‘സര്‍വജന’രോഷം ഇരമ്പി; വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി – UKMALAYALEE

‘സര്‍വജന’രോഷം ഇരമ്പി; വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി

Saturday 23 November 2019 5:06 AM UTC

ബത്തേരി Nov 23 : വയനാട്‌ ബത്തേരിയിലെ സര്‍വജന ഗവ. സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ്‌ മരിച്ച സംഭവത്തില്‍ കേരളമെങ്ങും ജനരോഷമിരമ്പി. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധസമരം അക്രമാസക്‌തമായതോടെ വയനാട്‌ ജില്ലാ കലക്‌ടറേറ്റ്‌ പരിസരം മൂന്നുമണിക്കൂറോളം പോര്‍ക്കളമായി.

സര്‍ക്കാര്‍ സ്‌കൂളിലെ ദാരുണസംഭവത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്‌.യു, എ.ബി.വി.പി, എം.എസ്‌.എഫ്‌. എന്നീ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം എസ്‌.എഫ്‌.ഐയും സമരരംഗത്തിറങ്ങി.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഓഫീസിലേക്കു വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞതോടെയാണു സംഘര്‍ഷമുണ്ടായത്‌. നിരവധി തവണ പോലീസ്‌ ലാത്തിവീശി.

സര്‍വജന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിനു മുന്നിലും ബത്തേരി ടൗണിലും പ്രകടനം നടത്തി.

“മരിച്ചതല്ല, ഷഹനയെ കൊന്നതാണ്‌, ചികിത്സ വൈകിയതാണ്‌ മരണകാരണം, കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുക” എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളുമായി ടൗണില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ തുടര്‍ന്ന്‌ സ്‌കൂള്‍ പടിക്കല്‍ കുത്തിയിരുന്നു.

പാമ്പിന്റെ രൂപവും കരിങ്കൊടിയും കൈയിലേന്തിയായിരുന്നു വിദ്യാര്‍ഥിസമരം. വിവിധ രാഷ്‌ട്രീയകക്ഷികളും വിദ്യാര്‍ഥി സംഘടനകളും നാട്ടുകാരും പിന്തുണയുമായെത്തി.

കലക്‌ടറേറ്റ്‌ വളപ്പിലുണ്ടായിരുന്ന പോലീസുകാരെ തള്ളിമാറ്റി ഡി.ഡി.ഇ. ഓഫീസിലേക്കു പോകാന്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ്‌ ആദ്യസംഘര്‍ഷമുണ്ടായത്‌.

പ്രധാനകവാടത്തില്‍ ഡി.വൈ.എഫ്‌.ഐ. സമരം നടക്കവേ, രണ്ടാം ഗേറ്റിലൂടെ എസ്‌.എഫ്‌.ഐക്കാര്‍ ഓടിക്കയറിയതോടെ പോലീസ്‌ ലാത്തിവീശി. പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ഡി.ഡി.ഇ. ഓഫീസിനു മുന്നിലെത്തിയ മൂന്ന്‌ എ.ബി.വി.പി. പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി.

തുടര്‍ന്ന്‌ സമരക്കാര്‍ ദേശീയപാത ഉപരോധിച്ചു. രാവിലെ പതിനൊന്നോടെ ആരംഭിച്ച പ്രതിഷേധം ഉച്ചകഴിഞ്ഞ്‌ രണ്ടോടെയാണ്‌ അവസാനിച്ചത്‌.

ഹൈക്കോടതി ഇടപെടലിനേത്തുടര്‍ന്ന്‌, ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയെ പ്രതിനിധീകരിച്ച്‌ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്‌ജി എ. ഹാരിസിന്റെ നേതൃത്വത്തില്‍ ന്യായാധിപസംഘം സ്‌കൂളില്‍ പരിശോധന നടത്തി.

മന്ത്രിമാരായ വി.എസ്‌. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്‌, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവര്‍ ഇന്നു ഷഹന ഷെറിന്റെ വീടും സ്‌കൂളും സന്ദര്‍ശിക്കും.

ഇന്നു രാവിലെ 10-നു യു.ഡി.എഫ്‌. നടത്തുന്ന ബത്തേരി പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയും.

CLICK TO FOLLOW UKMALAYALEE.COM