ്രസയിലെ ഉസ്താദുമാരാണെങ്കിലും പോലീസുകാര്‍ക്ക് ഭയമാണ്.

ഭരണകൂടത്തിനും ഇരട്ടച്ചങ്കനാണെന്ന് പറയുന്ന മുഖ്യമന്ത്രിക്കും ഭയമാണ്. സാംസ്‌കാരിക മന്ത്രി എന്ന് അഭിമാനിക്കുന്ന എ കെ ബാലനും ഭയമാണ്.

കെസി ജോസഫ് സാംസ്‌കാരിക മന്ത്രി ആയിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുന്നതെങ്കില്‍ അത് മനസിലാക്കാവുന്നതാണ്.

കാരണം കെസി ജോസഫിന് അത്രയും വിവരമേ ഉള്ളു. അദ്ദേഹം നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അത്രയും ആര്‍ജവമേയുള്ളു. മെത്രാനെ പരിഹസിച്ചാല്‍, ഒരു പടം വരച്ചാല്‍ കോണ്‍ഗ്രസ് ഭയപ്പെടും, കേരള കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

എന്നാല്‍ ഇതുണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ്. അപ്പോള്‍ സാംസ്‌കാരിക നായകന്മാര്‍ക്കും ഉത്തരവാദിത്വം ഉണ്ട്.

എവിടെ സച്ചിദാനന്ദന്‍, എവിടെ കെ എന്‍ പണിക്കര്‍, ഡോ. ദേവിക എവിടെ? പ്രതികരിക്കാന്‍ സാധ്യതയില്ലെങ്കില്‍ പോലും ഇവരൊക്കെ നാളെ പ്രതികരിക്കുമെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ളവര്‍ ഒക്കെ മാളത്തിലൊളിക്കും.

സര്‍ക്കാര്‍ പുനപരിശോധിക്കണം എന്ന് പറയുന്നത് എന്തൊരു തോന്ന്യവാസവും തെമ്മാടിത്തരവുമാണ്?

ലളിതകലാ അക്കാദമിയുടെ ജൂറിയുടെ തീരുമാനത്തെ തിരുത്താന്‍ ബാലന്‍ മന്ത്രിക്ക് എന്താണ് അധികാരം ഉള്ളത്? ഒരു അധികാരവുമില്ല, അത് പറയാന്‍ നേമം പുഷ്പരാജിന്റെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

നട്ടെല്ലുള്ള ആളാണെങ്കില്‍ രാജി വെച്ച് പോകും. സാംസ്‌കാരിക നായകന്മാര്‍ എന്ന് പറയുന്നവര്‍ വെറും നക്കികളാണ്. അവരാരും പ്രതികരിക്കില്ല. കെസി ജോസഫാണ് സാംസ്‌കാരിക മന്ത്രി എങ്കില്‍ അവര്‍ പ്രതികരിക്കുമായിരുന്നു. ബാലനായത് കൊണ്ടാണ് ആരും പ്രതികരിക്കാഞ്ഞത്.

ഇവരെല്ലാം പാര്‍ട്ടി ആഫീസുമായി അടുപ്പം പറ്റി കഴിയുന്നവരാണ്. സ്ഥാനമാനങ്ങള്‍ നേടുന്നവരാണ്. നക്കാപ്പിച്ചക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വാലാട്ടി നടക്കുന്ന നായ്ക്കളാണ്. അതുകൊണ്ടാണ് ഇവരാരും പ്രതികരിക്കാത്തത്.

ബാലന് വിവരം ഇല്ല എന്ന് വിചാരിക്കാം എന്നാല്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജിന് ഇത് ഒരു അപമാനമല്ലേ? ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമല്ലേ? ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചു എന്ന് ക്രെഡിറ്റായി പറയുന്ന ആള്‍ക്കാരുണ്ട്.

ഇവരുടെ വാക്കുകേട്ട് പുനപരിശോധിക്കണം എന്ന് പറയുന്നത് മന്ത്രിയുടെ അറിവില്ലായ്മായാണ്.

അദ്ദേഹത്തിന്റെ ജോലി എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഒരു കൊഴുക്കട്ടയെ പിടിച്ചിരുത്തിയാലും ഇതൊക്കെ തന്നെയേ പറയൂ.

ലളിത കലാ അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഇതിലൊക്കെ പിടിച്ചുവെച്ചിരിക്കുന്നത് എങ്ങനത്തെ ആള്‍ക്കാരെയാണ്? ആ സ്ഥാനത്ത് കമ്മട്ടിപതലിനെ പിടിച്ചുവെച്ചാലും ഇതൊക്കെ തന്നെയല്ലേ ചെയ്യൂ.

എന്തിനാണ് ഇവരൊക്കെ ഈ സ്ഥാനത്തിനിരിക്കുന്നത്, ഇതൊക്കെ പിരിച്ചുവിട്ട് പുലകുടി അടിയന്തിരം നടത്തേണ്ട സമയം പണ്ടേ കഴിഞ്ഞു.

കണ്ണിലെണ്ണ ഒഴിച്ച് മതവികാരം സംരക്ഷിച്ചിട്ടും എന്താണ് കിട്ടിയത്? ഫ്രാങ്കോ എന്ന പുണ്യവാളനെ അറസ്റ്റ് ചെയ്യാന്‍ വൈക്കം ഡിവൈഎസ്പി ഒരു കൈവിലങ്ങുമായി ജലന്തര്‍ വരെ പോയതും അവിടെ ചെന്ന് അരമനയില്‍ പ്രവേശനം ലഭിക്കാതെ ഉറി പോലെ തിരിച്ചുവന്നതും നമുക്ക് മുമ്പിലുണ്ട്.

പിന്നീട് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സുഹൃത്തുക്കളായ കന്യാസ്ത്രീകള്‍ ഹൈക്കോടതിയുടെ മുമ്പില്‍ ഒരു സത്യാഗ്രഹം സംഘടിപ്പിച്ചു. ഇവിടെ ജസ്റ്റിസ് കമാല്‍ പാഷ എത്തി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ശേഷമാണ് ഇത് ഒരു പാളത്തില്‍ കയറിയത്.

പിന്നെയും 15 ദിവസം കഴിഞ്ഞിട്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടിരിക്കവെ ഫ്രാങ്കോയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് ജാമ്യവും കിട്ടി.

മറ്റ് പലര്‍ക്കും കിട്ടാത്ത ഒരു സൗകര്യം ഫ്രാങ്കോയ്ക്ക് കട്ടി, നീതിപീഠം പോലും അയാള്‍ക്ക് കനിഞ്ഞു.

കത്തോലിക്ക സഭ ആയിക്കോള്ളട്ടെ ഏത് സംഘടനയുമായിക്കൊള്ളട്ടെ, അവരുടെ മുട്ടാപ്പോക്കിന് മുമ്പില്‍ മുട്ട് വിറയ്ക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നത്.

പിണറായി വിജയന്‍ ഇരട്ടച്ചങ്കാണെന്ന് പറഞ്ഞാലും ഫലത്തില്‍ ഓട്ടച്ചങ്കാണ് കാണുന്നത്. ഉമ്മന്‍ചാണ്ടി ചെയ്താല്‍ മനസിലാകും പക്ഷെ പിണറായി വിജയന്‍ ചെയ്യുമ്പോഴാണ് സംഭവത്തിന്റെ ദയനീയത മനസിലാകുന്നത്.’

CLICK TO FOLLOW UKMALAYALEE.COM