സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍; തീരുമാനം 27-ന്‌ – UKMALAYALEE

സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍; തീരുമാനം 27-ന്‌

Friday 24 July 2020 3:38 AM UTC

തിരുവനന്തപുരം July 24: കോവിഡ്‌ സമ്പര്‍ക്കവ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം 27-ന്‌. ഇന്നലെ മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും വിദഗ്‌ധരുമായടക്കം ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇന്നു ചേരുന്ന സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായവും കണക്കിലെടുക്കും.

പ്രതിദിന രോഗികളുടെ എണ്ണം 3000 മുതല്‍ 5000 വരെയായി ഉയരാമെന്നാണു ദുരന്തനിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ടെന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സമ്പൂര്‍ണ ലോക്ക്‌ഡൗണിനെ അനുകൂലിച്ചും എതിര്‍ത്തും നിര്‍ദേശങ്ങളുയര്‍ന്നു.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ പൂര്‍ണമായ അടച്ചിടലാണു ഫലപ്രദമെന്ന്‌ മന്ത്രിമാരില്‍ ഒരു വിഭാഗം വാദിച്ചു.

എന്നാല്‍, തകര്‍ന്നുകിടക്കുന്ന സാമ്പത്തികസ്‌ഥിതി കൂടുതല്‍ വഷളാകുമെന്നും ജനങ്ങളുടെ ദുരിതം കൂടുമെന്നും ചില മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.

ക്ലസ്‌റ്റര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി രോഗം പിടിച്ചുനിര്‍ത്തുകയാണു വേണ്ടതെന്ന്‌ അവര്‍ നിര്‍ദേശിച്ചു.

പ്രതിപക്ഷത്തിന്റെ അഭിപ്രായവും കണക്കിലെടുത്ത്‌ 27-നു ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

CLICK TO FOLLOW UKMALAYALEE.COM