സത്താര്‍ അന്തരിച്ചു – UKMALAYALEE

സത്താര്‍ അന്തരിച്ചു

Wednesday 18 September 2019 5:27 AM UTC

കൊച്ചി Sept 18: മലയാളസിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങിയ നടന്‍ സത്താര്‍ (67) അന്തരിച്ചു. കരള്‍വീക്കത്തെത്തുടര്‍ന്ന്‌ മൂന്നുമാസത്തിലേറെയായി ചികിത്സയിലായിരുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 3.50നായിരുന്നു അന്ത്യം. മരണസമയത്തു നടിയും മുന്‍ഭാര്യയുമായ ജയഭാരതിയും മകന്‍ കൃഷ്‌ ജെ. സത്താറും അടുത്തുണ്ടായിരുന്നു.

മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി നൂറ്റന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ച സത്താര്‍ സീരിയല്‍ രംഗത്തും സജീവമായിരുന്നു. പടിഞ്ഞാറെ കടുങ്ങല്ലുര്‍ വാരപറമ്പില്‍ ഖാദര്‍പിള്ള-ഫാത്തിമ ദമ്പതികളുടെ മകനായി 1952 ലാണ്‌ ജനനം.

ആലുവ യു.സി കോളജില്‍ പഠിക്കുമ്പോഴാണ്‌ സിനിമയിലെത്തിയത്‌. 1976ല്‍ വിന്‍സെന്റിന്റെ “അനാവരണം” എന്ന ചിത്രത്തില്‍ നായകനായി. തുടര്‍ന്ന്‌ നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2014ല്‍ പുറത്തിറങ്ങിയ “പറയാന്‍ ബാക്കിവച്ചത്‌” ആണ്‌ അവസാന ചിത്രം.

മൊയ്‌തു പടിയത്തിന്റെ യത്തീം, ശ്രീമൂലനഗരം വിജയന്റെ പത്മതീര്‍ത്ഥം, ശരപഞ്‌ജരം, മൂര്‍ഖന്‍, ഈ നാട്‌ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട ആദ്യകാല ചിത്രങ്ങളാണ്‌. നടന്‍ രതീഷുമായി ചേര്‍ന്ന്‌ കമ്പോളം, റിവെഞ്ച്‌, ബ്ലാക്ക്‌ മെയില്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌.

ഇന്നലെ വൈകിട്ട്‌ നാലിന്‌ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാമസ്‌ജിദ്‌ കബര്‍സ്‌ഥാനില്‍ കബറടക്കം നടത്തി.

കലാ, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളില്‍നിന്നുള്ള പ്രമുഖരടക്കം നിരവധിപ്പേര്‍ പ്രിയ നടന്‌ ആദരാഞ്‌ജലികളര്‍പ്പിച്ചു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഹൈബി ഈഡന്‍ എം.പി, നടന്‍മാരായ മമ്മൂട്ടി, പൃഥ്വിരാജ്‌, സിദ്ധിഖ്‌, സാദിഖ്‌, ടോണി, കലാഭവന്‍ അന്‍സാര്‍, കലാഭവന്‍ റഹ്‌മാന്‍, കുഞ്ചന്‍, സംവിധായകരായ അക്കു അക്‌ബര്‍, ബൈജു കൊട്ടാരക്കര, എം.എല്‍.എ. മാരായ അന്‍വര്‍ സാദത്ത്‌, പി.ടി. തോമസ്‌, ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബി.എ. അബ്‌ദുള്‍ മുത്തലിബ്‌, കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രത്‌നമ്മ സുരേഷ്‌, ഡൊമിനിക്‌ പ്രസന്റേഷന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

CLICK TO FOLLOW UKMALAYALEE.COM